കേന്ദ്ര ‘യോഗ്യത’ നിയമക്കുരുക്കായി; സ്ഥാനക്കയറ്റമില്ലാതെ കെ.എസ്.ഇ.ബി വർക്കർമാർ
text_fieldsപാലക്കാട്: കേന്ദ്രസർക്കാർ നിഷ്കർഷിച്ച ‘യോഗ്യത’ നിയമക്കുരുക്കായതോടെ സ്ഥാനക്കയറ്റമില്ലാതെ കെ.എസ്.ഇ.ബി വർക്കർമാർ. 916 ലൈൻമാൻമാരെ ഓവർസിയറാക്കി സ്ഥാനക്കയറ്റ ഉത്തരവിറങ്ങിയിട്ടും വർക്കർമാർക്ക് സ്ഥാനക്കയറ്റം നൽകാനാവാത്തതിന് പുറകിൽ സുപ്രീംകോടതി വരെയെത്തിനിൽക്കുന്ന നിയമക്കുരുക്കുകളാണ്. കേന്ദ്ര വൈദ്യുതി അതോറിറ്റി റെഗുലേഷൻസ് (സി.ഇ.എ റെഗുലേഷൻ) 2010 ൽ ജീവനക്കാരുടെ യോഗ്യത നിശ്ചയിച്ച് ഉത്തരവിറക്കിയ ശേഷമുള്ള, ‘യോഗ്യതയില്ലാത്ത’ നിയമനങ്ങളാണ് ഇപ്പോഴും നീറിപ്പുകയുന്നത്.
സി.ഇ.എ റെഗുലേഷൻസ് 2010 വന്നതോടെ പത്താം ക്ലാസ് യോഗ്യത പോലുമില്ലാത്തവരെ വർക്കർമാരായി നിയമിച്ച പഴയ നിയമന നടപടികൾ ഇല്ലാതായി. ടെക്നീഷ്യൻ എന്ന് പുനർനാമകരണം ചെയ്ത് ലൈൻമാൻമാർക്ക് ഐ.ടി.ഐ യോഗ്യതയും, ഓവർസിയർ ആവുമ്പോൾ ഡിേപ്ലാമ യോഗ്യതയുമാണ് ചട്ടത്തിൽ നിഷ്കർഷിക്കുന്നത്. ആര്യാടൻ മുഹമ്മദ് വൈദ്യുതിമന്ത്രിയായിരിക്കെ 5000 പേർക്ക് നിയമനം നൽകിയതുമായി ബന്ധപ്പെട്ട് തുടങ്ങിയതാണ് നിയമനടപടികൾ. 2013 ന് ശേഷം വർക്കറായി പ്രവേശിച്ചവർക്ക് ഐ.ടി.ഐ യോഗ്യതയിൽ ഇളവ് വരുത്തിയിരുന്നു. നിലവിൽ സർവിസിൽ തുടരുന്നവർ രണ്ട് വർഷത്തിനകം യോഗ്യത പരിശീലനം പൂർത്തിയാക്കാനും കേന്ദ്ര വൈദ്യുതി അതോറിറ്റി ചട്ടം -2023 നിർദേശിച്ചിരുന്നു. എന്നാൽ, എട്ട് മാസമായിട്ടും കെ.എസ്.ഇ.ബിയിൽ നിന്ന് തുടർനടപടിയുണ്ടായിട്ടില്ല.
പവർ സെക്ടർ സ്കിൽ കൗൺസിലിൽ നിന്നോ ട്രേഡ് കോഴ്സ് നടത്തുന്ന അംഗീകാരമുള്ള സ്ഥാപനങ്ങളിൽ നിന്നോ രണ്ട് വർഷത്തിനകം പരിശീലനം പൂർത്തിയാക്കണമെന്നാണ് റെഗുലേഷനിൽ പറയുന്നത്. പരിശീലനത്തിന് മാർഗരേഖയും വിജ്ഞാപനവും പുറത്തിറക്കണമെന്നും നിർദേശിച്ചിരുന്നു. വിഷയത്തിൽ സുപ്രീം കോടതിയിൽ കേസ് നടക്കുന്നതിനാലാണ് നടപടികൾക്ക് കെ.എസ്.ഇ.ബി മടിക്കുന്നതത്രേ.
ജീവനക്കാർക്ക് പരീശീലനം നൽകുന്ന സ്ഥാപനത്തിൽ വർക്കർമാർക്ക് പരിശീലനം നൽകി യോഗ്യരാക്കിയാൽ എട്ട് വർഷമായി തുടരുന്ന അനിശ്ചിതാവസ്ഥക്ക് പരിഹാരമാകുമെന്ന് കേരള ഇലക്ട്രിസിറ്റി എംേപ്ലായീസ് കോൺഫെഡറേഷൻ (ഐ.എൻ.ടി.യു.സി) വർക്കിങ് പ്രസിഡന്റ് അഡ്വ. സിബിക്കുട്ടി ഫ്രാൻസിസ് ‘മാധ്യമ’ത്തോട് പറഞ്ഞു. കേന്ദ്രചട്ടത്തിന്റെ വിശദാംശം കാണിച്ച് പരിശീലനത്തിന് തുടക്കമിട്ട് അക്കാര്യം സുപ്രീംകോടതിയെ ബോധിപ്പിച്ചാൽ കോടതിയലക്ഷ്യ നടപടിയിൽ നിന്ന് ഒഴിവാകുകയും ചെയ്യാം- അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.