കോവിഡ് ബാധിതനായ കണ്ടക്ടർ ജോലിചെയ്ത ബസ് അണുമുക്തമാക്കുന്നതിൽ വീഴ്ച
text_fieldsഗുരുവായൂര്‍: കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ കോവിഡ് ബാധിതനായ കണ്ടക്ടർ ജോലിചെയ്ത ബസ് അണുമുക്തമാക്കുന്നതിൽ വീഴ്ച. രോഗം സ്ഥിരീകരിച്ച കണ്ടക്ടർ ജോലിചെയ്ത പാലക്കാട് റൂട്ടിൽ ഓടുന്ന ബസ് രണ്ട് ദിവസമായിട്ടും അണുമുക്തമാക്കിയില്ല. ബസുകൾ കഴുകാനും അണുമുക്തമാക്കാനും ഡിപ്പോയിൽ ജീവനക്കാരുടെ ക്ഷാമമുള്ളതും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്.
രോഗം സ്ഥിരീകരിച്ച കണ്ടക്ടർ ജോലിചെയ്ത വൈറ്റില റൂട്ടിലെ നമ്പര്‍ 718 ബസും ഡിപ്പോയിലെ മറ്റ് 20ഓളം ബസുകളും ഫയര്‍ ഫോഴ്സ് ഞായറാഴ്ച ശുചീകരിച്ചിരുന്നു. ഇതിന് പുറമെ ബസ് സ്റ്റാൻഡും കണ്ടക്ടർക്ക് ടിക്കറ്റ് മെഷീൻ നൽക്കുന്ന കൗണ്ടറും ശുചീകരിച്ചു. എന്നാൽ, പാലക്കാട് റൂട്ടില്‍ പോയ ബസ് ശുചീകരിക്കുന്നതിന് മുമ്പ് അടിയന്തര സ്വഭാവമുള്ള കോള്‍ വന്നതിനെ തുടര്‍ന്ന്് ഫയര്‍ ഫോഴ്സുകാര് ഡിപ്പോയില്‍നിന്ന് മടങ്ങി.
തിങ്കളാഴ്ച രാവിലെ കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ ബന്ധപ്പെട്ടപ്പോള്‍ തങ്ങള്‍ക്ക് ശുചീകരണത്തിന് എത്താന്‍ കഴിയാത്ത സാഹചര്യമാണെന്നാണ് ഫയര്‍ ഫോഴ്സുകാര് പറഞ്ഞത്. ശുചീകരണം നടത്താത്തതിനാൽ പാലക്കാട് റൂട്ടിലെ ബസ് തിങ്കളാഴ്ച സർവിസിന് അയച്ചില്ല.
യാത്രകൾക്കുശേഷം ബസ് അണുമുക്തമാക്കുമെന്നെല്ലാം പറയുന്നുണ്ടെങ്കിലും ഇതിന് ആവശ്യമായ ജീവനക്കാർ ഡിപ്പോയിലില്ല. ഇപ്പോൾ പ്രതിദിനം 30ഓളം സര്‍വിസുകളുള്ള ഡിപ്പോയില്‍ ബസ് വൃത്തിയാക്കാനുള്ളത് മൂന്നുപേര്‍ മാത്രമാണ്. മൂന്ന് താൽക്കാലിക ജീവനക്കാരും നാല് കരാര്‍ തൊഴിലാളികളുമടക്കം ഏഴ് പേരാണ് ബസ് കഴുകുന്ന ജീവനക്കാരായി ആകെയുള്ളത്.
ഇതില്‍ മൂന്ന് ജീവനക്കാര്‍ ഇപ്പോള്‍ ക്വാറൻറീനിലാണ്. ഡ്യൂട്ടിക്കിടെ ഉണ്ടായ അപകടത്തെ തുടര്‍ന്ന് ഒരാള്‍ ദീര്‍ഘകാലമായി അവധിയിലും. ബാക്കിയുള്ള മൂന്നുപേര്‍ വേണം ഡിപ്പോയിലെ ബസുകള്‍ അണുനശീകരണം നടത്താനും കഴുകാനുമെല്ലാം.
സര്‍വിസ് നടത്തുന്നതിൽ ആവേശം കാണിക്കുന്ന അധികൃതര്‍ ഇത്തരം വീഴ്ചകള്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് ജീവനക്കാര്‍ പറയുന്നു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഞായറാഴ്ച നിർത്തിയിരുന്ന സർവിസുകൾ തിങ്കളാഴ്ച പുനരാരംഭിച്ചു. 21 സർവിസുകളാണ് തിങ്കളാഴ്ച നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.