പ്രതിസന്ധികളിലും കെ.എസ്.ആർ.ടി.സി കൊറിയർ സർവിസ് നേട്ടത്തിലേക്ക്
text_fieldsതൃശൂർ: വിവാദങ്ങളും പ്രതിസന്ധികളും അലട്ടുന്നതിനിടെ കെ.എസ്.ആർ.ടി.സിയിൽ വിജയത്തിളക്കവുമായി കൊറിയർ സർവിസ് പദ്ധതി. കഴിഞ്ഞമാസം 15 ന് ആരംഭിച്ച പദ്ധതി ഒരു മാസം പിന്നിടുമ്പോൾ പ്രതിദിന വരുമാനം ശരാശരി ഒരു ലക്ഷം രൂപയോളമാണ്. സോഫ്റ്റ്വെയർ പൂർണ സജ്ജമാകുന്നതോടെ വരുമാനം ഗണ്യമായി ഉയർത്താനാകുമെന്നാണ് പ്രതീക്ഷ. 16 മണിക്കൂർ കൊണ്ട് സംസ്ഥാനത്ത് എവിടെയും പാഴ്സലുകൾ എത്തിക്കുമെന്നതാണ് പദ്ധതിയുടെ മുഖ്യആകർഷണമായി കെ.എസ്.ആർ.ടി.സി മുന്നോട്ടുവെച്ചിട്ടുള്ള വാഗ്ദാനം.
14 ജില്ലകളിലും സേവനം ലഭ്യമാക്കിയിട്ടുണ്ട്. എന്നാൽ, എല്ലാ യൂനിറ്റുകളും നെറ്റ്വർക്കിൽ ഉൾപ്പെടാൻ ഇനിയും സമയമെടുക്കും. സംസ്ഥാനത്തിന് പുറത്ത് ബംഗളൂരു, മംഗളൂരു, കോയമ്പത്തൂർ, നാഗർകോവിൽ, തെങ്കാശി എന്നിവിടങ്ങളിലും കൊറിയർ സേവനം ലഭ്യമാണ്. സോഫ്റ്റ്വെയർ പൂർണതോതിൽ പ്രവർത്തന ക്ഷമമാകുന്നതോടെ പാഴ്സലിന്റെ ട്രാക്കിങ് സാധ്യമാകും. ആറ് എസ്.എം.എസുകൾവരെ ഉപഭോക്താവിന് ലഭിക്കും. നിലവിൽ ലഗേജ് താരിഫാണ് പാഴ്സലിന്റെ കാര്യത്തിൽ ഈടാക്കുന്നത്. 30 കിലോഗ്രാം വരെ 110 രൂപക്ക് 200 കിലോമീറ്റർ വരെ അയക്കാനാകും.
കൂടുതൽ ഭാരമുള്ള ലഗേജുകൾ അയക്കേണ്ടവരും അടിയന്തരമായി സാധനങ്ങൾ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കേണ്ടവരുമാണ് കൂടുതലായും കെ.എസ്.ആർ.ടി.സി കൊറിയർ സർവിസിനെ ആശ്രയിക്കുന്നത്. പ്രതിമാസം അഞ്ച് കോടി രൂപയുടെ അധികവരുമാനം ലക്ഷ്യമിടുന്ന പദ്ധതിയിൽ കൂടുതൽ പ്രഫഷനലിസം കൊണ്ടുവരാനും അധികൃതർ ലക്ഷ്യമിടുന്നുണ്ട്. ഫ്രണ്ട് ഓഫിസുകൾ കൂടുതൽ ആകർഷകവും ഉപഭോക്തൃ സൗഹൃദവുമാക്കും. ജീവനക്കാർക്ക് ഇൻസെന്റീവും നൽകും. ഭാവിയിൽ ഫ്രാഞ്ചൈസികൾ നൽകുന്നത് വഴി നെറ്റ്വർക്ക് വിപുലമാക്കാമെന്നും പ്രതീക്ഷിക്കുന്നു. കൃത്യതയും കാര്യക്ഷമതയും ഉറപ്പാക്കിയാൽ സംസ്ഥാനത്തിനകത്ത് കൈകാര്യം ചെയ്യുന്ന കൊറിയറുകളിൽ കൂടുതലും കെ.എസ്.ആർ.ടി.സി വഴിയാകുമെന്ന പ്രതീക്ഷയാണ് മാനേജ്മെന്റ് ജീവനക്കാർക്ക് നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.