വണ്ടി കിട്ടിയില്ല; കെ.എസ്.ആർ.ടി.സി ഡ്രൈവർ വർക്ഷോപ് വാനുമായി വീട്ടിൽ പോയി
text_fieldsപാലാ: ജോലി കഴിഞ്ഞ് വീട്ടിൽ പോകാൻ വണ്ടിയില്ലാത്തതിന് കെ.എസ്.ആർ.ടി.സി ഡ്രൈവർ വർക്ഷോപ് വാനുമായി വീട്ടിലേക്ക് പോയി. പാലാ ഡിപ്പോയിൽ ഒരാഴ്ച മുമ്പാണ് സംഭവം. സി.ഐ.ടി.യു നേതാവുകൂടിയാണ് ഡ്രൈവർ. നേതാവ് വാനുമായി വീട്ടിൽ പോയതിന് പിന്നാലെ പാലാക്കുസമീപം ബസ് കേടായി.
ഉപകരണങ്ങളുമായി സംഭവസ്ഥലത്ത് പോകാൻ മെക്കാനിക്കുകൾ വാൻ അന്വേഷിച്ചപ്പോഴാണ് ഡിപ്പോയിൽ ഇല്ലെന്ന കാര്യം അറിയുന്നത്. പകരം മറ്റൊരു യാത്രാബസുമായാണ് ബ്രേക്ക്ഡൗണായ ബസിനടുത്തേക്ക് പോയത്. പൊൻകുന്നത്തുനിന്ന് പാലായിലേക്ക് സ്ഥലം മാറി വന്ന നേതാവിന് രാത്രി പൊൻകുന്നത്തേക്ക് പോകാൻ വണ്ടി കിട്ടിയില്ല. പിറ്റേന്ന് ഇയാൾക്ക് വർക്ക്ഷോപ് വാനിലായിരുന്നു ഡ്യൂട്ടി.
പുലർച്ച ഡ്യൂട്ടിക്ക് വരാൻ വണ്ടിയില്ലാത്തതുകൊണ്ടാണ് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് വർക് ഷോപ് വാനുമായി വീട്ടിൽ പോയതെന്നാണ് ആക്ഷേപം. സംഭവത്തിൽ പാലാ ഡിപ്പോയിലെ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടക്കുമെന്നാണ് അറിയുന്നത്. കെ.എസ്.ആർ.ടി.സി വിജിലൻസ് സ്വമേധയാ അന്വേഷണം ആരംഭിച്ചതായും വിവരമുണ്ട്. ഒരാഴ്ച മുമ്പ് നടന്ന സംഭവം വ്യാഴാഴ്ചയാണ് അറിയുന്നതെന്നും വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ നടപടിയുണ്ടാകുമെന്നും ഡിപ്പോ മേധാവി പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.