പുകഞ്ഞ് ആന വണ്ടി
text_fieldsതിരുവനന്തപുരം: പ്രതിസന്ധിയുടെ നടുക്കയത്തിൽ ഉഴലുന്നതിനിടെ, സമൂഹമാധ്യമം വഴിയുള്ള കെ.എസ്.ആർ.ടി.സി സി.എം.ഡിയുടെ അസാധാരണ നീക്കങ്ങൾ സർക്കാറിനും കടുത്ത തലവേദനയാകുന്നു. സ്ഥാപനത്തിന്റെ സ്ഥിതിഗതികൾ ബോധ്യപ്പെടുത്താനെന്ന പേരിൽ തുടങ്ങിയ സി.എം.ഡിയുടെ തുറന്നുപറച്ചിലും വിശദീകരണവും വിഴുപ്പലക്കലിലേക്കും ജീവനക്കാർക്കെതിരെയുള്ള മറയില്ലാത്ത ആരോപണങ്ങളിലേക്കും വഴിമാറിയിട്ടും തടയിടാനാകാതെ പ്രതിരോധത്തിലാണ് സർക്കാർ.
ഫേസ്ബുക്ക് വഴിയുള്ള വിശദീകരണപരമ്പര രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോഴും മന്ത്രി ആന്റണി രാജു ഇതുവരെയും പരസ്യപ്രതികരണത്തിന് തയാറായിട്ടില്ല. ഇതിനിടെ സി.എം.ഡിയുടെ വീട്ടിലേക്ക് മാർച്ച് നടത്തിയതിന് പിന്നാലെ ജീവനക്കാരുടെ ശമ്പളത്തിൽ ഐ.എൻ.ടി.യു.സി മാസവരി പിരിക്കുന്നത് തടയാൻ മാനേജ്മെന്റ് കത്ത് നൽകിയതും വിവാദമായി. ഐ.എൻ.ടി.യു.സിക്കെതിരെയുള്ള നടപടിയെ തള്ളിപ്പറഞ്ഞ് സി.ഐ.ടി.യു തന്നെ രംഗത്തെത്തി.
സി.എം.ഡിയുടെ ‘തുറന്നുപറച്ചിലി’നെതിരെ തൊഴിലാളികൾക്കിടയിൽ രാഷ്ട്രീയ വ്യത്യാസമില്ലാതെ പ്രതിഷേധം കത്തിയാളുകയാണ്. ശമ്പളം പോലും കൃത്യമായി നൽകാനാകാത്ത സ്ഥിതിയിൽ സ്ഥാപനാധികാരിയുടെ ഭാഗത്ത് നിന്ന് ആക്ഷേപങ്ങൾ കൂടി തുടരുന്നതാണ് ജീവനക്കാരെ ചൊടിപ്പിക്കുന്നത്.
സി.എം.ഡിയുടെ എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയും ജനങ്ങൾക്കിടയിൽ ഒറ്റപ്പെടുകയും ചെയ്തതോടെ ഇതിൽനിന്ന് രക്ഷപ്പെടാൻ പരാജയങ്ങളെല്ലാം തൊഴിലാളികളുടെ തലയിൽ വെച്ചു കെട്ടുകയാണെന്നാണ് സി.ഐ.ടി.യുവിന്റെ ആരോപണം. കെ.എസ്.ആർ.ടി.സിയുടെ വരവിനെ സംബന്ധിച്ച് തങ്ങൾക്ക് തർക്കമില്ലെങ്കിൽ ചെലവിൽ സംശയമുണ്ടെന്ന് കെ.എസ്.ആർ.ടി.ഇ.എ (സി.ഐ.ടി.യു) ജനറൽ സെക്രട്ടറി എസ്. വിനോദ് മാധ്യമത്തോട് പറഞ്ഞു.
ചെലവുകൾ സത്യസന്ധമായി പരിശോധിക്കണം. സർക്കാർ ധനസഹായം കിട്ടിയെങ്കിലേ ശമ്പളം കൊടുക്കൂ എന്ന് മാനേജ്മെന്റ് ശാഠ്യം പിടിക്കുകയാണെന്നും തൊഴിലാളിയുടെ അധ്വാനത്തെ വെച്ച് സർക്കാറിനോട് വിലപേശുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. സി.എം.ഡിക്ക് മറുപടി പറയണമെന്ന് തന്നെയാണ് ഭരണാനുകൂല സംഘടനയായ എ.ഐ.ടി.യു.സിയുടെയും നിലപാട്.
ഇടതുസർക്കാറിന്റെ ഭരണകാലത്ത് മാനേജിങ് ഡയറക്ടർമാർ വന്നിരുന്ന് നടപ്പാക്കിയതെല്ലാം വലതുപക്ഷ നയങ്ങളാണെന്ന് കെ.എസ്.ടി.ഇ.യു (എ.ഐ.ടി.യു.സി) ജനറൽ സെക്രട്ടറി എം.ജി. രാഹുൽ പറഞ്ഞു. ഭരണാനുകൂല സംഘടനകൾതന്നെ നിലപാട് കടുപ്പിക്കുമ്പോൾ പ്രതിസന്ധിക്കിടയിലും കെ.എസ്.ആർ.ടി.സിയിൽ അസാധാരണമായ പോർമുഖം രൂപപ്പെടുകയാണ്. എല്ലാ മാസവും അഞ്ചാം തീയതിക്കകം ശമ്പളം വിതരണം ചെയ്യണമെന്നത് കഴിഞ്ഞ ഓണക്കാലത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ചർച്ചയിലെ ധാരണയാണ്. എന്നാൽ, ആകെ ഒരുമാസം മാത്രമാണ് ഈ രീതിയിൽ ശമ്പളം വിതരണം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.