സെഞ്ച്വറി അടിക്കാൻ ആനവണ്ടി വിനോദയാത്ര
text_fieldsകണ്ണൂർ: ആഭ്യന്തര ടൂറിസത്തിന് പുതുമാനം നല്‍കിയ കണ്ണൂര്‍ കെ.എസ്.ആര്‍.ടി.സിയുടെ വിനോദയാത്ര സെഞ്ച്വറിയിലേക്ക്. ഒക്ടോബര്‍ 19ന് കൊച്ചിയിലെ ആഡംബര കപ്പലായ നെഫര്‍റ്റിറ്റിയിലേക്ക് പുറപ്പെടുന്നതോടെയാണ് യാത്രകളുടെ എണ്ണം നൂറാവുക.
ബജറ്റ് ടൂറിസം സെല്ലിന്റെ ആദ്യ വിനോദ യാത്ര ഫെബ്രുവരി 12ന് വയനാട്ടിലേക്കായിരുന്നു. നൂറാമത്തെ യാത്ര 19ന് പുലർച്ച 5.30ന് കണ്ണൂര്‍ ഡിപ്പോയില്‍നിന്ന് പുറപ്പെടും. വയനാട്ടിലേക്ക് 49, മൂന്നാര്‍ 22, പൈതല്‍മല ഒമ്പത്, വാഗമണ്‍ കുമരകം ഏഴ്, തിരുവനന്തപുരം-കുമരകം രണ്ട്, കൊച്ചിയിലെ ആഡംബര കപ്പലായ നെഫര്‍റ്റിറ്റിയിലേക്ക് അഞ്ച്, നാലമ്പല യാത്ര നാല്, ആറന്മുള ഒന്ന് എന്നിങ്ങനെയാണ് ഇവതുവരെ നടത്തിയ യാത്രകളുടെ എണ്ണം.
സെപ്റ്റംബറില്‍ മാത്രം 17 യാത്രകളാണ് കണ്ണൂരില്‍നിന്ന് പൂര്‍ത്തിയാക്കിയത്. 4500 സഞ്ചാരികള്‍ ഇതുവരെ യാത്രയുടെ ഭാഗമായി. 75 ലക്ഷം രൂപയോളം ഇതുവരെ വരുമാനം ലഭിച്ചു. ചുരുങ്ങിയ ചെലവില്‍ കേരളത്തിലെ ടൂറിസം പോയന്റുകളിലൂടെ വിനോദയാത്ര സാധ്യമായതോടെയാണ് കൂടുതല്‍ പേര്‍ കെ.എസ്.ആര്‍.ടി.സിയെ ആശ്രയിച്ചുതുടങ്ങിയത്.
കണ്ണൂര്‍ ഡി.ടി.ഒ മനോജ്, ജനറല്‍ കണ്‍ട്രോളിങ് ഇന്‍സ്പെക്ടര്‍ സജിത്ത് സദാനന്ദന്‍, ടൂര്‍ കോ ഓഡിനേറ്റര്‍ ഇന്‍സ്പെക്ടര്‍ കെ.ജെ. റോയി, ഡിപ്പോ കോഓഡിനേറ്റര്‍ കെ.ആര്‍. തന്‍സീര്‍, കൊമേഴ്സ്യല്‍ മാനേജര്‍ എം. പ്രകാശന്‍ എന്നിവരാണ് കണ്ണൂര്‍ ബജറ്റ് ടൂറിസം സെല്ലിനെ നിയന്ത്രിക്കുന്നത്. ഫോൺ: 9496131288, 8089463675.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.