'സമരം പൊളിഞ്ഞ് പാളീസായി'; കെ.എസ്.ആർ.ടിസി ജീവനക്കാർ തന്നെ എത്രമാത്രം ഇഷ്ടപ്പെടുന്നുവെന്നതിന്റെ തെളിവാണിതെന്നും മന്ത്രി ഗണേഷ് കുമാർ
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ കോൺഗ്രസ് അനുകൂല സംഘടനയായ ടി.ഡി.എഫിന്റെ പണിമുടക്ക് സമരം പൊളിഞ്ഞ് പാളീസായെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ. കെ.എസ്.ആർ.ടി.സിയിലെ ജീവനക്കാർ തന്നെ എത്രമാത്രം ഇഷ്ടപ്പെടുന്നുവെന്നതിന്റെ തെളിവാണ് ഇന്നത്തെ സമരമെന്നും മന്ത്രി എറണാകുളത്ത് ഒരു പൊതുപരിപാടിയിൽ പറഞ്ഞു.
കെ.എസ്.ആർ.ടി.സി നിലനിൽക്കേണ്ടത് കേരളത്തിന്റെ ആവശ്യമാണ്. പണിമുടക്കിനിടെ ബസുകൾക്ക് കേടുപാടുകൾ വരുത്തിയതിലുള്ള നഷ്ടപരിഹാരം സമരം ആഹ്വാനം ചെയ്തതവർ തരേണ്ടിവരും. വിഷയത്തിൽ സമഗ്ര അന്വേഷണത്തിന് നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു.
കൊട്ടാരക്കരയിലാണ് ബസുകളുടെ വയറിങ്ങ് നശിപ്പിച്ചതായി പരാതി ഉയർന്നത്. കുറ്റക്കാരെന്നു കണ്ടെത്തപ്പെടുന്നവർ കെ.എസ്.ആർ.ടി.സി ജീവനക്കാരെങ്കിൽ സർവീസിൽ നിന്ന് പിരിച്ചു വിടുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
സംഭവത്തെ വളരെ ഗൗരവരകരമായാണ് കാണുന്നതെന്ന് മന്ത്രി പറഞ്ഞു. പണി മുടക്കാനും പണി ചെയ്യാതെ വീട്ടിലിരിക്കാനും അവകാശമുണ്ട്. എന്നാൽ പണി ചെയ്യുന്നവരെ തടസപ്പെടുത്തുന്നതും സ്വന്തം തൊഴിലിനോട് കൂറില്ലാതെ പെരുമാറുന്നത് ശരിയല്ലെന്ന് മന്ത്രി പറഞ്ഞു.
12 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് 24 മണിക്കൂർ പണിമുടക്ക് സമരം. എല്ലാ മാസവും ഒന്നാം തീയതി ശമ്പളം വിതരണം ചെയ്യണമെന്നതാണ് പ്രധാന ആവശ്യം. ഡി.എ കുടിശ്ശിക പൂര്‍ണമായും അനുവദിക്കുക, ശമ്പള പരിഷ്‌കരണ കരാറിന്റെ സര്‍ക്കാര്‍ ഉത്തരവ് ഇറക്കുക, ഡ്രൈവര്‍മാരുടെ സ്‌പെഷ്യല്‍ അലവന്‍സ് കൃത്യമായി നല്‍കുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാര്‍ ഉന്നയിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.