കരുതലിനാണ് ഡബിൾ ബെൽ
text_fieldsതിരുവനന്തപുരം: ഈ കെ.എസ്.ആർ.ടി.സി ബസിന്റെ സാരഥി മകനാണ്, ടിക്കറ്റ് നൽകുന്നത് മാതാവും. സിറ്റി ഡിപ്പോയിലെ കണ്ണമ്മൂല-മെഡിക്കൽ കോളജ് സ്വിഫ്റ്റ് സർവിസാണ് അപൂർവതക്ക് വേദിയായത്. ആര്യനാട് ഡിപ്പോയിൽ 2009 മുതൽ താൽക്കാലിക കണ്ടക്ടറായ യമുനക്ക് 2022 മുതൽ സ്വിഫ്റ്റിലാണ് ജോലി.
ആര്യനാട് സ്വദേശിയായ ഇവർ സ്വിഫ്റ്റ് സർവിസിലെ ആദ്യ വനിത ജീവനക്കാരിയുമാണ്. മുഖ്യമന്ത്രിയിൽനിന്ന് ആദ്യ ദിനം റാക്ക് വാങ്ങി ജോലിയിൽ പ്രവേശിച്ച യമുനയുടെ സ്വപ്നമായിരുന്നു മകൻ ശ്രീരാഗിന്റെ ജോലി. ഡ്രൈവിങ്ങിൽ കമ്പമുള്ള മകന് കഴിഞ്ഞ ആഴ്ചയാണ് കെ-സ്വിഫ്റ്റിൽ ഡ്രൈവർ-കം കണ്ടക്ടറായി നിയമനം ലഭിച്ചത്.
തന്റെ ബസിൽ തന്നെ മകനെയും നിയോഗിക്കണമെന്നായിരുന്നു യമുനയുടെ ആഗ്രഹം. ഇക്കാര്യം പറഞ്ഞപ്പോൾ അധികൃതർക്കും സമ്മതം. അങ്ങനെ ഞായറാഴ്ച ഇരുവരും കണ്ണമ്മൂല -മെഡിക്കൽ കോളജ് റൂട്ടിലേക്ക്. രാവിലെ കിഴക്കേകോട്ടയിൽനിന്നാണ് സർവിസ് തുടങ്ങിയത്. വീട്ടിൽനിന്ന് കൊണ്ടുവന്ന ഭക്ഷണം ഒരുമിച്ച് പങ്കിട്ട് കഴിച്ചു. തിരിച്ചറിഞ്ഞവർ മുന്നിലെത്തി ആശംസ അറിയിച്ചും ഹസ്തദാനം ചെയ്തുമാണ് ബസിറങ്ങിയത്. മകനൊപ്പം ജോലി ചെയ്യാനായത് പ്രത്യേകം അനുഭവമായെന്നും വലിയ സന്തോഷം തോന്നുന്നെന്നും യമുന പറഞ്ഞു.
തിങ്കളാഴ്ചയും ഈ റൂട്ടിൽതന്നെയാണ് ഡ്യൂട്ടി. 27കാരനായ ശ്രീരാഗ് വനം വകുപ്പിലെ താൽക്കാലിക ഡ്രൈവറായിരുന്നു.വർക്ക്ഷോപ് ജീവനക്കാരനായ ഭർത്താവ് രാജേന്ദ്രൻ ആശാരി, മുട്ടത്തറ എൻജിനീയറിങ് കോളജിലെ താൽക്കാലിക ജീവനക്കാരനായ ഇളയ മകൻ സിദ്ധാർഥ് എന്നിവർക്കൊപ്പം ആര്യനാട്ടായിരുന്നു താമസം. ജോലിയുടെ സൗകര്യാർഥം സിറ്റിയിൽ വാടകക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.