കെ.എസ്.ആര്‍.ടി.സി: സര്‍ക്കാര്‍ ഇടപെടുന്നില്ലെങ്കില്‍ പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്
text_fieldsകോട്ടയം: ധനകാര്യസ്ഥാപനങ്ങളില്‍നിന്ന് വായ്പയെടുത്ത് ഈ മാസത്തെ ശമ്പളവും പെന്‍ഷനും നല്‍കിയാലും സര്‍ക്കാറിന്‍െറ അടിയന്തര ഇടപെടല്‍ ഉണ്ടാകുന്നില്ളെങ്കില്‍ നവംബര്‍ മുതല്‍ സര്‍വിസുകള്‍ പോലും പൂര്‍ണമായും നിലക്കുമെന്ന് കെ.എസ്.ആര്‍.ടി.സി മുന്നറിയിപ്പ്. ശമ്പളം, പെന്‍ഷന്‍, എണ്ണക്കമ്പനികള്‍ക്കുള്ള കുടിശ്ശിക എന്നിവ നല്‍കാന്‍ ആകെയുള്ള 93 ഡിപ്പോകളില്‍ 63ഉം പണയപ്പെടുത്തിയ സാഹചര്യത്തിലാണ് മാനേജ്മെന്‍റ് രേഖാമൂലം സര്‍ക്കാറിനു മുന്നറിയിപ്പ് നല്‍കിയത്.
ഇനി ബാങ്കുകളില്‍ പണയം നല്‍കാന്‍ സ്ഥാവര ജംഗമസ്വത്തുക്കളൊന്നും കോര്‍പറേഷനില്ളെന്നും മാനേജ്മെന്‍റ് അറിയിച്ചിട്ടുണ്ട്. ബാങ്കുകളുടെ കണ്‍സോര്‍ട്യത്തിനും കെ.ടി.ഡി.എഫ്.സിക്കും ഡിപ്പോ പണയപ്പെടുത്തി 1200 കോടിയോളം രൂപ വായ്പ എടുത്തുകഴിഞ്ഞു. പലിശയും പ്രതിമാസ തിരിച്ചടവും 63 ഡിപ്പോകളിലെ പ്രതിദിന വരവില്‍നിന്ന് ബാങ്കുകളിലേക്കു പോകുന്നതിനാല്‍ മറ്റു മാര്‍ഗമൊന്നും മുന്നിലില്ളെന്നും മാനേജ്മെന്‍റ് വ്യക്തമാക്കിയിട്ടുണ്ട്.
10 പ്രധാന ഡിപ്പോകളുടെ പ്രതിദിന കലക്ഷന്‍ ഡീസല്‍ വിലയായി എണ്ണക്കമ്പനികള്‍ക്ക് നല്‍കുകയാണ്. ടയര്‍, സ്പെയര്‍പാര്‍ട്സ് എന്നിവക്ക് ബാങ്കുകളില്‍നിന്ന് ഇടക്കിടെ വായ്പ തരപ്പെടുത്തുന്ന ഇനത്തിലും കോടികളുടെ ബാധ്യത ഉണ്ടാകുന്നു. കുടിശ്ശിക 100 കോടി കവിഞ്ഞപ്പോള്‍ ഡീസല്‍ വിതരണം നിര്‍ത്തിവെക്കുമെന്ന ഐ.ഒ.സി മുന്നറിയിപ്പിനെ തുടര്‍ന്ന് 10 ഡിപ്പോകളിലെ കലക്ഷന്‍ നേരിട്ട് എണ്ണക്കമ്പനിക്ക് നല്‍കാന്‍ മുന്‍ സര്‍ക്കാറാണു തീരുമാനിച്ചത്. ഇനി 32 കോടിയാണ് ഇന്ധന കുടിശ്ശിക. ഈ തുക ഉടന്‍ നല്‍കണമെന്ന് ഐ.ഒ.സി ആവശ്യപ്പെട്ടിട്ടുണ്ട്.
ശേഷിക്കുന്ന 30 ഡിപ്പോകളില്‍ അഞ്ചെണ്ണം വര്‍ക്ഷോപ്പുകളാണ്. പ്രതിദിന വരുമാനം ഇല്ലാത്തതിനാല്‍ വര്‍ക്ഷോപ്പുകള്‍ ഈടായി സ്വീകരിക്കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ തയാറാകുന്നില്ല. അഞ്ചു ഡിപ്പോ കെ.ടി.ഡി.എഫ്.സിയുടെ കൈകളിലാണ്. ബാക്കി 20ന് മതിയായ രേഖകളില്ല. ചില സ്ഥലങ്ങള്‍ തദ്ദേശസ്ഥാപനങ്ങള്‍ കൈമാറിയതും മറ്റു ചിലതു പട്ടയമില്ലാത്ത ഭൂമിയില്‍ പ്രവര്‍ത്തിക്കുന്നവയുമാണ്.
ഈ മാസത്തെ ശമ്പളം കൂടി വായ്പയായി നല്‍കാന്‍ എസ്.ബി.ടി തയാറായിട്ടുണ്ട്. എന്നാല്‍, ഇതുവരെ 42 കോടിമാത്രമാണ് ലഭിച്ചത്. എം പാനല്‍ ജീവനക്കാര്‍ക്കു ശമ്പളം ഇനിയും നല്‍കിയിട്ടില്ല. ഇതിന് 24 കോടി കണ്ടത്തെണം. ശമ്പളത്തിനായി 74 കോടിയാണു വേണ്ടത്. പെന്‍ഷന് 60 കോടി ഇനിയും കണ്ടത്തെണം. നിലവില്‍ ഓടുന്ന 5500 ബസുകളില്‍ 890 എണ്ണം നഷ്ടത്തിലാണ്. സാമൂഹിക സേവനത്തിന്‍െറ ഭാഗമായി പ്രതിവര്‍ഷം 500 കോടിയും നഷ്ടം ഉണ്ടാകുന്നു. നഷ്ടത്തിലുള്ള സര്‍വിസുകള്‍ നിര്‍ത്തണമെന്ന ആവശ്യം രാഷ്ട്രീയ ഇടപെടലിനെ തുടര്‍ന്ന് അട്ടിമറിച്ചതും പ്രതിസന്ധിക്ക് കാരണമായി. അതിനിടെ, പെന്‍ഷന്‍ ബാധ്യത പൂര്‍ണമായും സര്‍ക്കാറിന് കൈമാറണമെന്ന നിര്‍ദേശവും പരിഗണനയിലാണ്. ഗതാഗതമന്ത്രിയും ഇക്കാര്യം സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.