15 വർഷം പഴക്കമുള്ള ബസുകൾ സർവിസിലില്ല; കെ.എസ്.ആർ.ടി.സി 650 കോടി ചോദിക്കുന്നതിൽ ദുരൂഹത
text_fieldsകോട്ടയം: നിലവിൽ സർവിസ് നടത്തുന്ന 1000 ബസുകളടക്കം 1660 ബസുകൾ പൊളിക്കേണ്ടി വരുമെന്ന കെ.എസ്.ആർ.ടി.സി സി.എം.ഡിയുടെ നിലപാടിൽ ദുരൂഹത. പഴയ വാഹനങ്ങൾ പൊളിക്കണമെന്ന കേന്ദ്രനയം മൂലം ഏപ്രിൽ ഒന്ന് മുതൽ ബസുകൾ ഒഴിവാക്കണമെന്നാണ് നിർദേശം ഉയർന്നിരിക്കുന്നത്. പുതിയവ വാങ്ങാൻ 650 കോടി വേണമെന്ന കെ.എസ്.ആർ.ടി.സിയുടെ ആവശ്യം പരിഗണിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരാനും തീരുമാനമുണ്ട്.
ഏറ്റവും ഒടുവിലെ കണക്കുകൾ പ്രകാരം കെ.എസ്.ആർ.ടി.സിക്ക് 3724 ഓർഡിനറി, 1926 സൂപ്പർക്ലാസ്, 39 ഗരുഡ സ്കാനിയ, 529 കെ.യു.ആർ.ടി.സി നോൺ എ.സി ലോ ഫ്ലോർ, 190 എ.സി ഫ്ലോർ എന്നിങ്ങനെ 6408 ബസുകളാണുള്ളത്. ഇതിൽ 719 ലോഫ്ലോറും 15 വർഷത്തിൽ താഴെ പഴക്കമുള്ളവയാണ്. ആദ്യ ലോ ഫ്ലോർ ബസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് 2009 നവംബറിലാണ്. അതുകൊണ്ടുതന്നെ ഇവയുടെ 15 വർഷ കാലാവധി അവസാനിക്കുന്നത് 2024 നവംബറിലായിരിക്കും. 1926 സൂപ്പർ ക്ലാസ് ബസുകളുടെ കാലാവധി 10 വർഷം പോലുമായിട്ടില്ല. ആകെ ബസുകളിൽ 1885 എണ്ണം 315/ 2021ലെ എം.എൽ.ഐ /006031/2021 ഉത്തരവിലൂടെ ടയറും ഡീസൽ ടാങ്കും അഴിച്ചുമാറ്റി പാർക്കിങ് ലോട്ടിലാക്കിയിരിക്കുകയാണ്. 450 എണ്ണം ജില്ലാപൂൾ, 1000 ബസുകൾ റിസർവ് പൂൾ, 635 എണ്ണം പൊളിച്ചു മാറ്റാൻ, 300 എണ്ണം ഷോപ് ഓൺ വീൽസ് എന്നിങ്ങനെ വേർതിരിച്ചും റോഡിൽനിന്ന് പിൻവലിച്ചിരുന്നു. കഴിഞ്ഞ ഒരു മാസം കെ.എസ്.ആർ.ടി.സി ശരാശരി ഓടിച്ചത് പ്രതിദിനം 4070 ബസുകളാണ്. ഇതിൽ 1926 സൂപ്പർക്ലാസ് ബസുകളും 719 ലോഫ്ലോർ ബസുകളുമടക്കം 2645 ബസുകൾ 10 വർഷം പൂർത്തിയാക്കാത്തവയാണ്. ബാക്കി ബസുകൾ 1425 എണ്ണം മാത്രമാണ്.
ഓർഡിനറി ബസുകളിൽ ആർ.എ.സി സീരിയസിൽപെട്ട 700ന് മുകളിലുള്ള ബസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് 2009 സെപ്റ്റംബറിലാണ്. ആർ.എൻ സീരിയസ് ബസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് 2010ലും. അങ്ങനെ നോക്കിയാലും കെ.എസ്.ആർ.ടി.സിയിൽ ഓർഡിനറി വിഭാഗത്തിൽ 15 വർഷം പഴക്കമുള്ള ബസുകൾ ഉണ്ടാകണമെങ്കിൽ 2025 ആകണം. കാലാവധി കഴിഞ്ഞ ബസുകൾ പൊളിക്കണമെന്ന കേന്ദ്രസർക്കാർ നിർദേശം വരുന്നതിനും രണ്ടുവർഷം മുമ്പ് 2021ൽ തന്നെ 1800 ബസുകൾ പൊളിക്കാൻ കെ.എസ്.ആർ.ടി.സി തീരുമാനിച്ചിരുന്നുവെന്നു വ്യക്തം. ഇക്കാര്യങ്ങൾ മറച്ചുവെച്ചാണ് ഒഴിവാക്കേണ്ടിവരുന്ന 1660 ബസുകളിൽ ആയിരവും ഇപ്പോൾ ഓടുന്നവയാണെന്ന നിലപാട് കോർപറേഷൻ മേധാവികൾ സ്വീകരിച്ചിരിക്കുന്നത്.
മേധാവികൾക്ക് താൽപര്യം ഇലക്ട്രിക് ബസുകൾ
പണം അനുവദിച്ചാൽ ഇലക്ട്രിക് ബസുകൾ വാങ്ങാനാണ് മേധാവികൾക്ക് താൽപര്യം. മറ്റ് സംസ്ഥാനങ്ങൾ ഇലക്ട്രിക് ബസുകൾ വാടകക്കെടുക്കുമ്പോഴാണിത്. ഒരു കോടി രൂപ കൊടുത്ത് വാങ്ങിയ ഇലക്ട്രിക് ബസുകൾക്ക് പ്രതിദിന വരുമാനം 7000 രൂപയായിരുന്നുവെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. സമാന തുക മുടക്കി വാങ്ങിയ ലോഫ്ലോർ എ.സി വോൾവോ ബസുകൾ തേവരയിൽ കൂട്ടിയിട്ടപോലെ ഇലക്ട്രിക് ബസുകളും മൂന്നു വർഷത്തിനകം ബാറ്ററി തകരാറായി വർക്ക് ഷോപ്പുകളിൽ കിടക്കുമെന്ന് അവർ പറയുന്നു. ശമ്പളം കൊടുക്കാനില്ലാത്ത സാഹചര്യത്തിലും ഇലക്ട്രിക് ബസ് വാങ്ങാൻ നടത്തുന്ന നീക്കത്തിനു കാരണം ഗതാഗത സെക്രട്ടറി, കെ.എസ്.ആർ.ടി.സി സി.എം.ഡി പദവികളിൽ ഒരാളെ തന്നെ നിയമിച്ചിരിക്കുന്നതുകൊണ്ടാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.