കെ.എസ്.ആർ.ടി.സി ബുക്കിങ് അനായാസം, ആപും പോർട്ടലും സജ്ജം
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ ടിക്കറ്റ് ബുക്കിങ് കൂടുതൽ സുഗമമാക്കാൻ പരിഷ്കരിച്ച ഓൺലൈൻ വെബ്സൈറ്റും മൊബൈൽ ആപ്ലിക്കേഷനും തയാർ. www.onlineksrtcswift.com എന്ന വെബ്സൈറ്റും ENDE KSRTC NEO OPRS എന്ന മൊബൈൽ ആപുമാണ് കഴിഞ്ഞദിവസം മന്ത്രി കെ.ബി. ഗണേഷ്കുമാർ പുറത്തിറക്കിയത്. യാത്രക്കാർക്ക് എത്തേണ്ട സ്റ്റേഷനുകളും അവിടേക്കുള്ള ബസുകളും എളുപ്പം കണ്ടെത്താൻ പുതിയ വെബ്സൈറ്റും ആപും വഴി കഴിയും. ഫോൺ പേ, ബിൾഡസ് എന്നിവ വഴി പണമിടപാട് നടത്താം. ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കുന്ന മാൻഡിസ് ടെക്നോളജിയാണ് പുതുക്കിയ വെബ്സൈറ്റും മൊബൈൽ ആപും തയാറാക്കിയത്.
നഷ്ടത്തിലുള്ള 44 ബസ് സ്റ്റേഷനുകൾ ലാഭത്തിലാക്കാൻ രണ്ടാഴ്ചക്കകം നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ മൂന്ന് ബസ്സ്റ്റാൻഡുകൾ ബ്രാൻഡ് ചെയ്യും. സ്വകാര്യ ബസുകൾക്ക് തോന്നിയപോലെ പെർമിറ്റ് അനുവദിക്കില്ല. രണ്ടു മണിക്കൂറിലധികം ബസ് വൈകുന്ന സാഹചര്യങ്ങളിൽ യാത്രക്കാരൻ ആ ബസിലെ യാത്ര ഉപേക്ഷിച്ചാൽ റീഫണ്ട് ലഭ്യമാക്കുംവിധം കെ.എസ്.ആർ.ടി.സിയുടെ ഓൺലൈൻ റിസർവേഷൻ നയം സമീപകാലത്ത് പരിഷ്കരിച്ചിരുന്നു. സർവിസുകൾ റദ്ദാക്കുന്ന സാഹചര്യങ്ങളിൽ റിസർവ് ചെയ്തവർക്ക് 24 മണിക്കൂറിനുള്ളിൽ റീഫണ്ട് ലഭ്യമാക്കും.
റീഫണ്ട് തുക നിലവിലെ ബാങ്കിങ് നിയമങ്ങൾക്ക് വിധേയമായി അക്കൗണ്ടിൽ ക്രെഡിറ്റാകും. ജീവനക്കാരുടെ പിഴവോ അശ്രദ്ധയോ മൂലം നിശ്ചിത പിക്കപ് പോയന്റിൽനിന്ന് യാത്രക്കാരനെ ബസിൽ കയറ്റിയില്ലെങ്കിൽ മുഴുവൻ തുകയും യാത്രക്കാരന് തിരികെ നൽകുമെന്നതാണ് മറ്റൊരു ഗുണം.
പരാതി അറിയിക്കാൻ ടോൾഫ്രീ നമ്പർ
കെ.എസ്.ആർ.ടി.സിയുമായി ബന്ധപ്പെട്ട വിവരങ്ങൾക്കും പരാതികൾ അറിയിക്കാനുമായി പരാതി പരിഹാര സെൽ ആരംഭിച്ചു. 9447071021, 0471 2463799 എന്നീ നമ്പറുകൾക്ക് പുറമേ, 18005994011 എന്ന ടോൾഫ്രീ നമ്പറും തുടങ്ങി. അപകടകരമായ ഡ്രൈവിങ്, ജീവനക്കാരുടെയോ യാത്രക്കാരുടെയോ മറ്റു വാഹനങ്ങളിലുള്ളവരുടെയോ മോശം പെരുമാറ്റം, കൈയേറ്റം എന്നിവയുടെ ഫോട്ടോ വിഡിയോ സഹിതം അറിയിക്കുന്നതിന് 9188619380 എന്ന വാട്സ്ആപ് നമ്പറും ലഭ്യമാണ്. കൺട്രോൾ സെന്ററിലേക്കെത്തുന്ന പരാതി, രജിസ്റ്റർ ചെയ്ത് ടിക്കറ്റ് നമ്പർ നൽകുമ്പോഴും ഒമ്പതംഗ പരാതി പരിഹാര സെല്ലിന് കൈമാറുമ്പോഴും പരാതി പരിഹരിച്ച് കസ്റ്റമർ റിലേഷൻസ് മാനേജർ ടിക്കറ്റ് നമ്പർ ക്ലോസ് ചെയ്യുമ്പോഴും പരാതിക്കാരന് എസ്.എം.എസ് മുഖാന്തരം അറിയിപ്പ് ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.