‘അച്ഛന്‍റെ വകയാണോ റോഡ്’ എന്ന് കാർ യാത്രക്കാർ ചോദിച്ചു; മേയറാണോ എം.എൽ.എയാണോ എന്ന് തനിക്കറിയില്ല; വാക്കുതർക്കത്തെ കുറിച്ച് കെ.എസ്.ആർ.ടി.സി ഡ്രൈവർ
text_fieldsതിരുവനന്തപുരം: സ്വകാര്യ വാഹനത്തിൽ സഞ്ചരിച്ച മേയർ ആര്യ രാജേന്ദ്രനുമായും ഭർത്താവ് സച്ചിൻദേവ് എം.എൽ.എയുമായും ഉണ്ടായ വാക്കുതർക്കത്തെ കുറിച്ച് കൂടുതൽ പ്രതികരണവുമായി കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു രംഗത്ത്.
''രാത്രി പത്ത് മണിയോടെ പട്ടത്ത് സിഗ്നൽ കഴിഞ്ഞ് യാത്രക്കാരെ ഇറക്കിയ ശേഷം മുന്നോട്ട് എടുക്കുമ്പോഴാണ് പിറകിൽ നിന്ന് വാഹനത്തിന്‍റെ ഹോൺ ശബ്ദം കേട്ടത്. ഓവർട്ടേക്ക് ചെയ്യാൻ സ്ഥലമില്ലാത്തത് കൊണ്ടായിരുന്നു കാർ ഹോണടിച്ചത്. പ്ലാമൂട് എത്തുന്നതിന് മുമ്പ് കാർ കടന്നു പോകാനായി ബസ് സൈഡിലേക്ക് മാറ്റി കൊടുത്തു. തുടർന്ന് കാർ ബസിന് മുമ്പിലേക്ക് കയറി ബ്രേക്കിടുകയും വേഗത കുറച്ച് തടസമുണ്ടാക്കുന്ന തരത്തിൽ മുന്നോട്ടു നീങ്ങുകയും ചെയ്തു. തുടർന്ന് വലതു വശത്ത് സ്ഥലമില്ലാത്തതിനാൽ ഇടതുവശത്ത് കൂടി ബസ് കാറിനെ മറികടന്നു. തുടർന്ന് പ്ലാമൂട് വൺവേയിൽ കൂടി ഇടതുവശം വഴി ബസിനെ മറികടക്കാൻ കാർ ശ്രമിച്ചെങ്കിലും സ്ഥലമില്ലായിരുന്നു. ഈ സമയത്ത് കാറിൽ നിന്ന് തുടരെ ഹോണടിക്കുകയും ലൈറ്റിട്ട് കാണിക്കുകയും ചെയ്തു.
പാളയത്ത് യാത്രക്കാരെ ഇറക്കി മുന്നോട്ടു പോയപ്പോഴാണ് ബസിനെ മറികടന്ന് കാർ കുറുകെ നിർത്തിയത്. രണ്ട് യുവാക്കൾ ഇറങ്ങിവന്ന് 'അച്ഛന്‍റെ വകയാണോ റോഡ്' എന്ന് ചോദിച്ചു. ഇതിന് മറുപടിയായി 'എന്‍റെ അച്ഛന്‍റെ വകയല്ല, നിങ്ങളുടെ അച്ഛന്‍റെ വകയാണോ' എന്ന് തിരികെ ചോദിച്ചു. മുണ്ടുടുത്ത ആൾ വന്നിട്ട് 'എം.എൽ.എയാണെന്നും നിനക്ക് എന്നെ അറിയാമോ' എന്നും ചോദിച്ചു. 'അറിയത്തില്ലെന്നും വാഹനം ഓടിക്കുമ്പോൾ മാന്യത വേണ്ടേ എന്നും' മറുപടി നൽകി. താങ്കളെ ചീത്ത വിളിക്കുകയോ മോശമായി പെരുമാറുകയോ ചെയ്തില്ലെന്നും മര്യാദക്കാണ് താൻ വാഹനം ഓടിച്ചതെന്നും കൂടി പറഞ്ഞു.
തുടർന്ന് ജീൻസും വൈറ്റ് ടോപ്പും ധരിച്ച യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാടോ' എന്ന് ചോദിച്ചു. ഇല്ലെന്ന് മറുപടി പറഞ്ഞു. നീ എന്താണ് ആംഗ്യം കാണിച്ചതെന്നും ചോദിച്ചു. ബസിന് മുമ്പിൽ കാർ സർക്കസ് കളിച്ചപ്പോഴാണ് എന്താണ് കാണിക്കുന്നതെന്ന് ആംഗ്യത്തിലൂടെ ചോദിച്ചത്. സ്ത്രീകളോട് മോശമായി പെരുമാറിയെന്ന് പറഞ്ഞ യുവതി, മേയറാണെന്ന് സ്വയം പരിചയപ്പെടുത്തി. നിങ്ങൾ ആരായാലും എനിക്ക് ഒന്നുമില്ലെന്ന് മേയർക്ക് മറുപടി നൽകി.
പതിനഞ്ചോളം യാത്രക്കാരെ പാളയത്ത് ഇറക്കിവിട്ട ശേഷം മേയറുടെ ഭർത്താവ് ബസിൽ കയറി ഇരുന്നു. രണ്ട് യുവാക്കൾ ഡോർ വലിച്ചു തുറന്ന് ഡ്രൈവർ സീറ്റിൽ നിന്ന് പിടിച്ചിറക്കാൻ ശ്രമിച്ചു. പൊലീസ് വരാതെ പുറത്തിറങ്ങില്ലെന്ന് താൻ പറഞ്ഞു. ബസിന്‍റെ ട്രിപ്പ് മുടക്കിയാണ് എസ്.ഐ തന്നെ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരത്ത് എത്തി ട്രിപ്പ് പൂർത്തിയാക്കിയ ശേഷമെ തന്നെ കസ്റ്റഡിയിൽ എടുക്കാവൂ എന്നിരിക്കെ എസ്.ഐ ചെയ്തത് തെറ്റായ നടപടിയാണ്. നടുറോഡിൽ കിടന്ന ബസിൽ നിന്ന് പിടിച്ചിറക്കി വൈദ്യപരിശോധനക്ക് കൊണ്ടുപോയി. വൈദ്യപരിശോധനയിൽ മദ്യം കഴിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചു.
തന്‍റെ അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചും പറഞ്ഞു. കാറിലുള്ളവർ എം.എൽ.എയാണോ മേയറാണോ എന്ന് തനിക്കറിയില്ലായിരുന്നു. തന്നെ ജോലിയിൽ നിന്ന് പുറത്താക്കാൻ സാധ്യതയുണ്ടെന്നും മീഡിയവണിന് നൽകിയ ഓഡിയോ സന്ദേശത്തിൽ ഡ്രൈവർ യദു വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.