കെ.എസ്.ആർ.ടി.സി: വരുമാനം 200 കോടിയെങ്കിലും ശമ്പളം വൈകും
text_fieldsതിരുവനന്തപുരം: മേയ് മാസത്തിലെ ടിക്കറ്റ് കലക്ഷനും ടിക്കറ്റ് ഇതര വരുമാനവും ചേർന്ന് 200 കോടിയോളം വരുമാനമുണ്ടെങ്കിലും കെ.എസ്.ആര്.ടി.സിയിൽ ഇക്കുറിയും ശമ്പളം വൈകും. കഴിഞ്ഞതവണ ശമ്പളം വാങ്ങാന്‍ എടുത്ത ഓവര്‍ഡ്രാഫ്റ്റ്, വായ്പ, ഡീസല്‍ എന്നിവയ്ക്ക് പണമടച്ച് കഴിഞ്ഞപ്പോള്‍ പണം കാലിയായെന്നാണ് അധികൃതർ പറയുന്നത്. 46 കോടി ഓവര്‍ഡ്രാഫ്റ്റിനും 90 കോടി ഡീസലിനും അടക്കേണ്ടിവന്നു.
തൊഴിലാളികളും മാനേജ്മെന്റുമായി ഉണ്ടാക്കിയ ധാരണപ്രകാരം എല്ലാ മാസവും അഞ്ചിന് ശമ്പളം നൽകണമെന്നാണ് വ്യവസ്ഥ. നിലവിലെ സാഹചര്യത്തില്‍ മേയ് മാസത്തെ ശമ്പളം ജൂൺ അഞ്ചിനുള്ളിൽ നല്‍കാനാകില്ലെന്ന് മാനേജ്മെന്റ് തൊഴിലാളി സംഘടനകളെ അറിയിച്ചു. തുടര്‍ന്ന് സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ബി.എം.എസ് യൂനിയനുകള്‍ മാനേജ്മെന്റുമായി നടത്തിയ ചര്‍ച്ച ബഹിഷ്കരിച്ചു. ശമ്പളം എന്നു നല്കാന് കഴിയുമെന്ന് അറിയിച്ചിട്ട് ചര്‍ച്ചയാകാം എന്ന നിലപാടാണ് സംഘടകള്‍ സ്വീകരിച്ചത്. തിങ്കളാഴ്ച മുതല്‍ സി.ഐ.ടി.യു ചീഫ് ഓഫിസിന് മുന്നില്‍ പ്രതിഷേധം തുടങ്ങും.
പ്രതിദിനവരുമാനം 6.50 കോടി പിന്നിട്ട സ്ഥിതിക്ക് വരുമാനത്തില്‍നിന്നും ശമ്പളം നല്‍കണമെന്ന നിലപാടിലാണ് തൊഴിലാളി സംഘടനകള്‍. കണ്‍സോർട്യം വായ്പാ തിരിച്ചടവിനുള്ള 30 കോടി രൂപ നല്‍കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍, ഈ തുകയും അനുവദിച്ചിട്ടില്ല. അഞ്ചിന് ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞമാസം പണിമുടക്കിയിരുന്നു.
ശമ്പളത്തിന് 65 കോടി ചോദിച്ചു -ഗതാഗതമന്ത്രി
തിരുവനന്തപുരം: ശമ്പള വിതരണത്തിന് 65 കോടി ധനസഹായം കെ.എസ്.ആർ.ടി.സി സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഗതാഗതമന്ത്രി ആൻറണി രാജു. ഇതിൽ എത്ര, എന്ന് കിട്ടും എന്നതിനെ ആശ്രയിച്ചിരിക്കും ശമ്പളവിതരണം. ശമ്പളകാര്യത്തിൽ സർക്കാർ ഇടപെടേണ്ട സാഹചര്യമായിട്ടില്ല.
ആളുകൾ വരുമാനം മാത്രമേ കാണുന്നുള്ളൂ, ചെലവുകൾ കാണുന്നില്ല. കെ.എസ്.ആർ.ടി.സിയെ തളർത്താനല്ല, വളർത്താനുള്ള നീക്കങ്ങളാണ് സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. സ്വയം പര്യാപ്തമാകാൻ കെ.എസ്.ആർ.ടി.സി നല്ല പരിശ്രമം നടത്തുണ്ട്. അതിന്റെ ഭാഗമായി വരുമാനവും കൂടിവരുന്നുണ്ട്.
സുശീൽഖന്ന റിപ്പോർട്ട് നടപ്പാക്കുന്നതിൽ വിട്ടുവീഴ്ചയുണ്ടാകില്ല. ഇതോടെ സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് ഒരുപരിധി വരെ കരകയറാനാകുമെന്നാണ് പ്രതീക്ഷ. ബസും ജീവനക്കാരും തമ്മിലുള്ള അനുപാതം ഇനിയും കുറയാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ന്യായമായ കാര്യത്തിന് സമരം ചെയ്യുന്ന തൊഴിലാളി സംഘടനകളെ കുറ്റപ്പെടുത്താനാവില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.