കെ.എസ്.ആർ.ടി.സി പ്രതിസന്ധി: തൊഴിലാളികളുമായി മുഖ്യമന്ത്രി നടത്തുന്ന ചർച്ചയിൽ അന്തിമ തീരുമാനം -ആന്റണി രാജു
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സി പ്രതിസന്ധി പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചർച്ച നടത്തുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. അംഗീകൃത തൊഴിലാളി സംഘടനകളുമായി തിങ്കളാഴ്ചയാണ് ചർച്ച നടക്കുക. ശമ്പളപ്രതിസന്ധി, ഡ്യൂട്ടി പരിഷ്കരണം ഉൾപ്പടെയുള്ള വിഷയങ്ങൾ ചർച്ചയിൽ ഉയർന്ന് വരും. പ്രശ്നപരിഹാരത്തിനുള്ള നിർദേശങ്ങൾ മുഖ്യമന്ത്രി മുന്നോട്ടുവെക്കുമെന്ന് ആന്റണി രാജു പറഞ്ഞു. മുഖ്യമന്ത്രിയെടുക്കുന്ന തീരുമാനം എല്ലാവരും അംഗീകരിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ ശമ്പള വിതരണത്തിനായി 103 കോടി രൂപ അടിയന്തരമായി കെഎസ്ആർടിസിക്ക് നൽകണമെന്ന കോടതി വിധി ഹൈകോടതി സ്റ്റേ ചെയ്തിരുന്നു. സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷൻ ബെഞ്ചാണ് സ്റ്റേ ചെയ്തത്. സംസ്ഥാന സർക്കാറിന്റെ അപ്പീലിലാണ് ഹൈകോടതി നടപടി.
കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ശമ്പളവും ഓണം ബോണസും നൽകാനാണ് ഈ തുക ആവശ്യപ്പെട്ടിരുന്നത്. സെപ്റ്റംബർ ഒന്നിനുമുമ്പ് തുക സർക്കാർ കൈമാറണമെന്നായിരുന്നു ഹൈകോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. ജീവനക്കാർക്ക് പട്ടിണി ഓണം ഉണ്ടാവരുതെന്ന് പരാമർശിച്ചാണ് കെ.എസ്.ആർ.ടി.സി ആവശ്യപ്പെട്ട 103 കോടി ഉടൻ നൽകാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടത്. അനുവദിക്കുന്ന തുക കെ.എസ്.ആർ.ടി.സിയുടെ ആസ്തിയിൽനിന്ന് തിരികെ പിടിക്കാനും നിർദേശിച്ചിരുന്നു.
ശമ്പളം യഥാസമയം നൽകാത്തതിനെതിരെ ജീവനക്കാർ നൽകിയ ഹരജിയാലായിരുന്നു ഈ ഉത്തരവ്. ഇതിനെതിരെ സർക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകുകയായിരുന്നു. ഹരജി സെപ്റ്റംബർ ഒന്നിന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് വിധിക്ക് ഡിവിഷൻ ബെഞ്ചിന്റെ സ്റ്റേ അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.