കെ.എസ്.ആർ.ടി.സിയിൽ ഏഴിന് സൂചന പണിമുടക്ക്
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സി മാനേജ്മെൻറിെൻറ തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെ സംയുക്ത ട്രേഡ് യൂനിയൻ സമിതി ഇൗ മാസം ഏഴിന് സൂചനപണിമുടക്ക് നടത്തും. ആറിന് അർധരാത്രി മുതൽ 24 മണിക്കൂറാണ് പണിമുടക്കെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ശമ്പള പരിഷ്കരണ ചർച്ച സമയബന്ധിതമായി പൂർത്തിയാക്കുക, ഡി.എ കുടിശ്ശിക അനുവദിക്കുക, ഇടക്കാലാശ്വാസം പ്രഖ്യാപിക്കുക, യാത്രക്കാരുടെ ദുരിതം കുട്ടൂന്ന ഷെഡ്യൂൾ പരിഷ്കരണം ഉപേക്ഷിക്കുക, കരാറുകളും നിയമങ്ങളും പാലിക്കുക, വാടകവണ്ടി നീക്കം ഉപേക്ഷിക്കുക, ബസ് ബോഡി നിർമാണം പുനരാരംഭിക്കുക, എൻ.ഡി.ആർ, എൻ.പി.എസ്, പി.എഫ് തുക പൂർണമായി അടച്ചുതീർക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.
ജീവനക്കാരുമായി ചർച്ച ചെയ്യാതെയും ഗൃഹപാഠം ചെയ്യാതെയും പല പേരുകളിൽ നടപ്പാക്കുന്ന പദ്ധതികൾ സ്ഥാപനത്തിന് ബാധ്യതയും യാത്രക്കാർക്ക് ബുദ്ധിമുട്ടുമാണ് സൃഷ്ടിക്കുന്നത്. ജീവനക്കാരുടെ ലോൺ തിരിച്ചടവ് തുക 16 മാസമായി വകമാറ്റി. അർഹതപ്പെട്ട സ്ഥാനക്കയറ്റങ്ങൾ നിഷേധിച്ചു. ബസ് ബോഡി നിർമാണത്തിൽ യൂനിയനുകൾ വിട്ടുവീഴ്ച ചെയ്തിട്ടും ബോഡി നിർമാണം പുനരാരംഭിച്ചില്ല. ഈ സാഹചര്യത്തിലാണ് പണിമുടക്ക് നടത്തുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
കെ.എസ്.ആർ.ടി.ഇ.എ(സി.ഐ.ടി.യു) ജനറൽ സെക്രട്ടറി സി.കെ. ഹരികൃഷ്ണൻ, കെ.എസ്.ടി.ഡബ്ല്യു.യു (ഐ.എൻ.ടി.യു.സി) ജനറൽ സെക്രട്ടറി ആർ. ശശിധരൻ, കെ.എസ്.ടി.ഇ.യു (എ.ഐ.ടി.യു.സി) ജനറൽ സെക്രട്ടറി എം.ജി. രാഹുൽ, കെ.എസ്.ടി.ഡി.യു ജനറൽ സെക്രട്ടറി ആർ. അയ്യപ്പൻ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.