കെ.എസ്.ആർ.ടി.സി ഹൈകോടതിയിൽ; 'സമരം കൂടുതൽ ദുരിതത്തിലാക്കും'
text_fieldsകൊച്ചി: ജീവനക്കാർ സമരം തുടർന്നാൽ സ്ഥാപനത്തിന്‍റെ അവസ്ഥ കൂടുതൽ ദുരിതത്തിലാവുമെന്ന് കെ.എസ്.ആർ.ടി.സി ഹൈകോടതിയിൽ. സമരം തുടർന്നാൽ യാത്രക്കാർ കൂടുതൽ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്ന സ്ഥിതി വരും. ഇപ്പോൾ തന്നെ നഷ്ടത്തിലുള്ള സ്ഥാപനത്തിന് ഇത് താങ്ങാനാവാത്ത അവസ്ഥയുണ്ടാക്കുമെന്നും ഡെപ്യൂട്ടി ലോ ഓഫിസർ പി.എൻ. ഹേന ഹൈകോടതിയിൽ നൽകിയ വിശദീകരണത്തിൽ പറയുന്നു. ജീവനക്കാരുടെ ശമ്പളം വൈകരുതെന്നാവശ്യപ്പെട്ട് ആർ. ബാജിയടക്കമുള്ള ജീവനക്കാർ നൽകിയ ഹരജിയിലാണ് വിശദീകരണം.
ഒന്നുരണ്ട് വർഷത്തികനം കെ.എസ്.ആർ.ടി.സിയുടെ നില മെച്ചപ്പെടുമെന്നും അതോടെ ജീവനക്കാരുടെ പരാതിക്ക് പരിഹാരമാകുമെന്നും വിശദീകരണത്തിൽ പറയുന്നു.
കെ.എസ്.ആർ.ടി.സിയുടെ പ്രവർത്തനച്ചെലവ്, ജീവനക്കാരുടെ ശമ്പളം, പെൻഷൻ എന്നിവക്ക് നിലവിലുള്ള ടിക്കറ്റ് - ടിക്കറ്റേതര വരുമാനങ്ങൾ തികയുന്നില്ല. ഈ വർഷം ശമ്പളം - പെൻഷൻ വിതരണത്തിനായി സർക്കാർ ഇതുവരെ 105 കോടിയിലേറെ നൽകി. ജീവനക്കാരുടെ കാര്യക്ഷമത വർധിപ്പിക്കാനുള്ള നീക്കത്തെ തുടർന്ന് മാസംതോറും 17 കോടി രൂപ ലാഭിക്കാൻ കഴിഞ്ഞെങ്കിലും സമരത്തെത്തുടർന്ന് 25 കോടി രൂപയുടെ നഷ്ടമുണ്ടായി. ഇന്ധനച്ചെലവ് കുറക്കുക, ടിക്കറ്റിലൂടെയല്ലാത്ത മറ്റ് വരുമാനം വർധിപ്പിക്കുക, ജീവനക്കാരുടെ കാര്യക്ഷമത വർധിപ്പിക്കുക എന്നിവയിലൂന്നിയ ശ്രമങ്ങൾ നടന്നുവരുന്നു. സുശീൽഖന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചില നടപടികളും ആരംഭിച്ചിട്ടുണ്ട്. ഹരജി ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് പരിഗണിക്കുന്നത്.
വിമർശനവുമായി ആനത്തലവട്ടം
തിരുവനന്തപുരം: തൊഴിലാളികൾക്കെതിരെ ഗതാഗതമന്ത്രിയും കെ.എസ്.ആർ.ടി.സി മാനേജ്മെന്റും ആരോപണങ്ങളുന്നയിക്കുന്നതിനിടെ രൂക്ഷ വിമർശനവുമായി സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ. തൊഴിലാളികളുടെ ക്ഷമക്ക് പരിധിയുണ്ടെന്നും അവരാണ് എല്ലാ പ്രശ്നത്തിനും കാരണമെന്ന് പറയുന്നവരെ പുറംകാലുകൊണ്ട് ചവിട്ടിയെറിയുമെന്നും ആനത്തലവട്ടം പറഞ്ഞു. ശമ്പളമുടക്കത്തിനെതിരെ ചീഫ് ഓഫിസിന് മുന്നിൽ ആരംഭിച്ച അനിശ്ചിതകാല സമരവേദിയിലായിരുന്നു പരാമർശം.
'കെ.എസ്.ആർ.ടി.സി പൂട്ടാൻ നീക്കം'
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയെ സ്വാഭാവിക മരണത്തിന് വിധിക്കുകയാണെന്നും പൂട്ടാനുള്ള സാമൂഹികസമ്മർദമുണ്ടാക്കാനാണ് സ്വിഫ്റ്റ് അടക്കമുള്ള നീക്കങ്ങളെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. സ്ഥിരം തൊഴിലാളികൾ ജോലി ചെയ്യുന്ന പൊതുമേഖലാ സ്ഥാപനത്തെ ദുർബലപ്പെടുത്തി മറ്റൊരു കമ്പനി രൂപവത്കരിക്കുകയും അവിടെ കരാറുകാരെ മാത്രം നിയമിക്കുകയും ചെയ്യുന്ന സർക്കാറിനെ എങ്ങനെ ഇടതുപക്ഷ സർക്കാറെന്ന് വിളിക്കുമെന്നും അദ്ദേഹം ചോദിച്ചു.
കെ.എസ്.ആർ.ടി.സിയിലെ ശമ്പളമുടത്തിൽ പ്രതിഷേധിച്ച് ചീഫ് ഓഫിസിന് മുന്നിൽ ടി.ഡി.എഫ് ആരംഭിച്ച അനിശ്ചിതകാല സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.