ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം ഏറ്റെടുത്ത യാത്രക്കാരൻ ബസുമായി നേരെ ആശുപത്രിയിലേക്ക്; സമയോചിത ഇടപെടൽ ജീവൻകാത്തു
text_fieldsദേശം സി.എ ആശുപത്രിയിലെത്തിയ കെ.എസ്.ആർ.ടി.സി ബസ്
ചെങ്ങമനാട്: കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ നിയന്ത്രണം ഏറ്റെടുത്ത യാത്രക്കാരൻ ബസുമായി നേരെ പോയത് ആശുപത്രിയിലേക്ക്, യാത്രക്കാരന്‍റെ സമയോചിത ഇടപെടൽ ഡ്രൈവറുടെ ജീവൻ രക്ഷിച്ചു.
തൃശൂരിൽനിന്ന് എറണാകുളത്തേക്ക് വരുകയായിരുന്ന ഇരിങ്ങാലക്കുട ഡിപ്പോയിലെ ഫാസ്റ്റ്പാസഞ്ചർ ബസിലെ ഡ്രൈവർ ചാലക്കുടി സ്വദേശി ബിജോയിക്കാണ് (39) ചൊവ്വാഴ്ച വൈകീട്ട് 5.30ഓടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ദേശീയപാതയിൽ കരിയാട് കവല എത്തുന്നതിന് മുമ്പ് അവശനിലയിലായതോടെ ബസ് റോഡരികിൽ നിർത്തിയതും ബിജോയി സീറ്റിൽ തളർന്നുവീണു. കണ്ടക്ടർ രവി പ്രകാശും യാത്രക്കാരും വെള്ളം കൊടുത്തെങ്കിലും അവശനായി കിടക്കുകയായിരുന്നു.
ബസിൽനിന്ന് ഡ്രൈവറെ താഴെയിറക്കാൻ പ്രയാസപ്പെട്ടതോടെയാണ് യാത്രക്കാരിലൊരാൾ കണ്ടക്ടറെ ഹെവി ഡ്രൈവിങ് ലൈസൻസ് കാണിച്ച് നിയന്ത്രണം ഏറ്റെടുത്തത്. നേരെ ബസുമായി ചെങ്ങമനാട് ദേശം സി.എ ആശുപത്രിയിലേക്കാണ് പോയത്. പരിശോധനയിൽ രക്തസമ്മർദം കൂടുകയും ഷുഗർ കുറയുകയും 102 ഡിഗ്രി പനിയുമുണ്ടായിരുന്നു. അപകടനില തരണം ചെയ്തു.
ഈസമയം ബസിൽ 56ഓളം യാത്രക്കാരുണ്ടായിരുന്നു. മുഴുവൻ യാത്രക്കാരും ഈ സമയം ആശുപത്രി മുറ്റത്ത് നിന്നു. ഡ്രൈവർ അപകടനില തരണം ചെയ്തുവെന്ന് ഉറപ്പാക്കിയ ശേഷമാണ് ബസ്സോടിച്ച, പേര് വെളിപ്പെടുത്താൻ പോലും തയാറാകാതെ എറണാകുളത്തേക്ക് ടിക്കറ്റെടുത്തിരുന്ന യാത്രികൻ മറ്റ് യാത്രക്കാർക്കൊപ്പം വേറൊരു ബസ്സിൽ മടങ്ങിയത്. ബിജോയിയുടെ ബന്ധുക്കൾ സംഭവമറിഞ്ഞ് രാത്രിയോടെ ആശുപത്രിയിലെത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.