പാനൂരിൽ കെ.എസ്.ഇ.ബി വാഹനം വെള്ളക്കെട്ടിൽ മറിഞ്ഞ് മുങ്ങി
text_fieldsപാനൂർ: മേലെ ചമ്പാട് മനയത്ത് വയലിൽ വെള്ളക്കെട്ടിൽ കെ.എസ്.ഇ.ബിയുടെ ജീപ്പ് മറിഞ്ഞു. മുങ്ങിപ്പോയ ജീപ്പിൽ കുടുങ്ങിയ കെ.എസ്.ഇ.ബി ജീവനക്കാരെ അതിസാഹസികമായി രക്ഷിച്ചു. വെള്ളിയാഴ്ച പുലർച്ച നാലു മണിയോടെയാണ് അപകടമുണ്ടായത്. പാനൂർ ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് ജീവനക്കാരെ രക്ഷപ്പെടുത്തിയത്.
ലൈൻമാൻ വാളാങ്കിച്ചാൽ കുഞ്ഞി പറമ്പത്ത് അശോകൻ (55), വർക്കർ പൊന്ന്യം വെസ്റ്റിലെ കല്ലൻ കുനിയിൽ അനീഷ് (46), വാഹന ഡ്രൈവർ നരവൂരിലെ വലിയ വീട്ടിൽ വിജേഷ് (43) എന്നിവരെയാണ് സീനിയർ ഫയർ ഓഫിസർ കെ. സുനിലിന്റെ നേതൃത്വത്തിൽ രക്ഷിച്ചത്.
മുഴുവനായും മുങ്ങിയ ജീപ്പിന് മുകളിലായിരുന്നു ജീവനക്കാർ നിലയുറപ്പിച്ചിരുന്നത്. മനയത്ത് വയൽ ട്രാൻസ്ഫോമറിലെ തകരാർ പരിഹരിക്കാൻ വാഹനത്തിലെത്തിയതായിരുന്നു ഈ ജീവനക്കാർ. വെള്ളത്തിൽ കുടുങ്ങിയ ഉദ്യോഗസ്ഥർ സബ് എൻജിനീയർ വിനീഷിനെ ഫോണിൽ വിളിച്ചു പറഞ്ഞതിനെ തുടർന്ന് ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. വെള്ളമുയരുന്നതിനനുസരിച്ച് ജീപ്പിന്റെ മുകളിൽ കയറി നിൽക്കുകയായിരുന്നു ഇവർ.
ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ പ്രജീഷ്, രഞ്ജിത്ത്, അഖിൽ, പ്രലേഷ്, സരുൺലാൽ എന്നിവരും രക്ഷാപ്രവർത്തക സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.