വൈദ്യുതി ജീവനക്കാരുടെ പ്രക്ഷോഭം; ഇന്ന് യൂനിയനുകളുമായി ചർച്ച
text_fieldsതിരുവനന്തപുരം: കെ.എസ്.ഇ.ബി മാനേജ്മെന്റും ഇടത് യൂനിയനുകളും തമ്മിലെ പോരും വൈദ്യുതിഭവനു മുന്നിൽ തുടരുന്ന പ്രക്ഷോഭവുമുണ്ടാക്കിയ അനിശ്ചിതത്വം പരിഹരിക്കാൻ തൊഴിലാളി യൂനിയനുകളുമായി വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി ചർച്ച നടത്തും. വെള്ളിയാഴ്ച ഉച്ചക്ക് 12.30ന് മന്ത്രിയുടെ ഓഫിസിലാണ് ചർച്ച. കെ.എസ്.ഇ.ബി വർക്കേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന ജനറൽ സെക്രട്ടറി എസ്. ഹരിലാലും കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) ജനറൽ സെക്രട്ടറി എം.പി. ഗോപകുമാറും യൂനിയനുകളെ പ്രതിനിധീകരിച്ച് പങ്കെടുക്കും.
സർക്കാറിനുതന്നെ നാണക്കേടാവുന്ന തരത്തിൽ പ്രശ്നം രൂക്ഷമായതോടെ വിഷയം ചർച്ച ചെയ്യാൻ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എന്നിവർ എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവന്റെ സാന്നിധ്യത്തിൽ വ്യാഴാഴ്ച എ.കെ.ജി സെന്ററിൽ യോഗം ചേർന്നു.
യോഗത്തിൽ വിഷയം നീട്ടിക്കൊണ്ടുപോകരുതെന്ന നിലപാടാണ് സി.പി.എം സ്വീകരിച്ചത്. സി.ഐ.ടി.യു, എ.ഐ.ടി.യു.സി നിലപാടുകൾ കാനം രാജേന്ദ്രനും എളമരം കരീമും വ്യക്തമാക്കി.
യൂനിയനുകളെ വിശ്വാസത്തിലെടുക്കുന്ന തരത്തിലാകണം തീരുമാനമെന്ന് നേതാക്കൾ മന്ത്രിയോട് അഭിപ്രായപ്പെട്ടു. എസ്.ഐ.എസ്.എഫിനെ സുരക്ഷക്ക് നിയോഗിച്ച വിഷയം യൂനിയനുകളുടെ അഭിപ്രായംകൂടി ഉൾക്കൊണ്ട് അനുഭാവപൂർവം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനൽകി. എല്ലാ പ്രശ്നവും തീർക്കും. അതിന്റെ ഫോർമുലയുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.