ശബരിമല ബസിൽ ചോർച്ച: കെ.എസ്.ആർ.ടി.സി എൻജിനീയർക്ക് സസ്പെൻഷൻ
text_fieldsതിരുവനന്തപുരം: പമ്പ- നിലയ്ക്കൽ ചെയിൻ സർവിസ് നടത്തിപ്പിനായി നൽകിയ ബസുകളിൽ ചോർച്ച കണ്ടെത്തിയ സംഭവത്തിൽ കെ.എസ്.ആർ.ടി.സി എൻജിനീയറെ സസ്പെൻഡ് ചെയ്തു. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ ഡിപ്പോ എൻജിനീയർ സി.എസ്. സന്തോഷിനെയാണ് കെ.എസ്.ആർ.ടി.സി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ സസ്പെഡ് ചെയ്തത്.
രണ്ട് ബസുകളുടെ മേൽക്കൂര ചോർന്ന് വെള്ളം ഒലിച്ചിറങ്ങുകയായിരുന്നു. െജ.എൻ. 481, െജ.എൻ. 434 എന്നീ ബസുകളിലായിരുന്നു ചോർച്ച. മേൽക്കൂര ചോർന്ന് വെള്ളം ഒലിക്കുന്ന വീഡിയോ യാത്രക്കാരും ബസ് ജീവനക്കാരും സി.എം.ഡിക്ക് അയച്ച് കൊടുത്തതിനെ തുടർന്നാണ് ഡിപ്പോ എൻജിനീയറെ സസ്പെൻഡ് ചെയ്തത്.
ബസുകളുടെ കാര്യക്ഷമത പരിശോധനയുടെ ചുമതല സന്തോഷിനായിരുന്നു. റിസർവ് പൂളിൽ ആയിരത്തോളം കണ്ടീഷൻ ഉള്ള ബസുകൾ ഉള്ളപ്പോഴാണ് ഇത് പോലെ തകരാറുള്ള ബസുകൾ പരിശോധിക്കാതെ സർവിസിനായി നൽകിയത്. ഇത് പതിവ് സംഭവമായി മാറിയതോടെയാണ് ആദ്യമായി നടപടി സ്വീകരിച്ചത്.
ശബരിമല സ്പെഷ്യൽ സർവിസ് നടത്താനായി അനുയോജ്യമായ ബസുകൾ നൽകുന്നതിന് നേരത്തെ അറിയിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ബസുകളുടെ മെക്കാനിക്കൽ കണ്ടീഷൻ, ബോഡി കണ്ടീഷൻ എന്നിവ പരിശോധിച്ച് കുറ്റമറ്റതാക്കി രണ്ട് ചെക്ക് ലിസ്റ്റുകൾ തയ്യാറാക്കി തിരുവനന്തപുരം ഡി.സി.പിക്ക് കീഴിലുള്ള 3 ഡി.പി.സി വർക്ക്ഷോപ്പ് തലവൻമാർക്ക് ചുമതലയും നൽകിയിരുന്നു.
തുടർന്ന് തിരുവനന്തപുരം ഡി.സി.പി പൂളിൽ നിന്നുള്ള ബസുകളിൽ മെക്കാനിക്കൽ കണ്ടീഷൻ, ബോഡി കണ്ടീഷൻ എന്നിവ പരിശോധിച്ച് ഡിപ്പോ എഞ്ചിനീയറും അസിസ്റ്റ്റ്റ് ഡിപ്പോ എഞ്ചിനീയറും റിപ്പോർട്ട് നൽകിയ ബസുകളാണ് പമ്പയിലേക്ക് അയച്ചത്. ഇതിൽ രണ്ടെണ്ണത്തിലാണ് ചോർച്ച കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.