പൊന്നുക്കുട്ടന്റെ കണ്ണീര് ഫലം കണ്ടു; വേളാങ്കണ്ണി സർവിസ് കെ.എസ്.ആർ.ടി.സി കൈവിടില്ല
text_fieldsതിരുവനന്തപുരം: യാത്രക്കാരും ജീവനക്കാരും ഏറെ സ്നേഹിക്കുന്ന ചങ്ങനാശ്ശേരി -വേളാങ്കണ്ണി സൂപ്പർ എക്സ്പ്രസ് അതേ രീതിയിൽ നിലനിർത്തുമെന്ന് കെ.എസ്.ആർ.ടി.സി. ഈ ബസ് മാറ്റി, സൂപ്പർ ഡീലക്സ് ആയി ഉയർത്തി കെ -സ്വിഫ്റ്റിന് കൈമാറാനുള്ള നീക്കം പിൻവലിച്ചതായി സി.എം.ഡി അറിയിച്ചു.
ബസിന്റെ മുന്നില്‍ തലചായ്ച്ച് നില്‍ക്കുന്ന ഡ്രൈവർ പാലക്കാട് സ്വദേശി പൊന്നുക്കുട്ടന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ചങ്ങനാശേരി - പളനി -വേളാങ്കണ്ണി സർവിസിൽ പാലക്കാട് മുതൽ ഈ ബസിന്റെ സാരഥിയാണ് പൊന്നുക്കുട്ടന്‍. ഇന്റര്‍സ്റ്റേറ്റ് സര്‍വിസുകളില്‍ ഏറ്റവുമധികം കലക്ഷനുള്ള വാഹനങ്ങളിലൊന്നുമാണ് ഇത്.
അന്തർ സംസ്ഥാന സർവിസ് സൂപ്പർ ഡീലക്സ് ആയി ഉയർത്തുന്നതിന് വേണ്ടിയാണ് കെ.എസ്.ആർ.ടി.സി- സ്വിഫ്റ്റിന് കൈമാറാൻ തീരുമാനിച്ചിരുന്നത്. ദീർഘദൂര സർവിസുകൾ നടത്തുന്ന സൂപ്പർ ക്ലാസ് ബസുകൾ 5 വർഷം കഴിഞ്ഞാൽ മാറ്റണമെന്നായിരുന്നു നിയമം. എന്നാൽ സംസ്ഥാനത്ത് ഇത്തരത്തിലുള്ള ബസുകളുടെ കുറവ് കാരണം അത് 7 വർഷമായി വർധിപ്പിച്ചിരുന്നു. എന്നിട്ടും ഇത്തരത്തിലുള്ള ബസുകളുടെ കുറവ് ഉണ്ടായതോടെ വീണ്ടും 704 ബസുകളുടെ കാലപരിധി 9 വർഷമായി ഈ അടുത്ത കാലത്താണ് വർദ്ധിപ്പിച്ചത്.
ബസ് സഞ്ചരിക്കുന്ന ദൂരം, അന്തർസംസ്ഥാന സർവിസ്, കാലപഴക്കം, സർവിസിന്റെ പ്രാധാന്യം എന്നിവ പരിഗണിച്ചാണ് പഴയ ബസുകൾക്ക് പകരം കെഎസ്ആർടിസി - സ്വിഫ്റ്റിന്റെ പുതിയ ബസുകൾ നൽകുന്നത്. ഇത്തരത്തിൽ പ്രാധാന്യം നൽകിയാണ് 5 വർഷവും 3 മാസവും പഴക്കമുള്ള ചങ്ങനാശ്ശേരി- വേളാങ്കണ്ണി സൂപ്പർ എക്സ്പ്രസ് ബസ് സർവിസ് ഡീലക്സ് ആയി അപ്ഗ്രേഡ് ചെയ്യുവാൻ തീരുമാനിച്ചത്.
ഈ ബസിലെ ഡ്രൈവർ പൊന്നുക്കുട്ടൻ അടക്കം സർവിസ് പോകുന്ന ജീവനക്കാർ ബസിനെ സ്നേഹിക്കുന്നതായും പരിപാലിക്കുന്നതായും മാതൃകാപരമായി സർവിസ് നടത്തുന്നതായും കാണുകയും ഇതിനാൽ തന്നെ ധാരാളം സ്ഥിരം യാത്രക്കാർ ഈ സർവിസിനെ ആശ്രയിക്കുന്നതായും കണ്ടെത്തിയ സാഹചര്യത്തിലാണ് ഈ ബസ് തുടർന്നും സൂപ്പർ എക്സ്പ്രസ് സർവ്വീസ് ആയി നടത്തുന്നതിന് അനുമതി നൽകുവാൻ തീരുമാനിച്ചതെന്ന് സി.എം.ഡി വാർത്തകുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.