ചർച്ചയിൽ തീരുമാനമായില്ല; കെ.എസ്.ഇ.ബി-ജലഅതോറിറ്റി കുടിശ്ശിക തർക്കം തുടരും
text_fieldsതിരുവനന്തപുരം: വൈദ്യുത ചാർജിനത്തിൽ ജല അതോറിറ്റി കെ.എസ്.ഇ.ബിക്ക് നൽകേണ്ട കുടിശ്ശിക ഈടാക്കുന്നതുമായി ബന്ധപ്പെട്ട മന്ത്രിതല യോഗത്തിൽ തീരുമാനമായില്ല. ധനമന്ത്രിയുടെ സാന്നിധ്യത്തിൽ ബന്ധപ്പെട്ട വകുപ്പുകളിലെ മന്ത്രിമാർ പെങ്കടുത്ത യോഗം വിഷയം ഉടൻ പരിഹരിക്കണമെന്ന നിർദേശമാണ് മുേന്നാട്ടുവെച്ചത്.
ജല അതോറിറ്റിയുടെ പ്രതിമാസ വരുമാനത്തിന്റെ 30 ശതമാനമെങ്കിലും എല്ലാ മാസവും കുടിശ്ശികയിനത്തിൽ പ്രത്യേക അക്കൗണ്ടിലേക്ക് നൽകണമെന്ന ആവശ്യം കെ.എസ്.ഇ.ബി ഉന്നയിച്ചെങ്കിലും ഇതു സാധ്യമാവില്ലെന്ന നിലപാട് ജല അതോറിറ്റി ആവർത്തിക്കുകയായിരുന്നു. തുടർന്ന് കൂടുതൽ ചർച്ചകൾ നടത്തി രണ്ടു ദിവസത്തിനകം തീരുമാനം അറിയിക്കാൻ ജല അതോറിറ്റിക്ക് യോഗം നിർദേശം നൽകി.
ജല അതോറിറ്റി കെ.എസ്.ഇ.ബിക്ക് നൽകാനുള്ള കുടിശ്ശിക തുക 1692 കോടി രൂപയാണ്. ഇൗ തുക വർധിക്കുന്നതിനാൽ നിശ്ചിത ശതമാനം പണം എല്ലാ മാസവും കെ.എസ്.ഇ.ബിക്ക് കൈമാറുന്നതിന് എസ്ക്രോ അക്കൗണ്ട് ആരംഭിക്കാൻ ധനവകുപ്പ് കഴിഞ്ഞ ഒക്ടോബർ 30നാണ് ജല അതോറിറ്റിയോട് ആവശ്യപ്പെട്ടത്. എന്നാൽ, ഇത് ബുദ്ധിമുട്ടാണെന്ന നിലപാടാണ് ജല അതോറിറ്റി സ്വീകരിച്ചത്. അതിനിടെയാണ് കുടിശ്ശിക അടയ്ക്കാത്ത കണക്ഷനുകൾ വിച്ഛേദിക്കാൻ അനുമതി തേടാൻ കെ.എസ്.ഇ.ബി ഡയറക്ടർ ബോർഡ് തീരുമാനമെടുക്കുകയും സർക്കാറിനെ സമീപിക്കുകയും ചെയ്തത്. കെ.എസ്.ഇ.ബിക്ക് കിട്ടേണ്ട പണം പിരിച്ചെടുക്കാൻ ധനവകുപ്പ് കാട്ടുന്ന താൽപര്യം വെള്ളം ഉപയോഗിച്ച വകയിൽ തദ്ദേശസ്ഥാപനങ്ങളിൽനിന്നും സർക്കാർ വകുപ്പുകളിൽനിന്നുമടക്കം ഈടാക്കുന്നതിന് ഉണ്ടാകുന്നില്ലെന്ന ആക്ഷേപം ജലഅതോറിറ്റി വൃത്തങ്ങൾക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.