ആലുവ ഡിപ്പോയിൽ നിന്ന് പട്ടാപ്പകൽ കെ.എസ്.ആർ.ടി.സി ബസ് മോഷ്ടിച്ചു
text_fieldsആലുവ: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്ന് പട്ടാപ്പകൽ ബസ് മോഷ്ടിച്ചു. ആലുവ ഡിപ്പോയിൽ വ്യാഴാഴ്ച രാവിലെയാണ് സംഭവം. കടത്തിക്കൊണ്ടു പോകുന്നതിനിടെ വിവിധ വാഹനങ്ങളിൽ ഇടിച്ച ബസ് പിന്നീട് എറണാകുളം കലൂരിൽ നിന്ന് കണ്ടെത്തി.
കെ.എസ്.ആർ ടി.സി സ്റ്റാൻറിലെ ഗ്യാരേജിൽ നിന്നാണ് ഫാസ്റ്റ് പാസഞ്ചർ ബസ് മോഷണം പോയത്. രാവിലെ എട്ടുമണിക്കും 8.20നും ഇടയിലാണ് സംഭവം. ഉച്ചക്ക് 1.30ന് കോഴിക്കോട്ടേക്ക് സർവിസ് നടത്തേണ്ടിയിരുന്ന ആർ.എസ്.കെ 806 നമ്പർ ബസാണ് മോഷ്ടിച്ചത്. സ്റ്റാൻറിന് പുറത്തേക്ക് ബസ് ഇറങ്ങിയപ്പോൾ തന്നെ ഒരു മിനി ടിപ്പർ ലോറിയിൽ ഇടിച്ചു. എന്നാൽ, ഇടിയെ തുടർന്ന് നിർത്താതെ പോവുകയായിരുന്നു.
അപകടത്തിൽ മിനി ലോറിയുടെ വലതുവശത്തെ മിറർ പൊട്ടി. ഇതേ തുടർന്ന് ഇടിയേറ്റ വാഹനത്തിന്‍റെ ഡ്രൈവർ സ്റ്റാൻഡിലെത്തി പരാതി പറഞ്ഞെങ്കിലും അങ്ങനെ സംഭവം ഇല്ല എന്നും ഈ സമയം ബസ് ഒന്നും പുറത്തേക്ക് പോയില്ലാ എന്നുമായിരുന്നു മറുപടി.
തുടർന്ന് സംശയം തോന്നി പരിശോധന നടത്തിയപ്പോഴാണ് ഗ്യാരേജിൽ നിന്ന് ബസ് കാണാതായ സംഭവം അറിയുന്നത്. ബസിന്‍റെ ബ്രേക്ക് പരിശോധനക്കും മറ്റും ഗാരേജിൽ കയറ്റിയ കോഴിക്കോട്ടേക്ക് പോകേണ്ട ഫാസ്റ്റ് ബസാണ് കാണാതായതെന്ന് വ്യക്തമായി. എറണാകുളം ഭാഗത്തേക്കാണ് മോഷ്ടാവ് ദേശീയപാതയിലൂടെ ബസുമായി പോയത്.
ഈ യാത്രക്കിടയിൽ ആറോളം വാഹനങ്ങളിൽ മുട്ടി. കലൂരിൽ വച്ച് കാറിൽ മുട്ടിയതിനെ തുടർന്ന് രക്ഷപ്പെടാൻ മോഷ്ടാവ് ഉൾവഴിയിലേക്ക് ബസ് കയറ്റി. എന്നാൽ, ഇവിടെയും വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. ഇതേ തുടർന്ന് ബസ് നാട്ടുകാർ തടഞ്ഞു. ഉടനെ മോഷ്ടാവ് ഇറങ്ങി ഓടി.
വിവരമറിഞ്ഞെത്തിയ എറണാകുളംനോർത്ത് പൊലീസ് മോഷ്ടാവിനെ പിടികൂടി. മഞ്ചേരി സ്വദേശിയായ ഇയാൾക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് ആലുവ പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.