കെ.എസ്.ഇ.ബി: 912 ഒഴിവുകൾ ഒറ്റഘട്ടമായി റിപ്പോർട്ട് ചെയ്യും
text_fieldsതിരുവനന്തപുരം: കെ.എസ്.ഇ.ബിയിലെ 912 ഒഴിവുകൾ ഒറ്റഘട്ടമായി പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യും. അർഹരായവർക്ക് ആശ്രിതനിയമനം നടത്തുന്നതിനുള്ള നടപടികളും സ്വീകരിക്കും. ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഇ.ഇ.എഫ്.ഐ) ഭാരവാഹികളുമായി മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ് മാനേജ്മെൻറ് നിലപാട് വ്യക്തമാക്കിയത്.
നിയമനമടക്കമുള്ള വിഷയങ്ങളിൽ നടപടിയെടുക്കാമെന്ന ഉറപ്പിന്‍റെ അടിസ്ഥാനത്തിൽ കഴിഞ്ഞമാസം 17 മുതല്‍ നടത്തിവന്ന അനിശ്ചിതകാല സത്യഗ്രഹം അവസാനിപ്പിക്കാൻ തീരുമാനിച്ചതായി ഇ.ഇ.എഫ്.ഐ കേരള ചാപ്റ്റര്‍ കണ്‍വീനര്‍ എസ്. ഹരിലാല്‍ അറിയിച്ചു. മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി വേഗത്തില്‍ നടപ്പാക്കുന്നതിനുള്ള നിര്‍ദേശം ചർച്ചയിൽ കെ.എസ്.ഇ.ബി മാനേജ്‌മെന്റിന് മന്ത്രി നല്‍കി. നേരത്തേയുള്ള തീരുമാനപ്രകാരം ഒഴിവുള്ള തസ്തികകളിലേക്കുള്ള 912 നിയമനങ്ങളും ഒറ്റഘട്ടമായി പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനൊപ്പം മറ്റ് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് സംഘടന പ്രതിനിധികളും മാനേജ്‌മെന്റ് പ്രതിനിധികളും അടങ്ങുന്ന സബ് കമ്മിറ്റിയെ നിയോഗിക്കും.
വിഷയങ്ങള്‍ സബ്കമ്മിറ്റി ചര്‍ച്ചചെയ്ത് എത്രയും പെട്ടെന്ന് തീരുമാനം എടുക്കാനും മന്ത്രി നിര്‍ദേശിച്ചു. വെള്ളിയാഴ്ച എല്ലാ ഡിവിഷന്‍ ഓഫിസുകള്‍ക്ക് മുന്നിലും തിരുവനന്തപുരത്ത് വൈദ്യുതി ഭവന് മുന്നിലും വിജയാഹ്ലാദ പ്രകടനവും വിശദീകരണയോഗവും നടത്തുമെന്നും ഇ.ഇ.എഫ്.ഐ കേരള ചാപ്റ്റര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.