കെ.എസ്.ആർ.ടി.സി: ആറു വർഷത്തിനിടെ സർക്കാർ വായ്പ 6961.05 കോടി
text_fieldsകൊച്ചി: സാമ്പത്തിക പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്ന കെ.എസ്.ആർ.ടി.സിക്ക് സർക്കാർ അഞ്ചു വർഷത്തിനുള്ളിൽ നൽകിയ വായ്പ 6961.05 കോടി. ടിക്കറ്റ്, ടിക്കറ്റിതര വരുമാനങ്ങളിലൂടെ കരകയറാനാകാതെ വിഷമിക്കുന്ന സ്ഥാപനത്തിന് പദ്ധതി വിഹിതത്തിന് പുറമെ വാങ്ങേണ്ടി വന്ന വായ്പയാണിത്.
2016-17 സാമ്പത്തിക വർഷത്തിൽ 305 കോടിയാണ് വായ്പയായി വാങ്ങേണ്ടി വന്നത്. 2017-18ൽ 835 കോടി, 2018-19ൽ 1056.32 കോടി, 2019-20ൽ 987.36 കോടി, 2020-21ൽ 1739.86 കോടി, 2021-22ൽ 2037.51 കോടി എന്നിങ്ങനെയും വായ്പ വാങ്ങി. 2016-17 കാലയളവിൽ 20.61 കോടി പദ്ധതി വിഹിതമായി അനുവദിച്ചിട്ടുണ്ട്.
തുടർന്നുള്ള സാമ്പത്തിക വർഷങ്ങളായ 2017-18ൽ 20 കോടി, 2018-19ൽ 5.60 കോടി, 2020-21ൽ 2.73 കോടി, 2021-22ൽ 87.21 കോടി എന്നിങ്ങനെയും പദ്ധതി വിഹിതം അനുവദിച്ചിട്ടുണ്ടെന്ന് വിവരാവകാശ മറുപടിയിൽ കെ.എസ്.ആർ.ടി.സി വ്യക്തമാക്കി. കെ.എസ്.ആർ.ടി.സിയുടെ ഏഴ് ഫ്യുവൽ ഔട്ട്ലെറ്റുകൾ വഴിയുള്ള ശരാശരി പ്രതിമാസ വരുമാനം 2.33 കോടിയാണ്.
സ്വന്തം ബസുകൾക്ക് പുറമെ മറ്റ് വാഹനങ്ങൾക്കും ഇന്ധനം നിറക്കാനാകുന്ന തിരുവനന്തപുരം സിറ്റി, കിളിമാനൂർ, ചടയമംഗലം, മൂവാറ്റുപുഴ, ചാലക്കുടി, ചേർത്തല, മൂന്നാർ എന്നീ ഔട്ട്ലെറ്റുകളിലെ വരുമാനമാണിത്. ഈ പമ്പുകളിലെ ജീവനക്കാർക്ക് ശമ്പളം നൽകാൻ 34.1 ലക്ഷം രൂപയാണ് ആവശ്യം.
ഓഡിറ്റ് പൂർത്തിയാക്കി അംഗീകാരം ലഭിക്കാത്തതിനാൽ കെ.എസ്.ആർ.ടി.സിയുടെ ആകെ കടബാധ്യത സംബന്ധിച്ച വിശദാംശം ലഭ്യമല്ലെന്നും വിവരാവകാശ പ്രവർത്തകൻ എം.കെ. ഹരിദാസിന് ലഭിച്ച മറുപടിയിൽ വ്യക്തമാക്കുന്നു.
2015-16 സാമ്പത്തിക വർഷം വരെയുള്ള കണക്കുകൾ മാത്രമേ സി ആൻഡ് എ.ജി ഓഡിറ്റ് പൂർത്തിയായി അംഗീകാരം ലഭിച്ചിട്ടുള്ളൂ. കെ.എസ്.ആർ.ടി.സിയുടെ പേരിൽ കരം തീരുവയുള്ള 340.57834 ഏക്കർ ഭൂമി കേരളത്തിലുണ്ട്. 95.15 ഏക്കർ ഭൂമിയുള്ള തിരുവനന്തപുരമാണ് മുന്നിൽ. മലപ്പുറത്ത് 65.62 ഏക്കറും എറണാകുളത്ത് 33.32 ഏക്കറും ഭൂമിയുണ്ട്. 2.97 ഏക്കർ ഭൂമിയുള്ള കാസർകോടാണ് ഏറ്റവും കുറവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.