പലിശക്കാരുടെ മർദനം: ചികിത്സയിലായിരുന്ന കെ.എസ്.ആർ.ടി.സി കണ്ടക്ടർ മരിച്ചു
text_fieldsകുഴൽമന്ദം (പാലക്കാട്): പലിശക്കാരുടെ മർദനത്തെ തുടർന്ന് ചികിത്സയിലായിരുന്ന കെ.എസ്.ആർ.ടി.സി കണ്ടക്ടർ മരിച്ചു. കുഴൽമന്ദം നടുത്തറ വീട്ടിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ മകൻ മനോജാണ് (40) തൃശൂർ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. ആഗസ്റ്റ് ഒമ്പതിന് വൈകീട്ടാണ് മനോജ് ജോലി കഴിഞ്ഞ് അവശനിലയിൽ കൊടുവായൂർ ചാന്തുരുത്തിയിലെ സഹോദരിയുടെ വീട്ടിലെത്തിയത്. ഉടൻ കൊടുവായൂരിലെ സ്വകാര്യ ക്ലിനിക്കിലും കാഴ്ചപ്പറമ്പ് സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂർ മിഷൻ ആശുപത്രിയിലും ചികിത്സതേടി. ആഗസ്റ്റ് 14ന് മിഷൻ ആശുപത്രിയിൽനിന്ന് തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇവിടെ ചികിത്സിലിരിക്കെ ഞായറാഴ്ച പുലർച്ച മൂന്നിന് മരിച്ചു.
സർവിസിലിരിക്കെ മരിച്ച അച്ഛൻ കൃഷ്ണൻകുട്ടിയുടെ ജോലി മനോജിന് ലഭിക്കുകയായിരുന്നു. സഹോദരിയുടെ കല്യാണത്തിനും അച്ഛന്റെ കടബാധ്യത തീർക്കാനും കുളവൻമുക്കിലെ ചില സുഹൃത്തുക്കളോട് മനോജ് പലിശക്ക് കടം വാങ്ങിയിരുന്നു. തിരിച്ചടവ് തെറ്റിയതിനെ തുടർന്ന് പലിശക്കാർ നടുത്തറയിലെ വീട്ടിലെത്തി വാക്തർക്കവും കൈയാങ്കളിയുമുണ്ടാക്കുന്നത് പതിവായിരുന്നു.
വടക്കഞ്ചേരി ഡിപ്പോയിൽ കണ്ടക്ടറായിരുന്ന മനോജ് പലിശക്കാരുടെ ശല്യം സഹിക്കാനാകാതെ ചാലക്കുടി ഡിപ്പോയിലേക്ക് ട്രാൻസ്ഫർ വാങ്ങി. അമ്മയെയും കൂട്ടി കൊടുവായൂർ ഹൈസ്കൂളിനു സമീപത്തെ വാടകവീട്ടിലേക്ക് ഒന്നര വർഷം മുമ്പ് താമസം മാറ്റുകയും ചെയ്തിരുന്നു. ആഗസ്റ്റ് ഒമ്പതിന് കൊടുവായൂരിലേക്ക് വരുന്നവഴി പലിശക്കാർ മർദിച്ചെന്നും രക്തം ഛർദിച്ചതിനെത്തുടർന്ന് ആശുപത്രിയിൽ കൊണ്ടുപോയി എന്നുമാണ് പ്രാഥമിക വിവരം. മനോജിന്റെ സഹോദരിയുടെ മകളുടെ മൊഴിപ്രകാരം പുതുനഗരം പൊലീസ് കേസെടുത്തു.
രുഗ്മിണിയാണ് മനോജിന്റെ മാതാവ്. സഹോദരിമാർ: ശാരദ രതീഷ്, സജിത അനിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.