പ്രതിസന്ധിയും സർക്കാർ നിസ്സഹകരണവും: ചുമതല ഒഴിയാനുറച്ച് കെ.എസ്.ആർ.ടി.സി സി.എം.ഡി
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ പ്രതിസന്ധി കനക്കുന്നതിന് പിന്നാലെ നവീകരണത്തിനായി പ്രഖ്യാപിച്ച പദ്ധതികളിൽനിന്ന് സർക്കാർ പിന്നാക്കംപോയതോടെ ചുമതലയൊഴിയാൻ ഉറച്ച് സി.എം.ഡി ബിജു പ്രഭാകർ. ധനവകുപ്പ് അനുവദിച്ച പണം ഉദ്യോഗസ്ഥരുടെ വീഴ്ചമൂലം കൈമാറിക്കിട്ടാൻ കാലതാമസമെടുത്തെങ്കിലും വിതരണം വൈകിയതിൽ ജീവനക്കാരുടെ രോഷം മുഴുവൻ ബിജു പ്രഭാകറിനോടാണ്. പ്രതിഷേധം അതിരുവിട്ട് വീട്ടിലേക്കും എത്തിയതോടെയാണ് കടുത്ത നിലപാടിലേക്ക് നീങ്ങാൻ സി.എം.ഡി തീരുമാനിച്ചത്.
കെ.എസ്.ആർ.ടി.സി പെൻഷൻ വിതരണം മുടങ്ങിയതിന് 18നും ശമ്പളമുടക്കം സംബന്ധിച്ച് കേസിന് 20നും ഹൈകോടതിയിൽ ബിജു പ്രഭാകർ നേരിട്ട് ഹാജരാകും. ശേഷം നിലവിൽ വഹിക്കുന്ന അധികചുമതലയായ കെ.എസ്.ആർ.ടി.സിയുടെ സി.എം.ഡി സ്ഥാനത്ത് നിന്നും ഒഴിവാക്കണമെന്ന് കാണിച്ച് വകുപ്പ് മന്ത്രിക്കും ചീഫ് സെക്രട്ടറിക്കും കത്ത് നൽകാനാണ് ആലോചന. സർക്കാർ അനുവദിക്കുന്നിടത്തോളം ഗതാഗത വകുപ്പിന്റെ സെക്രട്ടറിയായി തുടരും. ഇക്കാര്യം വെള്ളിയാഴ്ച ചീഫ് സെക്രട്ടറി വി. വേണുവിനേയും 14ന് മന്ത്രി ആന്റണി രാജുവിനേയും അറിയിച്ചിട്ടുണ്ട്. സി.എം.ഡി സ്ഥാനത്ത് തുടരാൻ സർക്കാറിൽ സമ്മർദം ഉണ്ടായാൽ അവധിയെടുക്കാനും ആലോചനയുണ്ട്.
അഞ്ച് വർഷം നീണ്ട പദ്ധതികളുമായാണ് ബിജു പ്രഭാകർ കെ.എസ്.ആർ.ടി.സിയിലേക്ക് എത്തുന്നത്. ഇപ്പോൾ മൂന്ന് വർഷം പൂർത്തിയാകുകയാണ്. സർക്കാർ ധനസഹായത്തിനായി കഴിഞ്ഞ കുറച്ചുദിവസമായി ധനകാര്യ വകുപ്പ് ഉദ്യോഗസ്ഥരെ നേരിട്ട് കണ്ട് സി.എം.ഡി സംസാരിച്ചിരുന്നു. തിങ്കളാഴ്ച അനുവദിച്ച 30 കോടി പോലും ലഭിക്കാൻ വെള്ളിയാഴ്ച രാത്രിയായി. അതുകൊണ്ട് ആദ്യ ഗഡു നൽകി. ഇനി ബാക്കി ശമ്പളം നൽകാനും പണമില്ല. അടുത്ത മാസം ഓണമാണ്. ശമ്പളവും ബോണസും നൽകണം. ധനവകുപ്പ് ഇതേ നിസ്സഹകരണം തുടർന്നാലും ജീവനക്കാരുടെ രോഷം മുഴുവൻ സ്ഥാപന മേധാവിയോടായിരിക്കും. ഇതു കൂടി മുന്നിൽകണ്ടാണ് ബിജു പ്രഭാകർ മാറ്റത്തിനൊരുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.