കെ.എസ്.ആർ.ടി.സി ഡ്രൈവിങ് സ്കൂൾ: ഗതാഗതമന്ത്രിക്കെതിരെ വീണ്ടും സി.ഐ.ടി.യു
text_fieldsകെ.ബി. ഗണേഷ് കുമാർ (ഫയൽ ചിത്രം)
തിരുവനന്തപുരം: ഡ്രൈവിങ് സ്കൂൾ വിഷയത്തിൽ ഗതാഗതമന്ത്രി ഗണേഷ്കുമാറിനെതിരെ വീണ്ടും സി.ഐ.ടി.യു. ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിന്റെ പേരിലാണ് നേരത്തെ സി.ഐ.ടി.യുവും മന്ത്രിയും എറ്റുമുട്ടിയതെങ്കിൽ തലസ്ഥാന ജില്ലയിലെ കെ.എസ്.ആർ.ടി.സി ഡ്രൈവിങ് സ്കൂളിന്‍റെ പേരിലാണ് പുതിയ കൊമ്പുകോർക്കൽ.
കെ.എസ്.ആർ.ടി.സി സ്കൂളുകളിലെ പഠിതാക്കളെ 100 ശതമാനവും ജയിപ്പിക്കുന്നതിന് പ്രത്യേകം ടെസ്റ്റ് ഗ്രൗണ്ട് തയാറാക്കി ടെസ്റ്റ് നടത്തുകയാണെന്നും പ്രാപ്തരാകാത്തവരെയും ജയിപ്പിക്കുകയാണെന്നും ഓൾ കേരള ഡ്രൈവിങ് സ്കൂൾ വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) ജില്ല കമ്മിറ്റി പ്രസ്താവനയിൽ ആരോപിച്ചു. നിലവിലെ ഡ്രൈവിങ് സ്‌കൂളുകാർക്ക് ടെസ്റ്റ് നടത്തുന്ന ഗ്രൗണ്ടുകളിൽ 40 പേർ അടങ്ങുന്ന ഒരു സ്ലോട്ടിൽ ടെസ്റ്റ് നടത്തിയാൽ 15-18 പേരെ മാത്രം ജയിപ്പിച്ചാൽ മതിയെന്നാണ് മന്ത്രിയുടെ കർശന നിർദേശം.
കെ.എസ്.ആർ.ടി.സിയിൽ 100 ശതമാനം ജയമെന്നാണ് മന്ത്രി മാധ്യമങ്ങൾ വഴി ആവർത്തിക്കുന്നത്. നിലവിലെ ചെറുകിട ഡ്രൈവിങ് സ്‌കൂൾ മേഖല കൊണ്ട് ജീവിക്കുന്ന തൊഴിലാളികളുടെ ഉപജീവനം ഇല്ലായ്‌മ ചെയ്യുന്നത് മന്ത്രി അവസാനിപ്പിക്കണം. ആർ.ടി.ഒ നിശ്ചയിച്ച ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടുകളിൽ കെ.എസ്.ആർ.ടി.സിയിലെ പഠിതാക്കളെ ടെസ്റ്റിന് ഹാജരാക്കണമെന്നും അല്ലാത്തപക്ഷം പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും ഭാരവാഹികൾ പറഞ്ഞു. തിരുവനന്തപുരത്ത് മുട്ടത്തറയിൽ ടെസ്റ്റ് ഗ്രൗണ്ട് ഉണ്ടായിരിക്കെ ആനയറക്ക് സമീപം കെ.എസ്.ആർ.ടി.സി പഠിതാക്കൾക്കായി പ്രത്യേകം ടെസ്റ്റ് നടത്തുന്നതാണ് സി.ഐ.ടി.യുവിനെ ചൊടിപ്പിച്ചത്.
കെ.എസ്.ആർ.ടി.സി ഡ്രൈവിങ് സ്കൂളുകളിലെ പഠിതാക്കളെ മോട്ടോർ വാഹനവകുപ്പിലെ ചില ഉദ്യോഗസ്ഥർ പരാജയപ്പെടുത്തുന്നുവെന്നും സംവിധാനം അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്നും നിയമസഭയിൽ മന്ത്രി ആരോപിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.