വൈകുന്നേരത്തെ വൈദ്യുതി ഉപയോഗം ക്രമീകരിക്കണമെന്ന് കെ.എസ്.ഇ.ബി
text_fieldsതിരുവനന്തപുരം: വേനൽ കടുത്ത സാഹചര്യത്തിൽ വൈകീട്ട് ആറ് മുതൽ രാത്രി 11 വരെയുള്ള വൈദ്യുതി ഉപയോഗം ക്രമീകരിക്കണമെന്ന് കെ.എസ്.ഇ.ബി അഭ്യർഥിച്ചു. ഇസ്തിരിപ്പെട്ടി, വാട്ടർ പമ്പ് സെറ്റ്, വാഷിങ് മെഷീൻ, ഇൻഡക്ഷൻ സ്റ്റൗ തുടങ്ങിയ വൈദ്യുതി കൂടുതലാകുന്ന ഉപകരണങ്ങൾ ഈ സമയം ഉപയോഗിക്കുന്നത് ഒഴിവാക്കണം. വസ്ത്രം അലക്കുന്നതും ഇസ്തിരിയിടുന്നതും വൈദ്യുതി ഉപയോഗിച്ചുള്ള പാചകവും പകലോ രാത്രി 11ന് ശേഷമോ ആക്കി ക്രമീകരണമെന്നും ബോർഡ് നിർദേശിച്ചു.
കഴിഞ്ഞ ആറുവർഷത്തെ ഏറ്റവും കുറവ് ജലനിരപ്പാണ് ജലസംഭരണികളിൽ. പീക്ക് സമയത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയരുകയുമാണ്. വൈകീട്ട് ആറുമുതൽ 11 വരെയുള്ള സമയത്തെ വർധിച്ച ആവശ്യത്തിനായി സംസ്ഥാനത്തിന് പുറത്തുനിന്ന് വലിയ വില നൽകി വൈദ്യുതി വാങ്ങി വിതരണം ചെയ്യേണ്ട സ്ഥിതിയാണ്.
കൽക്കരി ക്ഷാമവും ഇറക്കുമതി ചെയ്ത, വിലകൂടിയ കൽക്കരി കൂടുതലായി ഉപയോഗിക്കണമെന്ന നിർദേശവുംമൂലം താപവൈദ്യുതിക്ക് വില കൂടുതലാണ്. വൈദ്യുതി ഉപയോഗം ക്രമാതീതമായി ഉയരുകയും ആഭ്യന്തര ഉൽപാദന സാധ്യത കുറയുകയും ചെയ്താൽ പ്രതിസന്ധി രൂക്ഷമാകുമെന്നും കെ.എസ്.ഇ.ബി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.