കെ.എസ്.എഫ്.ഇ തട്ടിപ്പ്: നഷ്ടം ഇടപാടുകാർക്ക്, കൈകഴുകി അധികൃതർ
text_fieldsവൈത്തിരി: കെ.എസ്.എഫ്.ഇ വൈത്തിരി ശാഖയിൽ നിന്ന് ഇടപാടുകാരുടെ നഷ്ടപെട്ട സംഖ്യക്ക് ഉത്തരവാദിത്തമേൽക്കാതെ കെ.എസ്.എഫ്.ഇ അധികൃതർ. രണ്ടുവർഷം കൊണ്ട് സ്ഥാപനത്തിലെ കളക്ഷൻ ഏജന്റായി ജോലി ചെയ്തിരുന്ന തളിപ്പുഴ സ്വദേശി മുഹമ്മദ് ഷഹിലാസ് ഫെബിൻ കൗണ്ടറിൽ അടക്കാതെ വെട്ടിച്ചത് 60 ലക്ഷത്തിലധികം രൂപയാണ്.
പതിനായിരം മുതൽ 12 ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവരുണ്ട് കൂട്ടത്തിൽ. ഇടപാടുകാരുടെ പണം വരവ് വെക്കാതിരുന്നിട്ടും അടവ് തെറ്റിയതിനെ സംബന്ധിച്ചു അന്വേഷണമോ നോട്ടീസയക്കലോ എസ്.എം.എസ് അയക്കലോ ഒന്നും തന്നെ കെ.എസ്.എഫ്.ഇ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായില്ല.
തട്ടിപ്പു വെളിച്ചത്തുവരികയും ഇടപാടുകാർ ഓഫിസിൽ അന്വേഷിക്കുകയും ചെയ്തതോടെയാണ് സ്ഥാപനത്തിൽ നിന്ന് പലർക്കും പണമടക്കാത്തതിന്റെ കാരണമന്വേഷിച്ചു വിളിവന്നത്. ഇതും കഴിഞ്ഞു മാസങ്ങൾക്കു ശേഷമാണു ഫെബിനുമായി ഇടപാട് നടത്തരുതെന്ന് അറിയിച്ചതും പ്രതിയെ പിരിച്ചുവിട്ടത് അറിയിച്ചുള്ള നോട്ടീസ് കെ.എസ്.എഫ്.ഇ ഇടപാടുകാർക്ക് നൽകിയതും.
പണം നഷ്ടപ്പെട്ട പലർക്കും കെ.എസ്.എഫ്.ഇ അധികൃതർ റിക്കവറി നോട്ടസടക്കമുള്ള ഭീഷണി കത്തുകൾ അയച്ചത് ഉപഭാക്താക്കളെ പ്രകോപിതരാക്കി. പലരും സ്ഥാപനത്തിൽ എത്തി ബഹളം വെച്ചുവെങ്കിലും മാനേജർമാർ കൈമലർത്തുകയായിരുന്നു.
പണം വരവുവെക്കാത്തതിനാൽ അടവുതെറ്റിയ പലർക്കും ഡിവിഡന്റ് വരെ അധികൃതർ നിരസിച്ചു. ഈ വകയിലും ഭീമമായ തുക പലർക്കും നഷ്ടപ്പെട്ടു. വെട്ടിച്ച പണം തിരിച്ചുനൽകാമെന്ന് ഉത്തരവാദിത്തമേറ്റ ഫെബിൻ സ്വന്തം വീടും പറമ്പും 30 ലക്ഷത്തിനു വിറ്റു പണമടച്ചുവെങ്കിലും അത്രതന്നെ തുക ബാക്കിയാവുകയായിരുന്നു.
കെ.എസ്.എഫ്.ഇ അധികൃതർ കേസ് കൊടുത്തതോടെ ഇയാൾ മുങ്ങുകയുമായിരുന്നു. അധികൃതർ കാണിച്ച ഉദാസീനതയാണ് പ്രശ്നം ഇത്രയും വഷളാക്കിയതെന്ന ആരോപണം ഉയരുന്നുണ്ട്.
ഇതിനിടെ, സ്ഥാപനത്തിന്റെ റീജനൽ ഓഫിസിൽ നിന്നും ഉദ്യോഗസ്ഥരെത്തി അന്വേഷണം നടത്തി ഹെഡ് ഒഫിസിൽ റിപ്പോർട്ട് നൽകുകയും തുടർന്ന് വൈത്തിരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു. ഇടപാടുകാരിൽ പണം നഷ്ടപ്പെട്ട ചിലരും പരാതി നൽകിയിരുന്നു.
ഫെബിനെ നിയമിച്ച സമയത്തുള്ള മാനേജർ ഇപ്പോൾ മറ്റൊരു ശാഖയിലാണ് ജോലിചെയ്യുന്നത്. ശേഷം വന്നയാൾ ഈങ്ങാപ്പുഴയിലേക്കും അതിനു ശേഷം ജോലിനോക്കിയിരുന്ന മാനേജർ വാടകരയിലേക്കും സ്ഥലം മാറിപ്പോയി. ഇവർക്കൊന്നും സംഭവം അറിയില്ലത്രേ.
ഇപ്പോഴുള്ള മാനേജർ സംഭവം പുറത്തുവന്ന ശേഷം ചുമതലയേറ്റതാണ്. ഉത്തരവാദപ്പെട്ട സ്ഥാപനത്തിൽ രണ്ടുവർഷം കൊണ്ട് ലക്ഷങ്ങളുടെ തിരിമറി നടന്നിട്ടും മാനേജർമാരോ ജീവനക്കാരോ അറിഞ്ഞില്ലെന്നത് വിശ്വസിക്കാൻ കഴിയില്ലെന്നാണ് വഞ്ചനക്കിരയായ ഇടപാടുകാർ പറയുന്നത്.
ഫെബിന്റെ കൈവശം പണമൊന്നും ഇല്ലെന്നാണ് അറിയുന്നത്. തട്ടിയെടുത്ത പണം എവിടെപ്പോയെന്നു പറയുന്നില്ലെന്നാണ് പൊലീസ് വൃത്തങ്ങളിൽനിന്നും ലഭിക്കുന്ന സൂചന. ഇതുകൊണ്ടാണ് ജീവനക്കാർക്ക് പങ്കുണ്ടോ എന്ന കാര്യത്തിൽ സംശയവുമായി ഇടപാടുകാർ രംഗത്തുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.