കെ.എസ്.എഫ്.ഇയും ബെവ്കോയും ധനലക്ഷ്മി ബാങ്കിലെ നിക്ഷേപം പിൻവലിച്ചു
text_fieldsതൃശൂർ: ധനലക്ഷ്മി ബാങ്കിെൻറ നഷ്ടം പതിവാകുകയും പ്രവർത്തനം മോശം സ്ഥിതിയിലേക്ക് നീങ്ങുകയും ചെയ്ത സാഹചര്യത്തിൽ സംസ്ഥാന സർക്കാർ ധനകാര്യ സ്ഥാപനമായ കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എൻറർൈപ്രസസ് വൻ തുക നിക്ഷേപമുള്ള തങ്ങളുടെ അക്കൗണ്ട് അവിടെനിന്ന് പിൻവലിച്ചു. ബിവറേജസ് കോർപറേഷനും ധനലക്ഷ്മിയിലെ ഇടപാട് അവസാനിപ്പിച്ചു.
അതേസമയം, കഴിഞ്ഞ ഒരാഴ്ചയായി ബാങ്കിെൻറ ഓഹരി വിലയിൽ വൻ വർധനയാണ് രേഖപ്പെടുത്തുന്നത്. ബാങ്കിെൻറ സ്ഥിതി മോശമായിട്ടും കഴിഞ്ഞ വെള്ളിയാഴ്ച മാത്രം നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ചിലും മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ചിലുമായി മൂന്ന് കോടിയുടെ ഓഹരികൾ കൈമാറ്റം ചെയ്യപ്പെട്ടത് ബാങ്ക് മറ്റേതോ കരങ്ങളിലേക്ക് പോകുന്നതിെൻറ സൂചനയായാണ് നിരീക്ഷകർ കാണുന്നത്. ശരാശരി ഓഹരി കൈമാറ്റം ദിവസം 15 ലക്ഷം വരെയുള്ളപ്പോഴാണ് ഒറ്റ ദിവസം അസാധാരണ നീക്കങ്ങൾ നടന്നിരിക്കുന്നത്. കൊട്ടക് മഹീന്ദ്ര, ഇൻഡസ് ഇൻഡ് തുടങ്ങിയ ബാങ്കുകളുമായി ചേർത്താണ് ഏറ്റെടുക്കൽ ബാങ്കിങ് വൃത്തങ്ങളിൽ ചർച്ച ചെയ്യപ്പെടുന്നത്.
മാർച്ച് 30ന് 26.70 രൂപയായിരുന്ന ഓഹരി വിലയാണ് ഏപ്രിൽ ഏഴിന് 38.15 വരെ എത്തിയത്. പ്രിഫറൻഷ്യൽ ഇഷ്യൂവിലൂടെ 100 കോടി രൂപ സമാഹരിക്കാൻ ബാങ്ക് തപാൽ ബാലറ്റിലൂടെ ഓഹരി ഉടമകളുടെ സമ്മതം തേടിയിട്ടുണ്ട്. ഇതിനെത്തുടർന്ന് ഡൽഹി ആസ്ഥാനമായ ‘നിഷെ ഫിനാൻഷ്യൽ സർവിസസ്’ എന്ന ബാങ്കിതര ധനകാര്യ സ്ഥാപനം 40 കോടിയോളം രൂപക്ക് ബാങ്കിെൻറ ഓഹരി വാങ്ങുന്നതായാണ് വിവരം. അത് നടന്നാൽ ബാങ്കിെൻറ ഭൂരിപക്ഷം ഓഹരി ആറോ ഏഴോ പേരിലേക്ക് ചുരുങ്ങും. രവി പിള്ള, സി.കെ. ഗോപിനാഥൻ, എം.എ. യൂസുഫലി, കപിൽകുമാർ വാർധ്വാൻ തുടങ്ങിയവരാണ് പ്രമുഖരായ ഓഹരി ഉടമകളിൽ ചിലർ. രവി പിള്ളയുടെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന അരുൺ റാവു ധനലക്ഷ്മി ബാങ്കിെൻറ എക്സിക്യൂട്ടിവ് ഡയറക്ടറായി കുറച്ചു കാലം മുമ്പ് പ്രവേശിച്ചിരുന്നു.
കഴിഞ്ഞ മൂന്ന് വർഷം ബാങ്ക് വൻ നഷ്ടമാണ് രേഖപ്പെടുത്തിയത്. ബിസിനസ് വളർച്ച അഞ്ച് വർഷമായി താഴേക്കാണ്. മൂലധന പര്യാപ്തതാ അനുപാതം റിസർവ് ബാങ്ക് നിഷ്കർഷിക്കുന്നതിനെക്കാൾ കുറവായതിനാൽ ബാങ്കിെൻറ ബോണ്ടുകൾക്ക് കഴിഞ്ഞവർഷം പലിശ കൊടുക്കാൻ കഴിഞ്ഞില്ല. ഇക്കഴിഞ്ഞ സാമ്പത്തിക വർഷം ആദ്യ രണ്ടു പാദത്തിൽ ചെറിയ ലാഭം ഉണ്ടായെങ്കിലും മൂന്നാം പാദത്തിൽ വീണ്ടും നഷ്ടത്തിലേക്ക് വീണു. പ്രവർത്തന സൗകര്യത്തിെൻറ പേരിൽ ഡൽഹി, കൊൽക്കത്ത തുടങ്ങിയ നഗരങ്ങളിൽ അടുത്ത കാലത്ത് ചില ശാഖകൾ തമ്മിൽ ലയിപ്പിച്ചു. ഇതോടെ, ഫലത്തിൽ ശാഖകളുടെ എണ്ണം കുറഞ്ഞു. ഈ സാഹചര്യത്തിലും ഓഹരി വില കുതിച്ചുയർന്നത് ഏറ്റെടുക്കൽ നീക്കം അന്തിമഘട്ടത്തിൽ എത്തിയതിെൻറ സൂചനയായാണ് വിലയിരുത്തുന്നത്.
ഇതിനിെട, ബാങ്കിൽ വീണ്ടും ജീവനക്കാർക്ക് എതിരായ നീക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. ഓഫിസർമാരുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറക്കുകയും ദൂരസ്ഥലങ്ങളിലേക്ക് മാറ്റുകയുമാണ്. പരമാവധി പേരെ സ്വയം വിരമിക്കലിന് േപ്രരിപ്പിച്ച് ജീവനക്കാർക്കുവേണ്ടിയുള്ള ചെലവ് കുറക്കുകയും അതുവഴി ഓഹരി വിപണിയിൽ ബാങ്കിനെ ആകർഷകമാക്കുകയും ചെയ്യുകയാണ് തന്ത്രമെന്ന് വിലയിരുത്തപ്പെടുന്നു. അതിനിെട, കഴിഞ്ഞ വെള്ളിയാഴ്ച അസാധാരണ ഡയറക്ടർ ബോർഡ് യോഗവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.