കെ.എസ്.ഇ.ബി ഹിതപരിശോധനയിൽ അംഗീകാരം ലഭിച്ചത് സി.ഐ.ടി.യുവിന് മാത്രം
text_fieldsകൊച്ചി: ഏഴ് തൊഴിലാളി യൂണിയനുകൾ മത്സരിച്ച കെ.എസ്.ഇ.ബി ഹിതപരിശോധനയിൽ സി.ഐ.ടി.യുവിന് ചരിത്ര വിജയം. കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി ബോർഡ് വർക്കേഴ്‌സ് അസോസിയേഷൻ (സി.ഐ.ടി.യു) 13, 634 വോട്ടുകളോടെ (53.42 ശതമാനം) ഒന്നാമതെത്തി. ഇതോടെ അംഗീകാരമുള്ള ഏക യൂണിയനായി സി.ഐ.ടി.യു മാറി. യൂണിയൻ നേതൃത്വത്തിൽ പാലാരിവട്ടം ചീഫ് എൻജിനീയർ ഓഫീസിനു മുന്നിൽ ആഹ്ലാദപ്രകടനം നടത്തി.
പതിനഞ്ച് ശതമാനം വോട്ടുലഭിക്കുന്ന സംഘടനകള്‍ക്ക് മാത്രമാണ് അംഗീകാരം ലഭിക്കുക. കേരള ഇലക്‌ട്രിസിറ്റി വർക്കേഴ്‌സ് ഫെഡറേഷന് (എ.ഐ.ടി.യു.സി) 3810 വോട്ട് (14.93 ശതമാനം), യു.ഡി.എഫിലെ വിവിധ സംഘടനകള്‍ ചേര്‍ന്ന യുനൈറ്റഡ് ഡെമോക്രാറ്റിക് ഇലക്‌ട്രിസിറ്റി എംപ്ലോയീസ് ഫ്രണ്ടിന് 3796 വോട്ട് (14.87 ശതമാനം), ബി.എം.എസ് നേതൃത്വം നല്‍കുന്ന കേരള വൈദ്യുതി മസ്ദൂർ സംഘിന് 2096 വോട്ട് (8.21 ശതമാനം), കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി വർക്കേഴ്‌സ് യൂണിയന് 1432 വോട്ട് (5.65 ശതമാനം), കേരള ഇലക്‌ട്രിസിറ്റി എക്‌സിക്യൂട്ടീവ് സ്റ്റാഫ് ഓർഗനൈസേഷന് (കെ.ഇ.ഇ.എസ്.ഒ) 630 വോട്ട് (2.47 ശതമാനം) ഇലക്‌ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷന് 15 വോട്ട് (0.06 ശതമാനം) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ വോട്ടുനില.
ആകെ 26, 246 തൊഴിലാളികളുള്ളതിൽ 25, 522പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 97.24 ശതമാനമായിരുന്നു പോളിങ്. 108 വോട്ട് അസാധുവായി. കഴിഞ്ഞ ഹിതപരിശോധനയിൽ 47.52 ശതമാനം വോട്ടാണ് സി.ഐ.ടി.യു അസോസിയേഷൻ നേടിയത്.
അഡീഷണൽ ലേബർ കമീഷണർ (ഐആർ) കെ. ശ്രീലാൽ, അഡീഷണൽ ലേബർ കമ്മീഷണർ (വെൽഫെയർ) രഞ്ജിത്ത് പി. മനോഹർ, നോഡൽ ഓഫിസറായ എറണാകുളം റീജനൽ ജോ. ലേബർ കമീഷണർ ഡി. സുരേഷ്കുമാർ, ജോയിന്റ് ലേബർ കമ്മീഷണർ (പ്ലാനിങ്) കെ.എസ്. ബിജു, ഡെപ്യൂട്ടി ലേബർ കമീഷണർമാരായ മുഹമ്മദ് സിയാദ്, സിന്ധു എന്നിവർ വോട്ടെണ്ണലിന് നേതൃത്വം നൽകി.
കേന്ദ്രത്തിന്റെ സ്വകാര്യവത്കരണം ചെറുക്കുക, കെ.എസ്.ഇ.ബിയെ പൊതുമേഖലയിൽ നിലനിർത്തി ലോകോത്തര നിലവാരത്തിലാക്കുക, ഊർജ മേഖലയിൽ കേരള ബദൽ ഉയർത്തിപ്പിടിക്കുക, തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് അസോസിയേഷൻ തെരഞ്ഞെടുപ്പിനെ നേരിട്ടതെന്ന് കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി ബോർഡ് വർക്കേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ് ഹരിലാൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.