വൈദ്യുതി വേണോയെന്ന് കെ.എസ്.ഇ.ബി; പകൽ ലേലംവിളി; രാത്രി നിലവിളി
text_fieldsപാലക്കാട്: രാത്രി രൂക്ഷമായ വൈദ്യുതിക്ഷാമം അനുഭവപ്പെടുമ്പോൾ പകൽ വൈദ്യുതി ചെലവാക്കാനാകാതെ കെ.എസ്.ഇ.ബി തിരിച്ചേൽപിക്കുന്നു.
കഴിഞ്ഞ നാലു വർഷത്തിനിടെ 6000 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് കേന്ദ്രസർക്കാറിന്റെ സെൻട്രൽ ജനറേറ്റിങ് സ്റ്റേഷനിലേക്ക് തിരിച്ചടച്ചതെന്ന് കെ.എസ്.ഇ.ബി ഏജൻസിയായ സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്ററിന്റെ കണക്കുകൾ വെളിപ്പെടുത്തുന്നു. 2022 ഏപ്രിൽ മുതൽ 2023 മാർച്ച് വരെ മാത്രം 1198.80 ദശലക്ഷം യൂനിറ്റാണ് തിരിച്ചടച്ചത്.
സന്ധ്യസമയങ്ങളിൽ വൈദ്യുതിക്കമ്മിയും പകൽ സമയങ്ങളിൽ ആധിക്യവും സംസ്ഥാനത്തിന്റെ പ്രത്യേകതയാണ്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായി വ്യവസായിക ഉപഭോഗം കുറവായതാണ് ഇതിന് കാരണം. സംസ്ഥാനത്തിന്റെ മൊത്തം ആവശ്യകത പരിഗണിച്ച് ഊർജം വിലക്ക് വാങ്ങുമ്പോൾ പലപ്പോഴും ഇത് പരിഗണിക്കാറില്ലെന്നത് നയവൈകല്യമായി ഊർജരംഗത്തെ വിദഗ്ധർ വിലയിരുത്തുന്നു. വൈദ്യുതിക്കമ്മിയുടെ പേരിൽ മുറവിളി കൂട്ടുമ്പോൾ പകൽ സമയത്തെ അമിത വൈദ്യുതി കണക്കിലെടുക്കാറുമില്ല.
തിരിച്ചുകൊടുക്കുന്നത് സ്വകാര്യ ഉൽപാദകരിൽനിന്ന് കൂടിയ വിലക്ക് വാങ്ങുന്ന വൈദ്യുതിയാണ്. ഇതിനാലാണ് കെ.എസ്.ഇ.ബിയുടെ കോടികൾ ചോരുന്നത്. യൂനിറ്റിന് മൂന്നു മുതൽ നാലു വരെ ഫിക്സഡ് ചാർജ് കൂടി ഇതേ വൈദ്യുതിക്കായി കമ്പനികൾക്ക് നൽകേണ്ടി വരാറുമുണ്ട്.
വൈദ്യുതിക്കമ്മിയുള്ള ഉപഭോഗാധിക്യ സമയങ്ങളിലേക്ക് (പീക് അവർ) മാത്രം വൈദ്യുതിയെത്തിക്കുന്നതിന് പകരം മുഴുദിവസക്കണക്കിലും 25 വർഷ ദീർഘകാലത്തേക്കുമായി വൈദ്യുതി കമ്പനികളുമായി കരാറിലേർപ്പെടുന്നതിന് പിന്നിൽ കെ.എസ്.ഇ.ബിക്ക് സ്ഥാപിത താൽപര്യമുണ്ടെന്ന ആരോപണം നേരത്തേ ഉയർന്നിരുന്നു.
യു.ഡി.എഫ് ഭരണത്തിൽ കരാർ ഒപ്പിടുന്നതിലും എൽ.ഡി.എഫ് ഭരണത്തിൽ കരാർ തുടരുന്നതിലും കാണിക്കുന്ന താൽപര്യം, ടെൻഡർ നടപടികൾ പാലിച്ചില്ലെന്ന ആരോപണത്തിൽ അംഗീകാരമില്ലാതിരുന്ന കരാറുകൾക്ക് അനുമതി ലഭിച്ച പശ്ചാത്തലത്തിൽ ചർച്ചയാവുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.