കെ.എസ്.ആർ.ടി.സി ബസുകൾ കട്ടപ്പുറത്ത്; ഡിപ്പോകളിൽ സ്പെയർ പാർട്സ് ക്ഷാമം രൂക്ഷം
text_fieldsതൊടുപുഴ: ബസുകള്‍ക്ക് അറ്റകുറ്റപ്പണി നടത്താനാവശ്യമായ സ്പെയര്‍ പാര്‍ട്സുകൾ ലഭിക്കാത്തത് ജില്ലയിലെ കെ.എസ്.ആര്.ടി.സി സർവിസുകളെ ബാധിക്കുന്നു. ഇതുമൂലം തൊടുപുഴ ഉള്‍പ്പെടെ പല ഡിപ്പോകളിലും സര്‍വിസുകള്‍ കൃത്യമായി നടത്താന്‍ കഴിയാത്ത സ്ഥിതിയുമുണ്ട്.
ബസുകള്‍ കട്ടപ്പുറത്താകുന്നതോടെ പല റൂട്ടുകളിലും യാത്രക്കാരും ദുരിതത്തിലാണ്. ഓട്ടത്തിനിടെ ബ്രേക്ക് നഷ്ടപ്പെടുന്നതും ടയര്‍ പൊട്ടുന്നതുമായ സംഭവങ്ങളും ആവർത്തിക്കുന്നുണ്ട്. തൊടുപുഴ ഡിപ്പോയില്‍ മുമ്പ് 56 ഷെഡ്യൂള്‍ ഓപറേറ്റ് ചെയ്തിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 48 എണ്ണമാണ് നടത്തുന്നത്. ആകെ 55 ബസുകളാണ് ഡിപ്പോയിലുള്ളത്. വൈക്കം, ചേലച്ചുവട് റൂട്ടിലോടുന്ന ബസുകള്‍ മിക്കദിവസവും പണിമുടക്കുന്നതായി യാത്രക്കാര്‍ പറയുന്നു.
ഹൈറേഞ്ച് റൂട്ടില്‍ സര്‍വിസ് നടത്തുന്ന ബസുകള്‍ക്ക് പ്രധാനമായും ഇവയുമായി ബന്ധപ്പെട്ട തകരാറുകളാണ് ഉണ്ടാകാറുള്ളത്. സ്പെയര്‍പാര്‍ട്സ് ലഭ്യമല്ലാത്തതിനാല്‍ എന്ജിന് തകരാറിലായി കിടക്കുന്ന ഏതെങ്കിലും ബസില്‍നിന്ന് പാര്‍ട്സ് എടുത്തുമാറ്റിയിട്ടാണ് അടിയന്തര ഘട്ടങ്ങളില്‍ താൽക്കാലികമായി പ്രശ്നം പരിഹരിക്കുന്നത്.
കട്ടപ്പന ഡിപ്പോയില്‍ മെക്കാനിക്കല്‍ ജീവനക്കാരുടെ കുറവാണ് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. ഇതിനാല്‍ വാഹനങ്ങളുടെ അറ്റകുറ്റപ്പണി യഥാസമയം പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വരുന്നുവെന്നും ആക്ഷേപമുണ്ട്.
മുമ്പ് 18 മെക്കാനിക്കല്‍ ജീവനക്കാരാണ് ഇവിടെ ഉണ്ടായിരുന്നത്. നിലവില്‍ 12 പേര് മാത്രമാണുള്ളത്. സ്പെയര്‍ പാര്‍ട്സുകള്‍ എത്തിയാലും ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ യഥാസമയം അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാനും സാധിക്കാറില്ല.
ഒരു വര്‍ഷമായി മൂന്നാര്‍ ഡിപ്പോയില്‍ സ്പെയര്‍ പാര്‍ട്സുകളുടെ കുറവ് പതിവായിരിക്കുകയാണ്. ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് ആലുവയിലുള്ള റീജനല്‍ വർക്ക് ഷോപ്പിലേക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ ഡിപ്പോ എന്‍ജിനീയര്‍ നല്‍കുമെങ്കിലും ടയര്‍ ഒഴികെയുള്ള യന്ത്രഭാഗങ്ങള്‍ വല്ലപ്പോഴും മാത്രമാണ് ലഭിക്കുന്നത്. അന്തര്‍ സംസ്ഥാന സര്‍വിസ് ഉള്‍പ്പെടെ 30 സര്‍വിസുകളാണ് മൂന്നാര്‍ ഡിപ്പോയില്‍നിന്ന് ദിവസവും നടത്തുന്നത്. നെടുങ്കണ്ടത്ത് ബ്രേക്ക് ഡ്രം ഉള്‍പ്പെടെയുള്ള അടിയന്തര പാര്‍ട്സുകള്‍ ലഭിക്കുന്നില്ലെന്നാണ് ആക്ഷേപം. ഹൈറേഞ്ചില്‍നിന്ന് ദീര്‍ഘദൂര സര്‍വിസുകള്‍ നടത്തുന്ന ബസുകള്‍ക്ക് ടയര്‍, ബ്രേക്ക് സംവിധാനങ്ങളുമായി ബന്ധപ്പെട്ട തകരാറുകള്‍ പതിവായി ഉണ്ടാകാറുണ്ട്.
പഴക്കംചെന്ന ബസുകളാണ് മൂലമറ്റത്തുനിന്ന് വാഗമണ്‍ റൂട്ടിലടക്കം സര്‍വിസ് നടത്തുന്നത്. സ്പെയര്‍ പാര്‍ട്സിന്റെ കുറവുമൂലം വാഹനങ്ങള്‍ യഥാസമയം അറ്റകുറ്റപ്പണി നടത്താന്‍ സാധിക്കാറില്ല. ഇത് വലിയ അപകടസാധ്യതയാണ് ഉണ്ടാക്കുന്നത്. മുന്‍കാലങ്ങളില്‍ ബസുകള്‍ക്ക് ആവശ്യമായ സ്പെയര്‍ പാര്‍ട്സുകള്‍ ഡിപ്പോയില്‍ സൂക്ഷിച്ചിരുന്നു. ഇപ്പോള്‍ ആവശ്യപ്പെടുന്നവ എത്തിച്ചു നല്‍കുകയാണ് പതിവ്. ഇതുമൂലം അറ്റകുറ്റപ്പണി വൈകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.