കെ.എസ്.ഇ.ബിയുടെ സ്വന്തം സ്മാർട്ട് മീറ്റർ: ടെൻഡർ നടപടി തുടങ്ങി
text_fieldsപാലക്കാട്: സ്വകാര്യ ഏജൻസികളെ ഒഴിവാക്കി സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കാനുള്ള നടപടികൾക്ക് കെ.എസ്.ഇ.ബി തുടക്കമിട്ടു. മുഴുവൻ ചെലവും സ്വയം വഹിക്കുന്ന ‘കാപക്സ് ’ മാതൃകയിൽ മൂന്ന് ലക്ഷം സ്മാർട്ട് മീറ്ററുകൾക്കായുള്ള ടെൻഡർ നടപടികളാണ് തുടങ്ങിയത്.
പരീക്ഷണാടിസ്ഥാനത്തിൽ മൂന്ന് ലക്ഷം സ്മാർട്ട് മീറ്റർ തയാറാക്കിയശേഷം ഫലം വിലയിരുത്തി രണ്ടാം ഘട്ട നടപടികൾ തുടങ്ങും. സ്മാർട്ട് മീറ്റർ, സോഫ്റ്റ് വേർ, അനുബന്ധ സേവനങ്ങൾ തുടങ്ങി നാല് ടെൻഡറുകൾ വെവ്വേറെ വിളിക്കാനാണ് തീരുമാനം. ഇതിനുള്ള നടപടികൾ പൂർത്തിയായതായി കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.
സ്മാർട്ട് മീറ്റർ പദ്ധതി ടോട്ടെക്സ് മാതൃക ഒഴിവാക്കി പൊതുമേഖലയിൽ നടപ്പാക്കാൻ വിശദ റിപ്പോർട്ട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് ടെൻഡർ നടപടികൾ പുരോഗമിക്കുന്നത്. അടുത്ത ദിവസം തന്നെ ടെൻഡർ ക്ഷണിച്ച് ഉത്തരവിറങ്ങിയേക്കും.
ആദ്യഘട്ടങ്ങളിൽ സർക്കാർ ഓഫിസുകൾ, വൻകിട വ്യവസായങ്ങൾ എന്നിവിടങ്ങളിലാണ് പരീക്ഷണ സ്മാർട്ട് മീറ്ററുകൾ പരീക്ഷിക്കുക. കേന്ദ്രത്തിന് സമർപ്പിക്കാനിരിക്കുന്ന വിശദ റിപ്പോർട്ടിന് കൂടി ഉപകാരപ്പെടും വിധമുള്ള വിവരശേഖരണമാണ് വകുപ്പ് ഉദ്ദേശിക്കുന്നത്.
നേരത്തെ ടോട്ടെക്സ് മാതൃകയിൽ 37 ലക്ഷം സ്മാർട്ട് മീറ്ററുകളുടെ മുഴുവൻ സേവനങ്ങൾക്കും ടെൻഡർ ചെയ്തിരുന്നെങ്കിലും ഒരു സ്മാർട്ട് മീറ്ററിന്റെ വില 9300 രൂപ, 10,000 രൂപ എന്നീ നിരക്കുകളിലാണ് അപേക്ഷകൾ എത്തിയത്. മാത്രമല്ല ഉദ്ദേശിച്ചതിനെക്കാൾ 50 ശതമാനത്തിലധികമാണ് കുറഞ്ഞ തുക ക്വോട്ട് ചെയ്ത കമ്പനി ആവശ്യപ്പെട്ടത്.
ഇത് ഉപഭോക്താക്കൾക്ക് വൻ ബാധ്യതയാവുമെന്നതും പദ്ധതി ഉപേക്ഷിക്കാൻ കാരണമായിരുന്നു. നാല് ഘട്ടങ്ങളായി ടെൻഡർ ചെയ്യുമ്പോൾ സ്മാർട്ട് മീറ്റർ പ്രവർത്തനങ്ങളുടെ ഏകോപനത്തിൽ പാകപ്പിഴ സംഭവിക്കുമോ എന്ന ആശങ്ക മേഖലയിലെ വിദഗ്ധർ പങ്ക് വെക്കുന്നു.
വിശദ റിപ്പോർട്ട് ഉടൻ സമർപ്പിക്കും -മന്ത്രി
പാലക്കാട്: സ്മാർട്ട് മീറ്റർ പദ്ധതി പൊതുമേഖലയിൽ നടപ്പാക്കാനുള്ള വിശദ പദ്ധതിരേഖ വൈകാതെ കേന്ദ്രത്തിന് സമർപ്പിക്കുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി ‘മാധ്യമ’ത്തോട് പറഞ്ഞു. വിദഗ്ധ സമിതി വിഷയം പഠിച്ചിട്ടുണ്ട്. സമഗ്ര റിപ്പോർട്ട് തയ്യാറാക്കി വരികയാണ്. കേന്ദ്രം പദ്ധതി രേഖക്ക് അംഗീകാരം നൽകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.