കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം; ഡിപ്പോകള്‍ക്കു മുമ്പില്‍ എസ്.ഡി.പി.ഐ പ്രതിഷേധം സംഘടിപ്പിക്കും
text_fieldsതിരുവനന്തപുരം: ഓണം പടിവാതില്‍ക്കല്‍ എത്തിയിട്ടും കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം വിതരണം ചെയ്യാത്തത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും ശമ്പളവും ഉല്‍സവ ആനുകുല്യങ്ങളും ഉടന്‍ വിതരണം ചെയ്യണമെന്നും എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍. ഈ ആവശ്യമുന്നയിച്ച് ഈ മാസം അഞ്ചു മുതൽ ഏഴ് വരെ സംസ്ഥാനത്തെ വിവിധ കെ.എസ്.ആർ.ടി.സി ഡിപ്പോകള്‍ക്കു മുമ്പില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നാടൊട്ടാകെ ഉല്‍സവ ലഹരിയിലായിരിക്കുമ്പോഴും രാപ്പകല്‍ ജോലി ചെയ്ത കെ.എസ്.ആർ.ടി.സി തൊഴിലാളികള്‍ കുടുംബം പോറ്റാന്‍ മറ്റുള്ളവരോട് കടം വാങ്ങേണ്ട ഗതികേടിലാണെന്നത് ഖേദകരമാണ്. കഴിഞ്ഞ മാസത്തെ ശമ്പളവും മറ്റ് ആനുകുല്യങ്ങളും നല്‍കാന്‍ മാത്രം 150 കോടിയിലധികം രൂപ വേണമെന്നിരിക്കേ 50 കോടി രൂപ മാത്രം അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം കൊടിയ വഞ്ചനയാണ്. ഇപ്പോള്‍ സപ്ലൈകോയില്‍ നിന്നു സാധനം വാങ്ങാന്‍ കൂപ്പണ്‍ നല്‍കുമെന്നാണ് പുതിയ അറിയിപ്പ്. ഇത് തട്ടിപ്പാണ്. ഓണക്കോടി ഉള്‍പ്പെടെ വാങ്ങാന്‍ ആഗ്രഹിക്കുന്ന കുടുംബങ്ങള്‍ക്ക് സപ്ലൈകോയിലേക്ക് കൂപ്പണ്‍ നല്‍കിയാല്‍ അവരുടെ വ്യത്യസ്ത ആവശ്യങ്ങള്‍ എങ്ങനെ നിര്‍വഹിക്കാനാവും എന്നു കൂടി അധികൃതര്‍ വ്യക്തമാക്കേണ്ടതുണ്ട്.
മഴയും വെയിലും നോക്കാതെ രാപ്പകല്‍ കഠിനാധ്വാനം ചെയ്യുന്നകെ.എസ്.ആർ.ടി.സി ജീവനക്കാരോട് ഇടതു സര്‍ക്കാര്‍ ചിറ്റമ്മ നയമാണ് സ്വീകരിക്കുന്നത്. അവര്‍ക്ക് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന പരിഗണനയോ അവകാശങ്ങളോ നല്‍കുന്നില്ല. മാസം മുഴുവന്‍ ജോലി ചെയ്ത ശേഷം വേതനത്തിനായി അധികൃതരുടെ മുമ്പില്‍ യാചിക്കേണ്ട ഗതികേടാണ്. ഹൈക്കോടതി നിർദേശിച്ചിട്ടുപോലും സര്‍ക്കാര്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതെന്നും റോയ് അറയ്ക്കല്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.