കെ.എസ്.ആർ.ടി.സി: ബിജു പ്രഭാകർ അവധി നീട്ടി
text_fieldsതിരുവനന്തപുരം: ചികിത്സാർഥം അവധിയിലുള്ള കെ.എസ്.ആർ.ടി.സി സി.എം.ഡി ബിജു പ്രഭാകറിന് അവധി നീട്ടി നൽകി. നേരേത്ത ഒക്ടോബർ 13 വരെയാണ് അവധി നൽകിയിരുന്നത്.
ഇതാണ് 18 ദിവസം കൂടി നീട്ടി 31 വരെ ആക്കിയത്. ബിജു സമർപ്പിച്ച മെഡിക്കൽ സർട്ടിഫിക്കറ്റ് പരിഗണിച്ചാണ് തീരുമാനം. അതുവരെ ജോയന്റ് മാനേജിങ് ഡയറക്ടർ പ്രമോജ് ശങ്കറിന് സി.എം.ഡിയുടെ അധിക ചുമതലയും നീട്ടി നൽകി.
ബിജുപ്രഭാകർ വഹിച്ചിരുന്ന ഗതാഗത സെക്രട്ടറിയുടെ ചുമതല കെ.ആർ. ജ്യോതിലാലിനാണ് നൽകിയിരുന്നത്. ഇതും 31 വരെ നീട്ടി.
ഇടതുമുന്നണിയിലെ ധാരണപ്രകാരം രണ്ടരവർഷം പൂർത്തിയാകുന്നതോടെ ഗതാഗതമന്ത്രി മാറും. നവംബറിലാണ് മാറ്റമുണ്ടാവുക. ചികിത്സക്കായാണ് ബിജു പ്രഭാകർ അവധിയിൽ പോയതെങ്കിലും പുതിയ സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സിയിലേക്ക് മടങ്ങിയെത്തുമോ എന്ന ചർച്ച സജീവമാണ്.
2020 ജൂൺ 16 നാണ് ബിജു കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടറായി ചുമതലയേറ്റത്. പിന്നാലെ ചെയർമാന്റെ ചുമതല കൂടി നൽകി.
സുശീൽ ഖന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രഫഷനലുകളെ കെ.എസ്.ആർ.ടി.സിയിൽ കൊണ്ടുവരുന്നതിന്റെ ഭാഗമായിട്ടാണ് 2023 മാർച്ച് 15ന് പ്രമോജ് ശങ്കർ ജോയന്റ് മാനേജിങ് ഡയറക്ടറായി എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.