ആനവണ്ടിയുടെ ഇരുട്ടടി; പെരുവഴിയിൽ പത്തനംതിട്ട
text_fieldsപത്തനംതിട്ട: ഭരണപരിഷ്കാരങ്ങളുടെ ഭാഗമായി കെ.എസ്.ആർ.ടി.സി പത്തനംതിട്ട വഴിയുള്ള സർവിസുകൾ വെട്ടിക്കുറച്ചു. പ്രതിദിന വരുമാനം 30,000 രൂപയിൽ കൂടുതൽ ലഭിച്ചിരുന്ന പത്തനംതിട്ട ഡിപ്പോയിലെ പുനലൂർ-എറണാകുളം ഫാസ്റ്റ് പുനലൂർ ഡിപ്പോക്ക് കൈമാറി.
രാവിലെ 5.45ന് പുനലൂരിലെത്തി തിരിച്ച് പത്തനാപുരം, കോന്നി, പത്തനംതിട്ട, തിരുവല്ലവഴി എറണാകുളത്തിനാണ് സർവിസ് നടത്തിവന്നത്. രാത്രി പുനലൂരിൽനിന്ന് പത്തനംതിട്ടക്കുള്ള അവസാന യാത്രക്ക് യാത്രക്കാർ കുറവാണെന്നതാണ് നിർത്താൻ കാരണം. ഈയാത്ര ഒഴിവാക്കാൻ ഷെഡ്യൂൾ പുനലൂർ ഡിപ്പോക്ക് കൈമാറുകയായിരുന്നു. ഇതേകാരണം ചൂണ്ടിക്കാട്ടി ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചിരുന്ന പത്തനംതിട്ട-മുണ്ടക്കയം ചെയിൻ സർവിസിൽ രാവിലെ ആറിനുള്ള ഷെഡ്യൂൾ പൊൻകുന്നം ഡിപ്പോക്ക് കൈമാറി.
അതിർത്തിയായ പത്തനാപുരം നിയമസഭ മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന ഗണേഷ് കുമാർ ഗതാഗത മന്ത്രിയായതിനിടെ ജില്ലക്ക് കിട്ടിയ ഇരുട്ടടിയിൽ ജീവനക്കാരും ദൈനംദിന യാത്രികരും പ്രതിഷേധത്തിലാണ്. മന്ത്രി ജില്ലയുമായി അഭേദ്യമായ ബന്ധം നിലനിർത്തുമ്പോഴാണ് ഇത്തരം സമീപനമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
സൂപ്പർ ഫാസ്റ്റുകൾ നിർത്തലാക്കി
പത്തനംതിട്ട വഴിയുള്ള ദീർഘദൂര സൂപ്പർ ഫാസ്റ്റ് ബസുകളായ പൂവാർ- എറണാകുളം, കുളത്തുപ്പുഴ-ഗുരുവായൂർ സൂപ്പർഫാസ്റ്റുകൾ നിർത്തലാക്കി. ഇതിൽ പൂവാർ സർവിസ് ടെക്നോപാർക്, വെഞ്ഞാറൻമൂട്, ആയൂർ, പത്തനംതിട്ട, കോഴഞ്ചേരി, മല്ലപ്പള്ളി, കോട്ടയം വഴിയാണ് എറണാകുളത്ത് എത്തിയിരുന്നത്. കുളത്തൂപ്പുഴ -ഗുരുവായൂർ സൂപ്പർ ഫാസ്റ്റ് പുനലൂർ, പത്തനംതിട്ട, വൈറ്റില വഴിയാണ് ഗുരുവായൂർ എത്തിയിരുന്നത്.
മൂവാറ്റുപുഴ, പാലാ, പൊൻകുന്നം, റാന്നി, പത്തനംതിട്ടവഴി സർവിസ് നടത്തിയിരുന്ന കാഞ്ഞങ്ങാട്-പുനലൂർ സൂപ്പർഫാസ്റ്റ് നിർത്തലാക്കി. തിരുവനന്തപുരം, എറണാകുളം നഗരങ്ങളിലെ ആധുനിക ആശുപത്രികളെ ആശ്രയിക്കുന്ന ജില്ലയിൽനിന്നുള്ള നിരവധി പേരാണ് പൊതുമേഖലാ ഗതാഗത കോർപറേഷന്റെ ഇരുട്ടടിയിൽ പെരുവഴിയിലായത്. അടൂർവഴി ഉണ്ടായിരുന്ന പുനലൂർ-പെരിന്തൽമണ്ണ സൂപ്പർ ഫാസ്റ്റ് പത്തനംതിട്ട വഴിയാക്കിയതാണ് ജില്ല ആസ്ഥാനത്തിനുള്ള ഏകനേട്ടം.
ജില്ല ഓഫിസും പൂട്ടി; ജീവനക്കാരെ പുനഃക്രമീകരിച്ചു
തീർഥാടകകാലത്തും മാസപൂജാവേളകളിലും ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചിരുന്ന കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ടയിലെ ജില്ല ഓഫിസും നിർത്തലാക്കി. ജീവനക്കാരെ വിവിധ യൂനിറ്റുകളിലേക്ക് പുനഃക്രമീകരിച്ചു. സുശീൽ ഖന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള പരിഷ്കരണമാണ് നടപ്പാക്കുന്നതെന്നാണ് ഔദ്യോഗിക ഭാഷ്യം. ജില്ലതല വർക്ക്ഷോപ്പും നിർത്തലാക്കി, അതത് യൂനിറ്റിലാണ് ബസുകളുടെ അറ്റകുറ്റപ്പണി നടത്തേണ്ടത്. മെക്കാനിക്കൽ വിഭാഗം ജീവനക്കാരെ യൂനിറ്റുകളിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.