കെ.എസ്.ആർ.ടി.സി പണിമുടക്ക് തുടങ്ങി; യാത്രാ ദുരിതം, സമരത്തെ നേരിടാൻ ഡയസ് നോൺ
text_fieldsകോഴിക്കോട്: ശമ്പളവിതരണത്തിലെ കാലതാമസത്തിൽ പ്രതിഷേധിച്ച് കെ.എസ്.ആർ.ടി.സിയിലെ വിവിധ സംഘടനകൾ ആഹ്വാനം ചെയ്ത പണിമുടക്ക് തുടങ്ങി. വെള്ളിയാഴ്ച അർധരാത്രി മുതലാണ് 24 മണിക്കൂർ പണിമുടക്ക് ആരംഭിച്ചത്. സമരത്തെ നേരിടാൻ മാനേജ്മെന്‍റ് ഡയസ് നോൺ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും തൊഴിലാളി സംഘടനകൾ പണിമുടക്കിൽ ഉറച്ചുനിൽക്കുകയാണ്.
സമരത്തെ തുടർന്ന് നിരവധി സർവിസുകളാണ് മുടങ്ങിയത്. തമ്പാനൂർ ടെർമിനലിൽനിന്ന് അതിരാവിലെ തന്നെ പത്തോളം സർവിസുകൾ മുടങ്ങി. കോഴിക്കോട് ഡിപ്പോയിലും ഒുര സർവിസ് മാത്രമാണ് നടത്തിയത്. വടകര, തിരുവമ്പാടി, താമരശ്ശേരി എന്നിവിടങ്ങളിൽ സർവിസ് മുടങ്ങി.
ഐ.എൻ.ടി.യു.സി, ബി.എം.എസ്, എ.ഐ.ടി.യു.സി യൂണിയനുകളാണ് സമരരംഗത്തുള്ളത്. സമരത്തിൽ പങ്കെടുക്കില്ലെന്ന് സി.ഐ.ടി.യു വ്യക്തമാക്കിയിരുന്നു.
ഇന്നലെ ഗതാഗത മന്ത്രിയും യൂണിയനുകളും നടത്തിയ ചർച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് സംഘടനകൾ പണിമുടക്കിന് ആഹ്വാനം ചെയ്തത്. ശമ്പള വിതരണം അടക്കമുള്ള വിഷയങ്ങളിൽ കെഎസ്ആർടിസിയിലെ പ്രതിപക്ഷ സംഘടനകളും മാനേജ്‌മെന്റും നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് ഇന്നലെ വൈകീട്ട് പണിമുടക്ക് പ്രഖ്യാപിച്ചത്. ഈ മാസം 10ന് ശമ്പളം നൽകാമെന്നാണ് വ്യാഴാഴ്ച നടന്ന ചർച്ചയിൽ എം.ഡി ബിജു പ്രഭാകർ പറഞ്ഞത്. എന്നാൽ 10ന് ശമ്പളം കിട്ടുമെന്ന് ഉറപ്പ് ലഭിച്ചിട്ടില്ലെന്ന് പ്രതിപക്ഷ സംഘടനകൾ പറഞ്ഞു.
പണിമുടക്ക് കെ.എസ്.ആർ.ടി.സിയെ കൂടുതൽ പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് ഗതാഗത മന്ത്രി
തിരുവനന്തപുരം: പണിമുടക്ക് കെ.എസ്.ആർ.ടി.സിയെ കൂടുതൽ പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. പത്താം തിയതിക്കുള്ളിൽ ശമ്പളം നൽകാൻ നിർദേശം നൽകിയിട്ടുണ്ട്. നടത്താനിരിക്കുന്ന പണിമുടക്കിൽ നിന്നും യൂണിയനുകള്‍ പിൻമാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
കെ.എസ്.ആർ.ടി.സി പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്ന് യൂണിയനുകൾക്ക് അറിയാം. പത്താം തിയതിക്കകം ശമ്പളം നൽകുന്ന കാര്യം യൂണിയനുകൾ ചർച്ചയിൽ അംഗീകരിച്ചതാണ്. എന്നാല്‍ പുറത്തിറങ്ങിയ ബി.എം.എസ് മറിച്ചാണ് പറഞ്ഞത്. പത്താം തീയതി എന്നത് അംഗീകരിക്കാനാകില്ലെന്നാണ് ഐ.എൻ.ടി.യു.സി ചർച്ചയിൽ തന്നെ വ്യക്തമാക്കിയത്. വെറും രാഷ്ട്രീയ നിലപാടാണ് യൂണിയനുകൾ സ്വീകരിച്ചത്. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പണിമുടക്കിലേക്ക് പോയാൽ ഇപ്പോഴത്തെ വരുമാനം പോലും നിലക്കുന്ന സാഹചര്യമുണ്ടാകും. അത് പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കുകയേയുള്ളൂവെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.