ടോൾ ബൂത്തിൽ കെ.എസ്.ആർ.ടി.സി ബസ് പിടിച്ചിട്ടു; വാക്കേറ്റം
text_fieldsകണ്ണൂർ: തലശ്ശേരി -മാഹി ബൈപാസിലെ ടോൾ ബൂത്തിൽ കെ.എസ്.ആർ.ടി.സി ബസ് പിടിച്ചിട്ടതിനെ തുടർന്ന് യാത്രക്കാരും ടോൾ ജീവനക്കാരും തമ്മിൽ വാക്കേറ്റം. വ്യാഴാഴ്ച പുലർച്ച ഒന്നോടെ കൊളശ്ശേരിയിലെ ടോൾ ഗേറ്റിലാണ് സംഭവം. കാസർകോട് നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസ് മുഴപ്പിലങ്ങാട് സർവിസ് റോഡിൽ പ്രവൃത്തി നടക്കുന്നതിനാൽ കരാർ കമ്പനി ജീവനക്കാർ മാഹി ബൈപാസ് വഴി കടത്തിവിടുകയായിരുന്നു. ടോൾ ഗേറ്റിലെത്തിയ ബസിൽ ഫാസ്റ്റ് ടാഗ് ഇല്ലാത്തതിനാൽ ടോൾ അടക്കണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടു. എന്നാൽ, റോഡ് പ്രവൃത്തി മൂലമാണ് ബസ് ബൈപാസ് വഴി കടത്തിവിട്ടതെന്നും ടോൾ അടക്കാൻ നിർവാഹമില്ലെന്നും കെ.എസ്ആർ.ടി.സി ജീവനക്കാർ അറിയിച്ചു. ടോൾ നൽകാതെ കടത്തിവിടാനാകില്ലെന്ന നിലപാടിൽ ടോൾ ജീവനക്കാർ ഉറച്ചു നിന്നതോടെ സംഘർഷാവസ്ഥ ഉടലെടുത്തു.
ടോൾ ഗേറ്റിൽ ബസ് നിർത്തിയതോടെ പിന്നാലെയെത്തിയ വാഹനങ്ങൾ കുടുങ്ങി. മാഹി ബൈപാസിൽ ഏറെനേരം ഗതാഗതക്കുരുക്കുണ്ടായി. ബസ് കടത്തിവിടണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാരും മറ്റു വാഹനങ്ങളിലുള്ളവരും ടോൾ ജീവനക്കാരോട് ആവശ്യപ്പെട്ട് വാക്കേറ്റമുണ്ടായി. ടോൾ ഗേറ്റ് ബലമായി മാറ്റാനും ശ്രമമുണ്ടായി. അരമണിക്കൂറോളം സ്ഥലത്ത് സംഘർഷാവസ്ഥ തുടർന്നു.
യാത്രക്കാരിൽ ചിലർ പൊലീസിനെയും വിവരമറിയിച്ചു. ഒടുവിൽ വാഹനങ്ങളുടെ നിര നീണ്ടതോടെ ടോൾ ജീവനക്കാർ ബസ് കടത്തിവിടുകയായിരുന്നു. ബൈപാസിലൂടെ സഞ്ചരിച്ച് ചോനാടം വഴിയാണ് ബസ് തലശ്ശേരിയിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.