കെ.എസ്.ആർ.ടി.സി: സ്വിഫ്റ്റുമായി സർക്കാർ, കടുത്ത എതിർപ്പിൽ ഭരണാനുകൂല സംഘടന
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ ദീർഘദൂര സർവിസുകൾക്കായുള്ള സ്വിഫ്റ്റ് കമ്പനിയുമായി സർക്കാർ മുന്നോട്ടുപോകുന്നതിനിടെ എതിർപ്പുമായി ഭരണാനുകൂല സംഘടനയായ എ.ഐ.ടി.യു.സി. കോർപറേഷനെ ദുർബലപ്പെടുത്തുന്നതാണ് സ്വിഫ്റ്റ് കമ്പനി നീക്കമെന്നും മാനേജ്മെന്റ് പിന്തിരിയണമെന്നുമാണ് ഐ.ഐ.ടി.യു.സി നിലപാട്.
'കെ. സ്വിഫ്റ്റുമായി ബന്ധപ്പെട്ട സേവന, വേതന, നിയമന വ്യവസ്ഥകൾ ഉൾക്കൊള്ളിച്ച് സി.എം.ഡി ഇറക്കിയ വിജ്ഞാപനം പരിഷ്കൃത തൊഴിൽ സമൂഹത്തിനും ഇടതുപക്ഷ നയങ്ങൾക്കും സർക്കാറിനും അപമാനം ഉണ്ടാക്കുന്നതാണ്.കേന്ദ്ര സർക്കാർ ഉൾപ്പെടെ വലതുപക്ഷ സർക്കാറുകൾ നടപ്പാക്കിവരുന്ന കടുത്ത വലതുപക്ഷ നയങ്ങളാണ് വിജ്ഞാപനത്തിലുടനീളം. രാജഭരണ കാലത്തെപ്പോലും തോൽപിക്കുംവിധമുള്ള ഫ്യൂഡൽ മാടമ്പി സംസ്കാരത്തിന്റെ തികഞ്ഞ പ്രതിഫലനമാണത്.
കെ.എസ്.ആർ.ടി.സിയുടെ ദീർഘദൂര സർവിസുകൾ അറുത്തെടുത്ത് കശാപ്പ് ചെയ്യാൻ അനുവദിക്കില്ല. സ്വിഫ്റ്റ് വരുന്നതോടെ സൂപ്പർ ഫാസ്റ്റ് മുതലുള്ള ദീർഘദൂര സർവിസുകൾ പുതിയ കമ്പനിയിലേക്ക് മാറും. 1500 സൂപ്പർ ക്ലാസ് സർവിസ് സ്വിഫ്റ്റിലേക്ക് മാറുന്നതോടെ ഓർഡിനറി സർവിസ് നഷ്ടത്തിലേക്ക് കൂപ്പുകുത്തും. 8500 തൊഴിലാളികൾ കെ.എസ്.ആർ.ടി.സിയിൽ പുറത്തുനിൽക്കുകയാണ്. പുതിയ കമ്പനികൂടി വരുമ്പോൾ നല്ലൊരു ഭാഗം തൊഴിലാളികൾകൂടി ജോലിയിൽനിന്ന് മാറ്റിനിർത്തിപ്പെടും. പുതിയ നിയമനത്തിന് സർക്കാർ അംഗീകാരം നൽകിയിട്ടുണ്ടോ എന്ന് വ്യക്തമാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
'ആർക്കുവേണ്ടിയാണ് സ്വിഫ്റ്റ്, മന്ത്രി മറുപടി പറയണം'
'എം. പാനലുകാരെ സംരക്ഷിക്കാനെന്ന് പറഞ്ഞു കമ്പനി പ്രഖ്യാപിച്ച മന്ത്രിക്കും എം.ഡിക്കും എം പാനലുകാരെ നിയമിക്കാൻ കഴിയില്ലെന്ന് പരസ്യമായി പറയേണ്ടിവന്നു. പിന്നെ ആർക്കുവേണ്ടിയാണ് കെ. സ്വിഫ്റ്റ്. മന്ത്രിയും എം.ഡിയും മറുപടി പറയണം. ആർ.ടി.സി സ്റ്റാറ്റസ് ഇല്ലാത്ത കമ്പനിയായി കെ. സ്വിഫ്റ്റ് അവതരിക്കുമ്പോൾ അതിനർഥം കേരളമെതിർത്ത മോട്ടോർ വാഹന ഭേദഗതി നിയമത്തിലെ ഫെസിലിറ്റേറ്റർ ആകാനാണ് പുതിയ കമ്പനി തയാറാകുന്നതെന്നല്ലേ....'
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.