എതിർപ്പിനിടെ സ്മാർട്ട് മീറ്ററുമായി കെ.എസ്.ഇ.ബി
text_fieldsതൃശൂർ: സ്മാർട്ട് മീറ്ററിനെതിരെ ജീവനക്കാരുടെ സംഘടനകളുടെ സമരം ശക്തമായി തുടരുമ്പോഴും പദ്ധതി ഉൾക്കൊള്ളുന്ന ആര്.ഡി.എസ്.എസ് (റിവാമ്പ്ഡ് ഡിസ്ട്രിബ്യൂഷൻ സെ്കടർ സ്കീം ) പദ്ധതിയുമായി കെ.എസ്.ഇ.ബി മുന്നോട്ട്. സ്മാർട്ട് മീറ്ററുകളിലെ വിവരങ്ങൾ ഉൾപ്പെടെ ശേഖരിക്കാനുള്ള കൺട്രോൾ സെന്റർ ബിൾഡിങ്ങുകൾ വിവിധ ജില്ലകളിൽ നിർമിക്കാനാണ് കെ.എസ്.ഇ.ബി അംഗീകാരം നൽകിയത്.
ഇതിന്റെ ഭാഗമായി തൃശൂർ, കണ്ണൂർ, കൊല്ലം, കോട്ടയം, മലപ്പുറം, എറണാകുളം എന്നിവിടങ്ങളിലാണ് സൂപ്പർവൈസറി കൺട്രോൾ ആൻഡ് ഡാറ്റ അക്വിസിഷൻ ( സ്കാഡ) കേന്ദ്രങ്ങൾ സ്ഥാപിക്കുക. കേന്ദ്രങ്ങളിൽ സൂക്ഷിക്കുന്ന വിവരങ്ങൾ അപകടങ്ങളിലും മറ്റും നഷ്ടപ്പെട്ടാലും പകർപ്പ് സൂക്ഷിക്കാൻ ഡിസാസ്റ്റർ റിപ്ലിക്ക റിക്കവറി സെന്റർ എന്ന മറ്റൊരു കേന്ദ്രവും എറണാകുളത്ത് സ്ഥാപിക്കും. തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലകളിൽ കെട്ടിടം നിർമിക്കാൻ 6.48 കോടി വീതം അനുവദിക്കാനും കെ.എസ്.ഇ.ബിയുടെ മുഴുസമയ ഡയറക്ടർമാരുടെ യോഗം തീരുമാനിച്ചു.
ഓരോ ജില്ലയിലും കെട്ടിടം നിർമിക്കാനുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ചീഫ് എൻജിനീയർക്കാണ് കൺട്രോൾ സെന്ററുകളുടെ നിർമാണത്തിന്റെ ചുമതല. വൈദ്യുതി വിതരണ മേഖലയുടെ വികസനവും നവീകരണവും ലക്ഷ്യമിട്ട പദ്ധതിയാണ് ആർ.ഡി.എസ്.എസ് വൈദ്യുതിലൈനുകൾക്ക് ശക്തികൂട്ടൽ, ലൈനുകൾ മാറ്റിസ്ഥാപിക്കൽ, ട്രാൻസ്ഫോർമർ സ്ഥാപിക്കൽ, ഫീഡറിൽ നിന്നുള്ള ഡാറ്റ ശേഖരണം, ലൈൻ ഓണാക്കുന്നതും ഓഫ് ചെയ്യലും ഉയരത്തിലെ ലൈനുകൾ കേബിളുകളാക്കൽ, പുതിയ സബ്സ്റ്റേഷനുകൾ തുടങ്ങി വിതരണ മേഖലയുമായി ബന്ധപ്പെടുന്ന സമഗ്ര പരിഷ്കരണമാണ് കേന്ദ്രാവിഷ്കൃത പദ്ധതിയായ ആര്.ഡി.എസ്.എസിലൂടെ ഉദ്ദേശിക്കുന്നത്.
ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നിയന്ത്രിക്കാനുമുള്ള കേന്ദ്രങ്ങളാണ് വിവിധ ജില്ലകളിൽ തുടങ്ങാൻ ഉത്തരവിട്ടത്. സ്മാർട്ട് മീറ്ററില്‍ നിന്നുള്ള വിവരങ്ങള്‍ സ്ക്വാഡ കേന്ദ്രീകൃത സെര്വറിലാണെത്തുക. മീറ്റര്‍ റീഡിങ് പൂര്‍ണമായും കേന്ദ്രീകൃതമാകും. ബില്ല് തയാറാക്കുന്നതടക്കമുള്ള നടപടികളും കേന്ദ്രീകൃതമായിത്തന്നെ നിര്‍വഹിക്കാൻ സഹായിക്കുന്നതാണ് സ്ക്വാഡ കേന്ദ്രങ്ങൾ.
ഡിസംബറിൽ സ്മാർട്ട് മീറ്ററിന്റെ ആദ്യഘട്ടം പൂർത്തിയാക്കിയില്ലെങ്കിൽ ആര്.ഡി.എസ്.എസ് പദ്ധതിയിൽ സംസ്ഥാനത്ത് നടപ്പാക്കുന്ന 12,056 കോടിയുടെ പദ്ധതികളാണ് അനിശ്ചിതാവസ്ഥയിലാകുക. ഇത് സംബന്ധിച്ച് കേന്ദ്ര ഊർജമന്ത്രാലത്തിന്റെ മുന്നറിയിപ്പും സംസ്ഥാനത്തിന് ലഭിച്ചിട്ടുണ്ട്.
പദ്ധതിയിൽ ഒന്നാംഘട്ടത്തിൽ അനുമതി ലഭിച്ച 12,056 കോടിയുടെ പദ്ധതിയിൽ വിതരണനഷ്ടം കുറക്കാനുള്ള 1755 കോടി രൂപയുടെ ടെൻഡർ വിവിധ ഘട്ടങ്ങളിലാണ്. ആർ.ഡി.എസ്.എസ് പദ്ധതിയിൽ കേരളത്തിന് കൂടുതൽ വിഹിതമെന്ന നിർദേശം കേന്ദ്ര സർക്കാർ പരിഗണിക്കാമെന്നറിയിച്ചിരുന്നെങ്കിലും സ്മാർട്ട് മീറ്റർ സ്തംഭനത്തിൽ തുടർനടപടികളുണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.