കെ.എസ്.ആർ.ടി.സി ബൈപാസ് റൈഡർ അടുത്ത മാസം മുതൽ
text_fieldsമലപ്പുറം: കോഴിക്കോട് -തിരുവനന്തപുരം പാതയിൽ കെ.എസ്.ആർ.ടി.സിയുടെ പുതിയ സർവിസായ 'ബൈപാസ് റൈഡർ' സർവിസ് അടുത്ത മാസം മുതൽ. സർവിസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കെ.എസ്.ആർ.ടി.സി യോഗം ചേർന്നിരുന്നു. ജൂലൈ ആദ്യവാരം മുതൽ സർവിസ് ആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടത്താനാണ് ഡിപ്പോകൾക്ക് ലഭിച്ച നിർദേശം.
തിരുവനന്തപുരം -കോഴിക്കോട്, കോഴിക്കോട് -തിരുവനന്തപുരം റൂട്ടിൽ ഓരോ മണിക്കൂർ ഇടവിട്ട് സർവിസ് ആരംഭിക്കുന്നതാണ് ബൈപാസ് റൈഡർ. 48 ബസുകളാണ് സർവിസ് നടത്തുക. ഇതിൽ പകുതി കെ സ്വിഫ്റ്റും ബാക്കി ജൻറം ലോ ഫ്ലോർ ബസുകളുമാണ്. ആലപ്പുഴ വഴിയും കോട്ടയം എം.സി റോഡ് വഴിയുമായിരിക്കും സർവിസ് നടത്തുക.
ബൈപാസ് റൈഡർ സർവിസ് ആരംഭിക്കുന്നതോടെ ഈ ബസിൽ യാത്ര ചെയ്യുന്നവർക്കായി ഫീഡർ സർവിസുകളും ആരംഭിക്കും. മലപ്പുറം ഡിപ്പോയിൽ നിന്നാണ് ഇതിനാവശ്യമായ ഫീഡർ സർവിസുകൾ നടത്തുക. ഇതിനായി മൂന്ന് ഫീഡർ ബസുകൾ തയാറാക്കിയിട്ടുണ്ട്. ജില്ലയിൽ നിലവിൽ കോട്ടക്കൽ, ചെനക്കൽ എന്നിവിടങ്ങളിലാണ് ഫീഡർ സ്റ്റേഷനുകൾ. ഇവിടെ നിന്ന് കെ.എസ്.ആർ.ടി.സിയുടെ തന്നെ ഫീഡർ ബസുകളിലാണ് ഇവർക്ക് തുടർയാത്രക്കുള്ള സൗകര്യം ഒരുക്കുക.
ബൈപാസ് റൈഡർ സർവിസുകൾ ആരംഭിക്കുന്നതോടെ മലപ്പുറം -കോട്ടക്കൽ റൂട്ടിൽ 24 മണിക്കൂറും സർവിസ് നടത്തുന്നത് കെ.എസ്.ആർ.ടി.സിയുടെ പരിഗണനയിലുണ്ട്. ബൈപാസ് റൈഡറിലെ യാത്രക്കാർക്കായി നിർബന്ധമായും സർവിസ് നടത്തേണ്ടതുണ്ട്. ഒരു റൈഡർ സർവിസിൽ മലപ്പുറത്തേക്ക് കുറച്ചുപേരാണ് യാത്രക്കാരായി ഉണ്ടാകുക. സർവിസ് ലാഭകരമാക്കാൻ മറ്റു യാത്രക്കാരെയും കയറ്റി മുഴുവൻ സമയവും സർവിസ് നടത്തുന്നത് സംബന്ധിച്ചാണ് ചർച്ചകൾ നടക്കുന്നത്. നിലവിലുള്ള ഷെഡ്യൂളുകൾ പുനഃക്രമീകരിച്ചായിരിക്കും ഫീഡർ സർവിസ്.
ഇപ്പോൾ രാത്രിയിൽ മലപ്പുറം -കോട്ടക്കൽ റൂട്ടിൽ സർവിസില്ല. ഫീഡർ സർവിസുകൾ വരുന്നതോടെ ഈ യാത്ര പ്രശ്നത്തിനും പരിഹാരമാകും. ബൈപാസ് റൈഡറിൽ വരുന്ന യാത്രക്കാർക്ക് സൗജന്യമായും മറ്റു യാത്രക്കാർക്ക് ടിക്കറ്റ് എടുത്തും ഇതിൽ കയറാൻ സാധിക്കും. രാത്രിയിൽ അടക്കം കൂടുതൽ യാത്രക്കാരുണ്ടെങ്കിൽ ഈ സർവിസ് തിരൂരിലേക്ക് നീട്ടുന്നതു സംബന്ധിച്ചും ചർച്ചകൾ നടക്കുന്നുണ്ട്. തിരൂരിലേക്ക് നീട്ടിയാൽ ട്രെയിൻ യാത്രികർക്ക് ഉപകാരപ്രദമാകും.
പുതിയ രീതിയിൽ സർവിസ് നടത്തുമ്പോൾ കോഴിക്കോട് -തിരുവനന്തപുരം പാതയിൽ രണ്ട് മണിക്കൂറിലധികം സമയം ലാഭിക്കാനാകുമെന്നാണ് കെ.എസ്.ആർ.ടി.സി കണക്കുകൂട്ടൽ. ബൈപാസ് റൈഡർ സർവിസ് നഗരകേന്ദ്രങ്ങളിലെ കെ.എസ്.ആർ.ടി.സി ഡിപ്പോകൾ കയറിയിറങ്ങുന്നത് ഒഴിവാകും. ഇതിനായാണ് ബൈപാസുകളിൽനിന്ന് നഗരകേന്ദ്രങ്ങളിലെ ഡിപ്പോകളിലേക്ക് ഫീഡർ സർവിസുകൾ നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.