കെ.എസ്.ആര്‍.ടി.സി: ബാക്കി ശമ്പളം പ്രതിസന്ധിയില്‍; ബാങ്ക് വായ്പക്കുള്ള സാധ്യത മങ്ങുന്നു
text_fieldsതിരുവനന്തപുരം: ശേഷിക്കുന്ന ശമ്പളം വിതരണം ചെയ്യുന്നതിന് കെ.എസ്.ആര്‍.ടി.സി പ്രതീക്ഷയര്‍പ്പിച്ചിരുന്ന 100 കോടി രൂപയുടെ കനറാബാങ്ക് വായ്പ ലഭിക്കാനുള്ള സാധ്യത മങ്ങുന്നു. രേഖകളെല്ലാം ഡല്‍ഹിയിലേക്ക് അയച്ചെങ്കിലും ബാങ്ക് ഇതുവരെ പച്ചക്കൊടി കാട്ടിയിട്ടില്ല. കഴിഞ്ഞദിവസം ഗതാഗതവകുപ്പ് സെക്രട്ടറി ബാങ്ക് അധികൃതരുമായി സംസാരിച്ചെങ്കിലും വായ്പ സംബന്ധിച്ച കൃത്യമായ മറുപടിയും ലഭിച്ചിട്ടില്ല.
വായ്പ നല്‍കാന്‍ സന്നദ്ധത അറിയിച്ച ഫെഡറല്‍ ബാങ്കും ഇപ്പോള്‍ പിന്മാറിയ മട്ടാണ്. നവംബറിലെ പകുതി പെന്‍ഷനും 75 ശതമാനം ശമ്പളവുമാണ് നല്‍കിയത്. ശേഷിക്കുന്ന ബാധ്യത തീര്‍ക്കാന്‍ 50 കോടി കൂടിവേണം. പുറമെ ഡിസംബറിലെ പെന്‍ഷനും കുടിശ്ശികയാണ്. 10 ദിവസത്തിനുള്ളില്‍ ശമ്പളത്തിന് 80 കോടികൂടി കണ്ടെത്തേണ്ടിവരും. ബാങ്ക് വായ്പ നീളുന്നതിനാല്‍ നിലവിലെ വായ്പകളില്‍ പുന$ക്രമീകരണം നടത്താനുള്ള നീക്കത്തിലാണ് മാനേജ്മെന്‍റ്. തിരിച്ചടവിന്‍െറ അനുപാതം അനുസരിച്ച് ചില ഡിപ്പോകള്‍ക്ക് മേലുള്ള ബാധ്യത ഒഴിവാക്കിയെടുക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. പല വായ്പകളിലും തിരിച്ചടവ് കൂടുതലാണ്. ഇത് കുറച്ചും മിച്ചമുണ്ടാക്കാനുള്ള ശ്രമത്തിലാണ്. ഇതിനുപുറമെ പതിനായിരം രൂപക്ക് താഴെ വരുമാനമുള്ള 3200 ഷെഡ്യൂളുകള്‍ അടിയന്തരമായി പുന$ക്രമീകരിക്കാനുള്ള നീക്കവും പുനരാരംഭിച്ചിട്ടുണ്ട്. മുമ്പ് ഇതിനുള്ള നടപടികള്‍ ആരംഭിച്ചപ്പോഴാണ് നോട്ടുപ്രതിസന്ധിയുണ്ടായത്. വരുമാനം പൊടുന്നനെ കുറഞ്ഞതിനാല്‍ ഷെഡ്യൂള്‍ പുന$ക്രമീകരണം വിലയിരുത്താന്‍ കഴിഞ്ഞില്ല. പഞ്ചിങ്ങിന്‍െറ പേരില്‍ അയ്യായിരത്തോളം പേര്‍ക്ക് ശമ്പളം നിഷേധിച്ചിട്ടുമുണ്ട്. പഞ്ചിങ് ചുമതലയുള്ള ഇ.ഡി.പി.സി വിഭാഗത്തിന്‍െറ വീഴ്ച കാരണം ഹാജര്‍ രേഖപ്പെടുത്താന്‍ കഴിയാത്തവര്‍ക്ക് ശമ്പളം നിഷേധിച്ചത് വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്.
കെ.എസ്.ആര്‍.ടി.സി: സുശീല്‍ ഖന്ന റിപ്പോര്‍ട്ട് ഉടന്‍
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയുടെ നിലവിലെ പ്രതിസന്ധികള്‍ പഠിച്ച് പരിഹാരനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് ചുമതലപ്പെടുത്തിയ കൊല്‍ക്കത്ത ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റിലെ പ്രഫ. സുശീല്‍ ഖന്ന ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കും. റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ ജനുവരി മുതല്‍ നടപ്പാക്കിത്തുടങ്ങും. മാസം എട്ടുദിവസം മാത്രം ജോലിക്ക് ഹാജരാകുന്ന കണ്ടക്ടര്‍ക്കും 20 ദിവസം ഡ്യൂട്ടി അറ്റന്‍ഡന്‍സ് ലഭിക്കുന്നുണ്ട്. ഇതൊഴിവാക്കാന്‍ റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ടെന്നാണ് വിവരം. ബസും ജീവനക്കാരുടെ എണ്ണവും തമ്മിലുള്ള അനുപാതം കുറക്കാനും നിര്‍ദേശമുണ്ട്. ഡബിള്‍ ഡ്യൂട്ടി ഒഴിവാക്കും. പകരം എട്ടുമണിക്കൂര്‍ കഴിഞ്ഞുള്ള ഡ്യൂട്ടിക്ക് മണിക്കൂര്‍ അടിസ്ഥാനമാക്കി വേതനം നല്‍കും. 12 മണിക്കൂര്‍ ജോലി നോക്കി രണ്ട് ഡ്യൂട്ടി അറ്റന്‍ഡന്‍സ് വാങ്ങുന്ന സംവിധാനം കെ.എസ്.ആര്‍.ടി.സിയിലുണ്ട്. ഇത് ഭീമമായ നഷ്ടമാണ് കോര്‍പറേഷനുണ്ടാക്കുന്നത്. പക്ഷേ, ഇത് ഘട്ടംഘട്ടമായി നടപ്പാക്കാനാണ് സാധ്യത. 12,000 താല്‍ക്കാലിക ജീവനക്കാര്‍ ഉണ്ടെങ്കിലും ദിവസം 250 ഓളം ബസുകള്‍, ജീവനക്കാരില്ലാത്തതിനാല്‍ റോഡില്‍ ഇറക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.
കടുത്ത തീരുമാനങ്ങള്‍ വേണ്ടിവരുമെന്ന് മന്ത്രി
കാസര്‍കോട്: കെ.എസ്.ആര്‍.ടി.സിയുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാറിന് കടുത്ത തീരുമാനങ്ങളെടുക്കേണ്ടിവരുമെന്നും അതേസമയം ജനങ്ങളെയും ജീവനക്കാരെയും ബാധിക്കുന്ന നടപടികള്‍ ഉണ്ടാകില്ളെന്നും ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. കാസര്‍കോട് ജില്ലയിലെ ഗതാഗത അവലോകന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.