ഉരുൾദുരന്ത ബാധിതർക്ക് കെ.എസ്.എഫ്.ഇ നോട്ടീസ്; വിവാദമായതോടെ പിൻവലിച്ചു
text_fieldsകൽപറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ഇരകളുടെ പുനരധിവാസം അനന്തമായി നീളുന്നതിനിടെ ദുരന്തബാധിതർക്ക് നോട്ടീസയച്ച് കെ.എസ്.എഫ്.ഇ. നിലവിൽ എല്ലാ വായ്പകൾക്കും മൊറട്ടോറിയം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും കെ.എസ്.എഫ്.ഇ, വായ്പക്കാർക്ക് നോട്ടീസ് അയക്കുകയായിരുന്നു. സംഭവം വിവാദമായതോടെ, കമ്പ്യൂട്ടറില്‍ വന്ന തകരാറാണെന്ന് പറഞ്ഞ് നോട്ടീസ് പിൻവലിച്ചു. ദുരന്തസമയത്ത് മുടങ്ങിയ തവണകൾ അടിയന്തരമായി അടക്കാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. ചൂരൽമല സ്വദേശികളായ സൗജത്ത്, മിന്നത്ത് എന്നിവർക്കാണ് നോട്ടീസ് ലഭിച്ചത്. ദുരന്തത്തിനിരയായി വാടക ക്വാർട്ടേഴ്സുകളിലാണ് ഇവർ കഴിയുന്നത്.
അതേസമയം, കമ്പ്യൂട്ടറില്‍ വന്ന തകരാറാണ് നോട്ടീസ് അയക്കാന്‍ ഇടയാക്കിയതെന്നും ദുരന്തബാധിതരെ ബുദ്ധിമുട്ടിക്കില്ലെന്നും കെ.എസ്.എഫ്.ഇ മേപ്പാടി ബ്രാഞ്ച് മാനേജര്‍ തോമസ് പറഞ്ഞു. വായ്പക്കാർക്ക് നോട്ടീസ് അയച്ചതിനെതിരെ യൂത്ത് ലീഗ് പ്രവർത്തകർ ഉൾപ്പെടെ പ്രതിഷേധവുമായി ബാങ്കില്‍ എത്തി.
ദുരിതബാധിതരിൽനിന്ന് ഇ.എം.ഐ ഉൾപ്പെടെ ഈടാക്കുന്നത് താൽക്കാലികമായി നിർത്തിവെച്ചിരുന്നു. വായ്പകൾ പൂർണമായും എഴുതിത്തള്ളണമെന്ന് കേന്ദ്രത്തോട് സംസ്ഥാന സർക്കാർ ആവശ്യപ്പെടുകയും വിവിധ പാർട്ടികളും സംഘടനകളും പ്രതിഷേധവുമായി രംഗത്തുവരുകയും ചെയ്തിരുന്നു. ദുരന്തബാധിതരുടെ വായ്പാവിവരങ്ങൾ ലീഡ് ബാങ്കിന്റെ സഹായത്തോടെ ജില്ല ഭരണകൂടം തയാറാക്കുകയും 25 കോടിയാണ് വായ്പയെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ സഹകരണ ബാങ്ക്, കെ.എസ്.എഫ്.ഇ, സ്വകാര്യ ബാങ്കുകൾ എന്നിവയുടെ കണക്ക് ഈ സംഖ്യയിൽ ഉൾപ്പെട്ടിട്ടില്ല. അതുകൂടി ചേർക്കുമ്പോൾ 35 കോടി രൂപയാണ് വായ്പയായി കണക്കാക്കുന്നത്. ഇത് പൂർണമായും സർക്കാർ ഏറ്റെടുക്കുകയോ എഴുതിത്തള്ളുകയോ ചെയ്യണമെന്നാണ് ആവശ്യം. ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ തയാറാക്കി ജില്ല ഭരണകൂടത്തിന് സമർപ്പിച്ച വായ്പ നൽകിയവരുടെ പട്ടിക ഇതുവരെ പ്രസിദ്ധീകരിക്കാൻ തയാറായിട്ടില്ല. ദുരന്തമുണ്ടായി നാലരമാസം പിന്നിട്ടിട്ടും വായ്പകൾ തീർപ്പാക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.