‘അത് ഞങ്ങളുടെ ചങ്ക് വണ്ടിയായിരുന്നു സാർ...’
text_fieldsതിരുവനന്തപുരം: ഈരാറ്റുപേട്ട ഡിപ്പോയിലെ ‘ചങ്ക് ബസ്’ ആർ.എസ്.സി 140െൻറ ‘കട്ട ഫാനാ’യ പെൺകുട്ടിക്ക് പ്രശംസാപ്രവാഹവും കെ.എസ്.ആർ.ടി.സിയുടെ വക അഭിനന്ദനപത്രവും. ബസ് ആലുവ ഡിപ്പോയിലേക്ക് മാറ്റിയതിനെതിരെ പരാതി പറഞ്ഞ് വൈറലായ കോട്ടയം കപ്പാട് സ്വദേശിനി റോസ്മിയെ ചീഫ് ഒാഫിസിലേക്ക് ക്ഷണിച്ചതാണ് എം.ഡി ടോമിൻ ജെ. തച്ചങ്കരി അഭിനന്ദനമറിയിച്ചത്. എന്താണ് ഒരു ബസിനെ ഇത്രയും സ്നേഹിക്കുന്നതെന്ന ചോദ്യത്തിന് സമൂഹമാധ്യമങ്ങളിൽ കേട്ട അതേസ്വരത്തിലും അപേക്ഷാഭാവത്തിലുമായിരുന്നു മറുപടി- ‘അത് ഞങ്ങളുടെ ചങ്ക് വണ്ടിയായിരുന്നു സാർ...’
ഫോൺ വിളി സമൂഹമാധ്യമങ്ങളിൽ തരംഗമായയോടെ പെൺകുട്ടിയും താരമായി. ഇതിനിടെ ആർ.എസ്.സി 140 ആലുവയിൽനിന്ന് കണ്ണൂരെത്തിയിരുന്നു. പക്ഷേ, ആരാധികയുടെ അപേക്ഷ കെ.എസ്.ആർ.ടി.സിക്ക് തള്ളിക്കളയാനായില്ല. കണ്ണൂരിൽനിന്ന് വൈകാതെ ബസ് ഈരാറ്റുപേട്ടയിലെത്തി. സർവിസും തുടങ്ങിയിട്ടുണ്ട്. ബസിന് മുന്നിൽ ചുവന്ന അക്ഷരത്തിൽ ‘ചങ്ക്’ എന്ന പേരും എഴുതി. അപ്പോഴും വിളിച്ച പെൺകുട്ടി ആരാണെന്ന കാര്യം അജ്ഞാതമായിരുന്നു. കോട്ടയത്ത് ഏവിയേഷൻ കോഴ്സ് ചെയ്യുന്ന റോസ്മിയാണ് ആനവണ്ടിയുടെ ആരാധികയെന്ന് പിന്നീട് കണ്ടെത്തി. അഞ്ച് വർഷമായി ഇൗ ബസിലെ സ്ഥിരം യാത്രക്കാരിയാണ്. 8.45ന് എത്തുന്ന വണ്ടി 9.40ന് തന്നെ കോട്ടയത്തെത്തും. ഇതേ ബസിലാണ് മടങ്ങുന്നതും. ‘ബസ് ആലുവയിലേക്ക് കൊണ്ടുപോയപ്പോൾ വലിയ സങ്കടമായി. നല്ല ഓർമകളുള്ളതിനാല് ബസ് നഷ്ടപ്പെടുന്നകാര്യം ചിന്തിക്കാനേ കഴിഞ്ഞില്ല. ബസ് നഷ്ടപ്പെടുമോയെന്ന ഭയത്താലാണ് വിളിച്ചത്. പക്ഷേ, ഇത്ര വൈറലാകുമെന്ന് കരുതിയില്ല’ -റോസ്മി പറഞ്ഞു.
കെ.എസ്.ആർ.ടി.സിയുടെ ആയിരക്കണക്കിന് ഫാനുകളുടെ പ്രതിനിധിയാണ് റോസ്മിയെന്ന് തച്ചങ്കരി പറഞ്ഞു. ഒരു കൊല്ലത്തേക്ക് റോസ്മിക്ക് സൗജന്യയാത്ര അനുവദിക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ, ഇപ്പോൾ ചില പ്രതിസന്ധികളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബസിലെ കണ്ടക്ടർ സമീറിനെയും ചീഫ് ഒാഫിസിലേക്ക് ക്ഷണിച്ചിരുന്നു. ബസ് ആലുവയിലേക്ക് മാറ്റിയതിനെതിരെ ആദ്യം ഫേസ്ബുക് പോസ്റ്റിട്ടത് സമീറാണ്. ഈരാറ്റുപേട്ട-കൈപ്പള്ളി-കോട്ടയം-കട്ടപ്പന ലിമിറ്റഡ് സ്റ്റോപ്പായി സര്വിസ് നടത്തുന്ന ബസ് തിരിച്ചുകിട്ടിയതിെൻറ സന്തോഷത്തിലാണ് സമീറും. മാതൃകാപരമായി ആ ഫോൺ വിളിക്ക് മറുപടി നൽകിയ കെ.എസ്.ആർ.ടി.സി ജീവനക്കാരൻ ജോണിക്ക് അഭിനന്ദനക്കത്തും ഔദ്യോഗികമായി എം.ഡി അയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.