ശമ്പളത്തിന് സഹായമില്ലെന്ന് സർക്കാർ അറിയിച്ചതായി കെ.എസ്.ആർ.ടി.സി
text_fieldsകൊച്ചി: ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ ഏപ്രിൽ മുതൽ ധനസഹായം നൽകില്ലെന്ന് സർക്കാർ അറിയിച്ചതായി കെ.എസ്.ആർ.ടി.സി ഹൈകോടതിയിൽ. ഓണക്കാലത്ത് ധനസഹായം നൽകിയപ്പോൾ കോർപറേഷനെയും തൊഴിലാളി യൂനിയൻ നേതാക്കളെയും ഇത് അറിയിച്ചിരുന്നതാണ്. ഡിസംബറിൽ ധനസഹായം നൽകിയപ്പോൾ ചീഫ് സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയും ഇക്കാര്യം ആവർത്തിച്ചതായും കെ.എസ്.ആർ.ടി.സി ലോ ഓഫിസർ പി.എൻ. ഹേന സമർപ്പിച്ച അഡീഷനൽ സത്യവാങ്മൂലത്തിൽ പറയുന്നു. ശമ്പള വിതരണം വൈകുന്നതിനെതിരെ ഏതാനും ജീവനക്കാർ നൽകിയ ഹരജികളിലാണ് വിശദീകരണം. കഴിഞ്ഞ ജൂലൈ മുതൽ ശമ്പളവിതരണത്തിന് സർക്കാർ പ്രതിമാസം 50 കോടി നൽകുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ ശമ്പളത്തിന്റെ 45-50 ശതമാനം എല്ലാ മാസവും അഞ്ചിനുമുമ്പ് നൽകാൻ തയാറാണ്. ബാക്കി തുക സർക്കാറിൽനിന്ന് 50 കോടി കിട്ടുന്നതിന്റെ തൊട്ടടുത്ത ദിവസവും നൽകാം. പ്രതിദിനം വരുമാനം എട്ടുകോടിയായി വർധിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇതു സാധ്യമായാൽ എല്ലാമാസവും ആദ്യയാഴ്ച ശമ്പളം നൽകാനാവും.
സിംഗിൾ ഡ്യൂട്ടി നടപ്പാക്കാൻ യൂനിയനുകൾ സർക്കാറിനോടു സമ്മതിച്ചെങ്കിലും കോടതിയിൽ ചോദ്യം ചെയ്യുകയാണ്. ഇതു നടപ്പാക്കിയാൽ പ്രതിമാസം 20-25 കോടി അധികവരുമാനമുണ്ടാകും. പരിഷ്കരണ നടപടികളോടു യൂനിയനുകൾ മുഖം തിരിഞ്ഞു നിൽക്കുകയാണ്.
ചെലവിനുള്ള സ്രോതസ്സ് കോർപറേഷൻതന്നെ കണ്ടെത്തണമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വായ്പ നൽകാൻ തയാറാകുന്നില്ല. വരുമാനം കണ്ടെത്തുകയെന്നത് ജീവനക്കാരുടെ കൂടി ഉത്തരവാദിത്തമാണ്. പണമില്ലെന്നത് ചിന്തിക്കാതെയും വസ്തുതകളറിയാതെയുമാണ് ഹരജിക്കാർ ശമ്പള വിതരണത്തിന് പദ്ധതി ആവശ്യപ്പെടുന്നതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.