ഒാണത്തിരക്ക്: 25 സ്കാനിയ ബസുകൾ കെ.എസ്.ആർ.ടി.സി വാടകക്കെടുക്കുന്നു
text_fieldsതിരുവനന്തപുരം: ഒാണക്കാലത്തെ യാത്രതിരക്ക് പരിഹരിക്കുന്നതിന് കെ.എസ്.ആർ.ടി.സി 25 സ്കാനിയ ബസുകൾ വാടകക്കെടുക്കുന്നു. നേരത്തേ സ്കാനിയ കമ്പനിയുമായി ചർച്ച നടത്തിയിരുന്നുവെങ്കിലും ചൊവ്വാഴ്ച ചേർന്ന കെ.എസ്.ആർ.ടി.സി ബോർഡ് യോഗമാണ് അന്തിമ തീരുമാനമെടുത്തത്. ആദ്യഘട്ടമായി പത്ത് ബസുകൾ ഇൗ മാസം 30നുള്ളിൽ നിരത്തിലെത്തും.
ഒാണക്കാലത്തെ സ്വകാര്യബസുകൾ യാത്രക്കാരെ പിഴിയുന്നതിന് അറുതിവരുത്തലാണ് ലക്ഷ്യമിടുന്നത്. ബംഗളൂരു, മംഗളൂരൂ, ചെന്നൈ, കോയമ്പത്തൂർ, മൈസൂർ എന്നിവിടങ്ങളിലേക്ക് കേരളത്തിലെ പ്രധാന ഡിപ്പോകളിൽനിന്നാണ് സ്കാനിയകൾ സർവിസ് നടത്തുക. മൂന്ന് ദിവസത്തിനുള്ളിൽ സമയപ്പട്ടിക തയാറാകും.
ബസുകൾ ഒാടിക്കുന്നതിന് കമ്പനി തന്നെ തങ്ങളുടെ ഡ്രൈവർമാരെ നിയോഗിക്കും. കണ്ടക്ടർമാരെ കെ.എസ്.ആർ.ടി.സി നൽകണം. ഡീസലും കെ.എസ്.ആർ.ടി.സി വഹിക്കണം. കിലോമീറ്റർ അടിസ്ഥാനപ്പെടുത്തിയാണ് വാടക. ബസ് ഏതെങ്കിലും കാരണത്താൽ തകരാറിലാവുകയോ അപകടത്തിൽപെടുകയോ വഴിയിലാവുകയോ ചെയ്താൽ 24 മണിക്കൂറിനുള്ളിൽ കമ്പനി പകരം ബസ് എത്തിക്കണമെന്നതും വ്യവസ്ഥയിലുണ്ട്.
കെ.എസ്.ആർ.ടി.സിക്ക് ഒരു ശതമാനം പോലും മുതൽമുടക്കില്ലാതെ സർവിസ് നടത്താമെന്നതാണ് പ്രത്യേകതയായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്. ഏറ്റവും പുതിയ മോഡലായ യൂറോ-4 ബസുകളാണ് ഇവ. ഇന്ത്യയിൽ ആദ്യമായി ഇവ നിരത്തിലെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. മലിനീകരണതോത് കുറവും മികച്ച യാത്രാ സൗകര്യമുള്ളതുമാണ് ഇൗ ബസുകൾ. ഒാണത്തോടനുബന്ധിച്ച് കർണാടകയിലേക്കും തമിഴ്നാട്ടിലേക്കും സ്പെഷൽ സർവിസുകൾ ഒാടിക്കാനും തീരുമാനമുണ്ട്.
സമയപ്പട്ടിക ഉടൻ നിശ്ചയിക്കും. കർണാടകയുമായി 2016ൽ കരാർ ഒപ്പിട്ടിരുന്നെങ്കിലും ബസുകളുടെ കുറവുമൂലം സർവിസ് ആരംഭിക്കാനായില്ല. ഡീലക്സ് മുതൽ ഒാർഡിനറി വരെയുള്ള ബസുകളാണ് കർണാടകയിലേക്കുള്ള സർവിസുകൾക്കായി നിശ്ചയിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.