ന്യൂനപക്ഷങ്ങൾക്ക് 30 ലക്ഷം വരെ വായ്പ; പലിശനിരക്ക് വനിതകൾക്ക് ആറു ശതമാനം
text_fieldsകോഴിക്കോട്: ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ആകർഷക നിരക്കിൽ കൂടുതൽ വായ്പ പ്രഖ്യാപിച്ച് കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന, സർക്കാർ സ്ഥാപനമായ സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ (കെ.എസ്.എം.ഡി.എഫ്.സി). ചെറുകിട സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ ആറു ശതമാനം നിരക്കിൽ 20 ലക്ഷം രൂപവരെ വായ്പ നൽകുമെന്ന് ചെയർമാൻ സ്റ്റീഫൻ ജോർജ് അറിയിച്ചു. കുടുംബ വാർഷിക വരുമാനം ഗ്രാമങ്ങളിൽ 98,000 രൂപയും നഗരങ്ങളിൽ 1,20,000 രൂപയുമാണ് പരിധി. വായ്പ ലഭിച്ച് ആറുമാസത്തിനുശേഷം തിരിച്ചടവ് തുടങ്ങിയാൽ മതി. 60 മാസമാണ് കാലാവധി.
കുടുംബ വാർഷിക വരുമാനം 1,20,000 മുതൽ എട്ടു ലക്ഷത്തിന് താഴെയുള്ളവർക്കും ഈ പദ്ധതിയിൽ അപേക്ഷിക്കാം. 30 ലക്ഷം വരെയാണ് ഇപ്രകാരം വരുമാനമുള്ളവർക്കുള്ള വായ്പ. പലിശനിരക്ക് വനിതകൾക്ക് ആറു ശതമാനവും പുരുഷന്മാർക്ക് എട്ടു ശതമാനവുമാണ്. ചെറുകിട വ്യവസായ /കച്ചവട സംരംഭങ്ങൾ, ചെറുകിട സാങ്കേതിക മേഖലകൾ, ഗതാഗത സേവനം, കൃഷി, കോഴി വളർത്തൽ, കന്നുകാലി വളർത്തൽ, മീൻ വളർത്തൽ, മത്സ്യബന്ധനവും വിൽപനയും, പരമ്പരാഗത കരകൗശല മേഖല തുടങ്ങിയവക്കാണ് മുൻഗണന.
അപേക്ഷാഫോമും കൂടുതൽ വിവരങ്ങളും കോർപറേഷന്റെ www.ksmdfc.org എന്ന വെബ്സൈറ്റിൽ കിട്ടും. 2013 മുതൽ പ്രവർത്തിക്കുന്ന കെ.എസ്.എം.ഡി.എഫ്.സി പ്രവാസികൾക്ക് അഞ്ചു ശതമാനം നിരക്കിലുള്ള പ്രവാസി വായ്പ, വിസ വായ്പ, വിദ്യാഭ്യാസം, ഭവനനിർമാണം, ഉദ്യോഗസ്ഥ വായ്പ, വിവാഹം, രോഗങ്ങൾ തുടങ്ങിയവക്കും വായ്പ അനുവദിക്കുന്നുണ്ട്.
വിദ്യാഭ്യാസ മേഖലയിൽ മൂന്നു ശതമാനം നിരക്കിൽ ഒരുവർഷം പരമാവധി നാലു ലക്ഷം രൂപയും വിദേശപഠനത്തിന് ആറു ലക്ഷം രൂപയുമാണ് നൽകുക. മാനേജിങ് ഡയറക്ടർ സി. അബ്ദുൽ മുജീബ്, ഡെപ്യൂട്ടി മാനേജർ എം.കെ. ഷംസുദ്ദീൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
ബന്ധപ്പെടാം
കോഴിക്കോട്ടെ ഹെഡ് ഓഫിസിന് പുറമെ അഞ്ചിടത്ത് കെ.എസ്.എം.ഡി.എഫ്.സിക്ക് മേഖല ഓഫിസുകളുണ്ട്. ബന്ധപ്പെടേണ്ട ഫോൺ: കാസർകോട്: 04994 283061, 8714603036 കോഴിക്കോട്: 0495 2368366, 8714603032. മലപ്പുറം: 0493 3297017, 8714603035. എറണാകുളം: 0484 2532855, 8714603034. തിരുവനന്തപുരം: 0471 2324232. 8714603033.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.