‘അപകടരഹിത’ ഓഫിസുകളെ ആദരിക്കാൻ കെ.എസ്.ഇ.ബി
text_fieldsതിരുവനന്തപുരം: ജീവനക്കാരുടെ അനാസ്ഥയടക്കം വിവിധ കാരണങ്ങളാൽ വൈദ്യുത അപകടങ്ങൾ വർധിക്കുന്നതിനിടെ ‘അപകട രഹിത’ ഓഫിസുകളെ ആദരിക്കാൻ തീരുമാനമെടുത്ത് കെ.എസ്.ഇ.ബി. വൈദ്യുത അപകടങ്ങൾ കുറയ്ക്കാൻ ഇടപെടണമന്ന വകുപ്പു മന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിലാണ് കെ.എസ്.ഇ.ബിയുടെ ‘സീറോ ആക്സിഡന്റ്’ സെഷൻ, സബ് ഡിവിഷൻ, ഡിവിഷൻ ഓഫിസുകളെ തെരഞ്ഞെടുത്ത് ആദരിക്കാനുള്ള തീരുമാനം.
അവാർഡ് ലഭിക്കുന്ന ഓഫിസുകളിൽ ഈ വിവരം എല്ലാവരും കാണുംവിധം പ്രദർശിപ്പിക്കണം. ആകെയുള്ള 776 സെക്ഷൻ ഓഫിസുകളിൽ 400ൽ അധികം സെക്ഷൻ ഓഫിസുകൾക്ക് കീഴിൽ 2023ൽ അപകടങ്ങൾ ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. അപകടരഹിത ഓഫിസുകളുടെ മാതൃക മറ്റ് ഓഫിസുകൾ പിന്തുടരണമെന്ന സന്ദേശംകൂടി നൽകുകയാണ് ആദരിക്കലിന്റെ ലക്ഷ്യം. 2020ൽ-554, 2021-ൽ 563, 2022-ൽ 480, 2023-ൽ 401 എന്നിങ്ങനെ വൈദ്യുത അപകടങ്ങൾ ഉണ്ടായതായാണ്കണക്കുകൾ.
പൊട്ടിക്കിടക്കുന്ന വൈദ്യുത ലൈനിൽനിന്ന് ഷോക്കേറ്റടക്കമുള്ള അപകടങ്ങളടക്കം വർധിക്കുന്നതിൽ കെ.എസ്.ഇ.ബിക്കെതിരെ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. ഒടുവിൽ പറമ്പിൽപൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽ തട്ടി വയോധികൻ ഷോക്കേറ്റ് മരിച്ച സംഭവവുമുണ്ടായി. ഇതിന് പിന്നാലെയാണ് അപകട രഹിത ഓഫിസുകളെ തെരഞ്ഞെടുക്കാനുള്ള പദ്ധതി. തെരഞ്ഞെടുക്കപ്പെട്ട ഓഫിസുകളുടെ ചുമതലക്കാരെയും ജീവനക്കാരെയും വൈദ്യുതഭവനിലും ബന്ധപ്പെട്ട മറ്റ് ഓഫിസുകളിലും വെച്ച് ആദരിക്കും. ഇവർക്ക് അനുമോദന സർട്ടിഫിക്കറ്റും മെമന്റോയും നൽകും. 2024ലെ വൈദ്യുത സുരക്ഷാവാരാചരണവുമായി ബന്ധപ്പെട്ടാവും ആദരവ്. അതേസമയം, വൈദ്യുത അപകടങ്ങൾ കുറയ്ക്കാൻ കാര്യക്ഷമമായ പ്രവർത്തന പദ്ധതി താഴേതട്ടിലടക്കം നടപ്പാക്കാൻ കെ.എസ്.ഇ.ബി സന്നദ്ധമാകുന്നില്ലെന്ന ആക്ഷേപവും നിലനിൽക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.